വാള്‍മാര്‍ട്ടിന്റെ 'സേവന'ങ്ങള്‍
എസ് അജോയ്
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഗ്രസിച്ച മാന്ദ്യത്തിനു മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കണ്ടെത്തിയ സിദ്ധൌഷധമാണ് റിട്ടെയില്‍ രംഗം വിദേശ ഭീമന്മാര്‍ക്ക് തുറന്നു കൊടുക്കുക എന്നത്. വാള്‍മാര്‍ട്ടും കാരിഫോറും കെ മാര്‍ട്ടും അടക്കമുള്ള ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കുത്തകകള്‍ ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉപഭോക്താവിന് മികച്ച സേവനവും രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ലക്ഷക്കണക്കിനു വരുന്ന ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോകില്ലെന്നീം സമ്പദ്രംഗം വളര്‍ച്ച നേടുമെന്നും ഇവര്‍ പറയുന്നു. എന്താണ് സത്യം?
അമേരിക്കന്‍ വിപണിയുടെ ഏതാണ്ട് സിംഹഭാഗവും കൈയടക്കിയ, ഒരു ലക്ഷത്തിമുപ്പതിനായിരം തൊഴിലാളികളും 4700 സ്റ്റോറുകളുമുള്ള ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നു തന്നെ ഈ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാകും.
ലോകത്ത് പട്ടിണിയും ദാരിദ്രവും വളര്‍ത്തുന്നതില്‍ വാള്‍മാര്‍ട്ട് വഹിച്ച പങ്ക് മുതലാളിത്തത്തിന്റെ വക്താക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി പഠനങജള്‍ പുറത്തു വന്നിട്ടുണ്ട്. 'സോഷ്യല്‍ സയന്‍സ് ക്വാര്‍ട്ടേര്‍ലി' എന്ന പ്രസിദ്ധീകരണത്തില്‍, ഇന്ത്യക്കാരിയായ ഹേമാ സ്വാമിനാഥനും (ഇവര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ വിമന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകയാണ്) പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ കാര്‍ഷിക,സാമ്പത്തിക വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ ഗോറ്റ്സും ചേര്‍ന്നു നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഏകദേശം 20,000 കുടുംബങ്ങളെ പ്രത്യക്ഷമായി വാള്‍മാര്‍ട്ട് ദാരിദ്രരേഖക്കു താഴേക്കു തള്ളിവിട്ടു എന്നു വ്യക്തമാക്കുന്നു. ഇവരില്‍ വാള്‍മാര്‍ട്ടിലെ ജീവനക്കാരുമുണ്ട്് എന്നതാണ് ഏറെ രസകരം. മിനിമം വേതനം പോലും നല്‍കാത്തതാണ് ഇതിനു കാരണം. ചെറുകിടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ തൊഴിലില്ലായ്മയുടെ കണക്ക് വേറെയാണെന്ന് ഇവര്‍ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥക്കും അമേരിക്കയിലെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ക്കും എന്നും എതിരായിരുന്നു വാള്‍മാര്‍ട്ട്. ലളിതമായി പറഞ്ഞാല്‍ ലോകവിപണിയില്‍ നിന്നും കുറഞ്ഞ വിലക്ക് അവര്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നു. ഇതു വഴി അമേരിക്കയിലെ തൊഴില്‍ ഇല്ലാതാകും. മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് വീണ്ടും വിലകുറച്ച് ഉല്‍പ്പന്നങ്ങള്‍ കിട്ടാന്‍ അവര്‍ സമ്മര്‍ദ്ദം ശക്തമാക്കും. ഈ രാജ്യങ്ങളിലെ തൊഴിലാളികളടെ കൂലി ഇതോടെ കുറയും. ഇത് അടിമപ്പണിക്കു സമാനമായ സാഹചര്യം സ്യഷ്ടിക്കുന്നു. കൂടാതെ അനധികൃതമായി ഇവര്‍ അമേരിക്കയിലേക്ക് തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നു. ഇതും അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നു. എന്നാല്‍ ഈ ലാഭം ഇവര്‍ ഉപഭോക്താവിന് കൈമാറുന്നുമില്ല.
