
എസ് അജോയ്
കോട്ടയം: ഫൃൂറഡാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ സംസ്ഥാനത്ത് നിരോധിച്ചെങ്കിലും വൃത്യസ്ഥ രാസനാമങ്ങളില്‍ ഇവ വീണ്ടുമെത്തുമെന്ന് ആശങ്ക. വേറെ രാസനാമത്തിലും പേരിലും എത്തുന്ന മാരക കീടനാശിനികള്‍ കണ്ടെത്താനും തടയാനുമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് കുറവാണ്. ഈ പഴുതിലൂടെയാവും കീടനാശിനിയുണ്ടാക്കുന്ന വന്‍കിട കമ്പനികള്‍ കടന്നുകയറുക.
ഇപ്പോള്‍ വിപണിയിലുള്ള ജൈവ കീടനാശിനികളില്‍ പലതുംവ്യാജമാണെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. രാസ കീടനാശിനികള്‍ അതിജീവിക്കാന്‍ ശേഷിനേടിയ കീടങ്ങള്‍ക്കു മുന്നില്‍ മികച്ച ജൈവ കീടനാശിനികള്‍ പോലും ഫലപ്രദമല്ല. ഒരു തവണ ഇതുപയോഗിച്ച ശേഷം ഗുണമില്ലെന്നു കാണുമ്പോള്‍ കര്‍ഷകര്‍ വീണ്ടും രാസ കീടനാശിനികളെ അഭയം പ്രാപിക്കും.
സംസ്ഥാനത്തു മാത്രമായി കാര്‍ബോഫൃൂറാന്‍, ഫോറേറ്റ്, മോണോ ക്രോട്ടോഫോസ്, ട്രൈയസോഫോസ് തുടങ്ങിയ കീടനാശിനികള്‍ നിരോധിക്കുന്നത് ഫലപ്രദമാവില്ല. കനത്ത വിഷമരുന്ന് പ്രയോഗത്തിലൂടെ കീടങ്ങള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിയതിനാല്‍ വീര്യം കുറഞ്ഞ മരുന്നുകള്‍ ഗുണം ചെയ്യുമോ എന്ന് കര്‍ഷകര്‍ക്ക് സംശയമുണ്ടെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത് പറയുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന കേന്ദ്രം ഡയറക്ടര്‍ പി വി ബാലചന്ദ്രന്‍ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ബദല്‍ മരുന്നുകളെല്ലാം ഫലപ്രദമാണ്. ജൈവ കീടനാശിനികള്‍ എന്നപേരില്‍ സംസ്ഥാനത്ത് ഇറങ്ങുന്ന വ്യാജന്മരെ കണ്ടെത്താനും ബദല്‍ നിര്‍ദ്ദേശിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഫ്യൂറഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികള്‍ക്കും നിരോധനമുണ്ടാകും. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു.
നെല്ലിലെ തണ്ടുതുരപ്പന്‍, ഗാളീച്ച, മുഞ്ഞ, കരിവണ്ട് തുടങ്ങിയവക്കെതിരെ ഉപയോഗിക്കുന്ന കാര്‍ബോഫ്യൂറാനു പകരം പത്തുതരം കീടനാശിനികള്‍ നിരോധിച്ചവയ്ക്കു പകരം വയ്ക്കേണ്ട കീടനാശിനികള്‍ നിര്‍ദ്ദേശിക്കേണ്ട വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുപോലെ ഫോറേറ്റ്, മോണോ ക്രോട്ടോഫോസ്, ട്രൈയസോഫോസ്, ട്രൈസൈക്ളസോള്‍, എടിഫന്‍ഫോസ് തുടങ്ങിയ കീടനാശിനികള്‍ക്ക് പകരക്കാരെയും സമിതി കണ്ടെത്തി. വിദഗ്ധ സമിതിയുടെ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
കളനാശിനികളുടെയും കീടനാശിനികളുടെയും ഉപയോഗം മനുഷ്യരില്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കളനാശിനികളും കീടനാശിനികളും ഉപയോഗിച്ച് 2 വര്‍ഷത്തിനകം മണ്ണിരകളും ചിലന്തികളും അടക്കം നിരവധി ചെറുജീവികള്‍ കുറയുന്നതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
മനുഷ്യരുടെ ഹോര്‍മോണ്‍ ഉല്‍പ്പാദനം, നാഡിവ്യവസ്ഥയിലെ തകരാര്‍, എല്ലുകളിലെ തേയ്മാനം ,അര്‍ബുദം തുടങ്ങി നിരവധി മാരക രോഗങ്ങള്‍ക്ക് കളനാശിനികളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം വഴിവയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.