ലോകമെമ്പാടുമുള്ള കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്തുള്ള അവരുടെ വളര്‍ച്ചക്ക് ഭരണ നേത്യത്വങ്ങള്‍ ഒത്താശ ചെയ്തുകൊടുത്തു. അമേരിക്കയില്‍ ഏറ്റവും കുറവ് കൂലി നല്‍കുന്ന സംഘടിത വ്യവസായമാണ് വാള്‍മാര്‍ട്ട്. ചെറിയതോതിലെങ്കിലും തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നത് അവര്‍ ശക്തമായി തടയുന്നു. സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലും ഉയര്‍ന്നസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാതിരിക്കാനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നു. ചെറിയ കടകള്‍ ഏതാണ്ട് മുഴുവന്‍ തന്നെ അമേരിക്കയില്‍ അടച്ചു പൂട്ടി. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും വാള്‍മാര്‍ട്ട് വന്‍കിട കര്‍ഷകരെ മാത്രം വളര്‍ത്തി. ഇതുവഴി ലക്ഷക്കണക്കിനു ചെറുകിട കര്‍ഷരാണ് വഴിയാധാരമായത്. ഭക്ഷ്യധാന്യരംഗത്തെ ഊഹക്കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്ന വാള്‍മാര്‍ട്ട് കുറഞ്ഞ വിലക്കു വാങ്ങുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലാഭം ഉപഭോക്താവിലേക്കു കൈമാറുന്നില്ല എന്നു ചില പഠനങ്ങള്‍ കാട്ടുന്നു.
അമേരിക്കന്‍ പ്രവിശ്യയായ അര്‍ക്കന്‍സാസിലെ ബെന്‍ന്റണ്‍ വില്ലയില്‍ 1962ലാണ് വാള്‍മാര്‍ട്ടിന്റെ ജനനം. സാം വാള്‍ട്ടണ്‍ സ്ഥാപിച്ച വാള്‍മാര്‍ട്ട് 1988ല്‍ അവരുടെ ആദ്യ സൂപ്പര്‍സെന്റര്‍ വാഷിംങ്ങ്ടണില്‍ ആരംഭിച്ചു. തെക്കന്‍ പ്രവിശ്യകളില്‍ നിന്ന് പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കും തുടര്‍ന്ന് അമേരിക്കയെങ്ങും വാള്‍മാര്‍ട്ട് തരംഗമായി പടര്‍ന്നു. 2002ല്‍ ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനായി ഇവര്‍ മാറി. വെറും രണ്ടു പതിറ്റാണ്ടുകൊണ്ടാണ് അമേരിക്കന്‍ രാഷ്ട്രീയത്തെപ്പോലും നിയന്തിക്കാന്‍ കഴിവുള്ള വിധം വാള്‍മാര്‍ട്ട് വളര്‍ന്നത്.
അമേരിക്കക്കാരന്‍ ' മോം ആന്റ് പോപ്പ് ഷോപ്പ് ' എന്നു പറയുന്ന സാധാരണ കടകളേക്കാള്‍ വലിയ ഏകദേശം 10,000 ചതുരശ്ര അടിവരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളായിരുന്നു വാള്‍മാര്‍ട്ടിന്റെ പ്രത്യേകത. ആദ്യകാലത്ത് കൂറ്റന്‍ ഭക്ഷ്യസംഭരണശാലകള്‍ ഇവര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി മാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ടു ലക്ഷം ചതുരശ്രഅടി വരുന്ന സൂപ്പര്‍ സെന്ററുകളുടെ വരവായി. ന്യൂയോര്‍ക്കിലെ ക്രോസ് ഗേറ്റ്കോമണ്‍സിലെ 2,60,000 ചതുരശ്രഅടി വരുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയത്.
1980കളില്‍ അധികാരത്തില്‍ വന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് അമേരിക്കയില്‍ റീട്ടെയില്‍ രംഗത്ത് മുതലാളിമാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതോടെ കുറഞ്ഞ കൂലിക്ക് കൂടുതല്‍ ചൂഷണം എന്ന നയം നടപ്പാക്കാന്‍ അവര്‍ക്കായി. 'പുതിയ നയം വഴി കൂലിയിനത്തില്‍ കോടിക്കണക്കിന് ഡോളറാണ് വാള്‍മാര്‍ട്ടിന് ലാഭിക്കാനായത്'- അമേരിക്കയുടെ റീട്ടെയില്‍ സെക്ടറിനെപ്പറ്റി പഠിച്ച് പുസ്തകമെഴുതിയ നില്‍ ലിച്ചെന്‍സ്റ്റീന്‍ പറയുന്നു.
ഏതെങ്കിലും തൊഴിലാളി യൂണിയനില്‍ എന്നെങ്കിലും അംഗമായവരെ പണിക്കെടുക്കേണ്ടെന്നാണ് മാനേജര്‍മാര്‍ക്ക് വാള്‍മാര്‍ട്ട് നല്‍കിയിരിക്കുന്ന കല്‍പ്പന. ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആസ്ഥാനമായ ബെന്‍റ്റണ്‍വില്ലയില്‍ നിന്ന് ആളെത്തും. തൊഴിലാളി യൂണിയനുകള്‍ ുണ്ടാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കിയിട്ടേ അവര്‍ തിരിച്ചു പോകൂ. തൊഴില്‍ സമരങ്ങളെ ഇല്ലാതാക്കാന്‍ മാനേജമാര്‍ക്ക് ഇതു സംബന്ധിച്ച കൈപ്പുസ്തകം വിതരണം ചെയ്യും. ആഴ്ച തോറു ലേബര്‍ റിലേഷന്‍ ക്ളാസുകള്‍ എന്നപേരില്‍ യൂണിയന്‍ വിരുദ്ധ ക്ളാസുകളുമുണ്ട്.
എന്താണ് ഇതിന്റെ ഫലം? യുണിയനുകള്‍ സജീവമായ മറ്റ് സ്റ്റോറുകളെ അപേക്ഷിച്ച് 23 ശതമാനം വേതനം കുറവാണ് വാള്‍മാര്‍ട്ടില്‍ എന്നു പഠനങ്ങള്‍ കാട്ടുന്നു. വാള്‍മാര്‍ട്ടിലെ സ്ഥിരം ജീവനക്കാരില്‍ മൂന്നില്‍ രണ്ടു ശതമാനം പേരുടെ വാര്‍ഷിക വരുമാനം ദാരിദ്രരേഖക്കു താഴെയുള്ളവരുടേതിനൊപ്പമാണ്. ആരോഗ്യ ഇന്‍ഷുസന്‍സ് നിര്‍ബന്ധമാക്കിയ അമേരിക്കയില്‍ വാള്‍മാര്‍ട്ട് ജീവനക്കാരിലെ 28 ശതമാനം മാത്രമാണ് ഈ പരിധിയില്‍. തൊഴിലാളികള്‍ക്കായി പണം മുടക്കാന്‍ അവര്‍ തയ്യാറല്ലാത്തതു തന്നെ കാരണം. അധികമായി ജോലി ചെയ്താല്‍ അലവന്‍സ് നലകുന്ന പതിവും വാള്‍മാര്‍ട്ടിനില്ല.
അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ വരെ വാള്‍മാര്‍ട്ടിന്റെ വരുതിക്ക് തുള്ളി സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയാണ്.
അമേരിക്കയിലെ എറ്റവും വലിയ ഇലക്ട്രിക് ഉല്‍പ്പന്ന നിര്‍മാതാക്കളില്‍ ഒന്നാണ് ജി ഇ എന്ന ചുരുക്കപ്പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ജനറല്‍ ഇലക്ട്രിക് കമ്പനി. വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നായ ഇവര്‍ കഴിഞ്ഞ 7 വര്‍ഷത്തിനകം അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. മെക്സിക്കോയിലും ചൈനയിലും മറ്റുമായി ഇവര്‍ തങ്ങളുടെ ഫാക്ടറികള്‍ സ്ഥാപിക്കുകയായിരുന്നു.
ലിവൈസ് എന്നറിയപ്പെടുന്ന ലെവി സ്ട്രൌസ് എന്ന കുത്തക ജീന്‍സ് ഉല്‍പാദകര്‍ അമേരിക്കയിലെ തങ്ങളുടെ നാല് ഫാക്ടറികള്‍ അടച്ചുപൂട്ടി ഉല്‍പ്പാദനം ഏഷ്യയിലേക്കും ലാറ്റിനമേരിക്കയിലേക്കും മാറ്റി. ഇതിനെ തുടര്‍ന്ന് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ ഇല്ലാതായി. ഇവരും വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരാണ്. ന്യൂവെല്‍ റബര്‍ മെയിഡ്. ഡയല്‍ സോപ്പ്സ്..... അങ്ങനെ നീളുന്നു ഇങ്ങനെ വ്യവസായം അമേരിക്കയില്‍ നിന്നു മാറ്റിയ കമ്പനികളുടെ എണ്ണം.
എന്താണിതിനു കാരണം? ഇത്തരം കമ്പനികളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് വാള്‍മാര്‍ട്ട്. ഇടക്കിടെ വാള്‍മാര്‍ട്ട് ഉല്‍പ്പനനങ്ങളുടെ വിലകുറയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. ഇതേതുടര്‍ന്ന് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവും. തുടര്‍ന്ന് കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് ഇവര്‍ ചേക്കേറും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതേ തന്ത്രമാണ് വാള്‍മാര്‍ട്ടിന്. ഭാവിയില്‍ ഇന്ത്യയിലും ഇതേ തന്ത്രമാവും ഇവര്‍ സ്വീകരിക്കുക. ഇന്ത്യയേക്കാര്‍ കുറഞ്ഞ വിലക്ക് മറ്റേതെങ്കിലും രാജ്യത്തുനിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലഭിച്ചാല്‍ അവര്‍ അതു വാങ്ങും. പ്രാദേശിക വിപണി നഷ്ടപ്പെട്ട കര്‍ഷകനെ കുത്തകകള്‍ കൂടി കൈയൊഴിഞ്ഞാലുള്ള ദുരന്തം ആലോചിക്കാവുന്നതേയുള്ളൂ.
എന്നാല്‍ ഇവരെ ചെറുക്കാമെന്നു കരുതിയാലോ? 2000ല്‍ മാസ്റ്റര്‍ലോക്ക് എന്ന അമേരിക്കന്‍ കമ്പനി ഇത്തരത്തിലൊരു ചെറുത്തു നില്‍പ്പിനു ശ്രമിച്ചു. പെട്ടെന്ന് തന്നെ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ട് എടുക്കാതായി. കമ്പനി നഷ്ടത്തിലായി. നിരവധി പേര്‍ക്കു തൊഴിലും നഷ്മായി. ഏകാധിപതികള്‍ ഭരിക്കുന്ന ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തൊഴിലടിമ ലേബര്‍ ക്യാമ്പുകള്‍ വാള്‍മാര്‍ട്ട് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക എതിരാളിയെ തകര്‍ക്കാനായി ഉല്‍പ്പന്നങ്ങള്‍ വിലകുറച്ചു വില്‍ക്കുന്നതും വാള്‍മാര്‍ട്ട് തന്ത്രമാണ്. ഇത്തരം നിരവധി കേസുകള്‍ അമേരിക്കന്‍ കോടതികളില്‍ നിലവിലുണ്ട്.
2004ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ലിന്‍ഡന്‍ ലാ റൂഷ് വാള്‍മാര്‍ട്ടിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാള്‍മാര്‍ട്ടിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. 'അമേരിക്കയില്‍ തൊഴിലില്ലായ്മയുണ്ടാക്കുന്നത് വാള്‍മാര്‍ട്ടാണ്. അവര്‍ പ്രതിനിധാനം ചെയ്യുന്നത് ആഗോളവല്‍ക്കരണത്തെയാണ്. അമേരിക്കയില്‍ പട്ടിണിയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്നു. വാള്‍മാര്‍ട്ടിനെ രാജ്യത്തുനിന്ന് തുടച്ചുമാറ്റണം.' അദ്ദേഹം പറഞ്ഞു.
വാള്‍മാര്‍ട്ട് സ്ഥാപനങ്ങളില്‍ സ്ത്രീകളെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് പ്രമോട്ട് ചെയ്യാറില്ല. ഇതിനെതിരെ പടപൊരുതിയ വനിതാ പത്രപ്രവര്‍ത്തക ലിസ ഫെതര്‍സ്റ്റോണിന്റെ അഭിപ്രായത്തില്‍ അമേരിക്കയില്‍ ദാരിദ്രം വളര്‍ത്തുന്നത് വാള്‍മാര്‍ട്ടാണ്.' നഗര ഹൃദയങ്ങളില്‍ വാള്‍മാര്‍ട്ട് തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാറില്ല. പാവപ്പെട്ടവനും മധ്യവര്‍ഗ്ഗക്കാരനും താമസിക്കുന്ന പ്രദേശങ്ങളിലാണ് അവരുടെ കണ്ണ്. ഇക്കൂട്ടരുടെ ക്രെഡിറ്റ് കാര്‍ഡാണ് വാള്‍മാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത്. വാള്‍മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അനിയന്ത്രിതമായി വാങ്ങിക്കൂട്ടി ദരിദ്രരാവുന്നവര്‍ക്ക് വാള്‍മാര്‍ട്ടില്‍ ജോലിക്കു നില്‍ക്കാം. വാള്‍മാര്‍ട്ടിലെ ജോലിക്കാര്‍ക്ക് അവിടുത്തെ കുറഞ്ഞ കൂലി കൊണ്ട് വാള്‍മാര്‍ട്ടില്‍ നിന്ന് പിന്നെ സാധങ്ങള്‍ വാങ്ങാനുമാവില്ല'-അവര്‍ പറയുന്നു.
ചെറുകിട ഇടത്തരം കച്ചവടക്കാരെ ആഗോളക്കുത്തകകളുടെ വരവ് ബാധിക്കില്ലെന്നു വാദിക്കുന്നവരുടെ ശ്രദ്ധക്ക്: 'അമേരിക്കയിലെ പ്രധാനതെരുവുകള്‍ വിജനമായി. ഇവിടെയൊന്നും കച്ചവടക്കാരോ ഉപഭോക്താക്കളോ ഇല്ല.'- ബില്‍ ക്ളിന്റന്റെ കാലത്ത് തൊഴില്‍ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ലീച്ച് പറയുന്നു. റീട്ടെയില്‍ രംഗത്തെ കുത്തകളുടെ കടന്നുവരവ് ചെറുകിടക്കാരെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ നിയമിച്ച പാനല്‍ കണ്ടെത്തിയത് രാജ്യത്തെ 94 ശതമാനം ചെറുകിടക്കാരും ഇല്ലാതായി എന്നാണ്. ഇതു ശരിവയ്ക്കുന്നായിരുന്നു എമക് ബാസ്കേര്‍, എലീന ഇര്‍വിന്‍ തുടങ്ങിയവര്‍ നടത്തിയ പഠനങ്ങള്‍.
ഇതിലും ഭീകരമാണ് കാര്‍ഷിക രംഗത്തെ സ്ഥിതി. അമേരിക്കന്‍ സര്‍ക്കാരിന്റെ വന്‍ സബ്സിഡി പറ്റുന്ന വിരലിലെണ്ണാവന്ന വന്‍കിട കര്‍ഷകരും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിലകുറച്ചു വാങ്ങുന്ന ഏതാനും റീട്ടെയില്‍ ഭീമന്മാരും എന്നതാണ് അമേരിക്കയിലെ നില. ഇടത്തരം ചെറുകിട കര്‍ഷകന്‍ വാള്‍മാര്‍ട്ടിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഇല്ലാതായി. അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ കണക്കു പ്രകാരം പച്ചക്കറിയുടെ വില്‍പ്പന വിലയില്‍ 24 ശതമാനവും പഴവര്‍ഗങ്ങളുടെ വിലയില്‍ 30 ശതമാനത്തിന്റെയും വര്‍ധന 2000-2009 കാലത്ത് ഉണ്ടായി. ഇക്കാലത്ത് ഭക്ഷ്യ ചെലവുകളില്‍ 370 ദശലക്ഷം ഡോളറിന്റെ വര്‍ധന ഉണ്ടായപ്പോള്‍ കര്‍ഷകനു കിട്ടിയത്് 85 ദശലക്ഷം ഡോളറിന്റെ വര്‍ധന മാത്രം.
ബാക്കി വരുന്ന ഭീമന്‍ തുകകള്‍ പോയത് എങ്ങോട്ടെന്നു വ്യക്തം. ഇത്തരം നഗ്നമായ ചൂഷണത്തെ ചെറുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു പോലും കഴിയുന്നില്ല. 1990കളില്‍ അമേരിക്കയിലുണ്ടായ ഭക്ഷ്യപ്രതിസന്ധിയില്‍ ലാഭമുണ്ടാക്കിയത് മുഴുവന്‍ വാള്‍മാര്‍ട്ടും കൂട്ടാളികളുമായിരുന്നുവെന്നും കര്‍ഷകന്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നിസഹായനായി നില്‍ക്കുകയായിരുന്നുനെന്നും വില്യം ജറീഡര്‍ 'ദ നേഷനി'ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ഇത്തരം കുത്തകകളുടെ തന്ത്രം വ്യക്തമാണെന്ന് 5 വര്‍ഷം മുമ്പ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം പറയുന്നു.' തുടക്കത്തില്‍ കര്‍ഷകര്‍ക്കു നല്ല വില നല്‍കുന്ന ഇവര്‍ ഉല്‍പ്പന്ന വില ക്രമാനുഗതമായി കുറച്ചുകൊണ്ടിരിക്കും. പ്രാദേശിക വിപണി ഉപേക്ഷിച്ച് കുത്തകള്‍ക്കൊപ്പം ചേര്‍ന്ന കര്‍ഷകന് കുത്തകകള്‍ പറയുന്ന വിലക്ക് ഉല്‍പ്പന്നം നല്‍േകണ്ടി വരും. നഷ്ടം സഹിക്കാതാവുമ്പോള്‍ ക്യഷിപ്പാടം കര്‍ഷകര്‍ കുത്തകകള്‍ പറയുന്നവര്‍ക്ക് പാട്ടത്തിനു നല്‍കും. ഇങ്ങനെ കാര്‍ഷികരംഗത്ത് കുത്തകകള്‍ ആധിപത്യം സ്ഥാപിക്കും. ഉദാഹരണത്തിന് തായ്ലന്റില്‍ 5 വര്‍ഷം കൊണ്ട് അവിടുത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖല കാര്‍ഷിക ഉല്‍പ്പന്ന വിതരണക്കാരുടെ എണ്ണം 250ല്‍ നിന്ന് 10 ആയി കുറച്ചു. എന്നാല്‍ ഈ ലാഭമൊന്നും അവര്‍ ഉപഭോക്താവിന് കൈമാറിയുമില്ല.
ഇതൊക്കെയാണ് റിട്ടെയില്‍ ഭീമന്മാര്‍ സ്വന്തം രാജ്യങ്ങള്‍ക്ക് നല്‍കുന്ന 'സേവനങ്ങള്‍'.