Monday, July 25, 2011

ആഭ്യന്തരറബര്‍ ആവശ്യത്തിലേറെ;

ആഭ്യന്തരറബര്‍ ആവശ്യത്തിലേറെ;
എന്നിട്ടും ഇറക്കുമതി
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ആഭ്യന്തര റബര്‍ ആവശ്യത്തിലേറെയുള്ളപ്പോള്‍. ഈ സാമ്പത്തികവര്‍ഷത്തില്‍ റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉല്‍പാദനത്തിലും സംഭരണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റബര്‍ ഉല്‍പ്പാദനം 1.75 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ റബറിന്റെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷത്തെ കണക്കുപ്രകാരം 2,47,442 ടണ്‍ റബര്‍ സ്റ്റോക്കുണ്ട്. ഈ വര്‍ഷം ജൂണിലെ മാത്രം ഉല്‍പാദനം 59,200 ടണ്‍ ആണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി അനാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
റബര്‍ ഉല്‍പാദനവും സ്റ്റോക്കും വലിയ വ്യതിയാനങ്ങളില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഉടന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. കര്‍ഷകന് മികച്ച വില ലഭിക്കുന്നഘട്ടത്തില്‍ റബര്‍ ഇറക്കി വിലയിടിക്കാന്‍ കഴിയും. കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചുവച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകര്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കും. ഇതോടെ വിലയിടിയും. ഇറക്കുമതി  തീരുമാനം വന്നതോടെ റബറിന്റെ ആഭ്യന്തരവിലയില്‍ ഒരു രൂപ കുറഞ്ഞു. തിങ്കളാഴ്ച ആര്‍എസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 215 രൂപയായിരുന്നത് ബുധനാഴ്ച 214 രൂപയായി കുറഞ്ഞു.

Sunday, July 24, 2011

എച്ച് 1 എന്‍ 1 പടരുമെന്ന് ആശങ്ക ആരോഗ്യവകുപ്പിന് ജാഗ്രതക്കുറവ്

എസ് അജോയ്
കോട്ടയം: സംസ്ഥാനത്ത് മഴ കനത്തതോടെ എച്ച് 1 എന്‍ 1 രോഗം പടരുമെന്ന് ആശങ്ക. ഇപ്പോഴുള്ള എച്ച് 1 എന്‍ 1  വൈറസ് കുറേക്കൂടി അപകടകാരിയാണെന്നാണ് സൂചന. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസിന്റെ സാമ്പിള്‍ പൂണൈയിലെ ആസ്ഥാനത്തേക്ക് അയച്ചു. ഏതാനും ദിവസത്തിനകം വൈറസിന്റെ സ്വഭാവം സംബന്ധിച്ച് വ്യക്തമാകും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആരോഗ്യവകുപ്പിന്റെ ജാഗ്രതക്കുറവ് ഏറെ വിമര്‍ശനമായി. പല ആശുപത്രികളിലും അസുഖത്തെ നേരിടാനുള്ള ഒസള്‍ട്ടാവിമിര്‍(ടമിഫ്ളൂ) മരുന്നില്ല. പലസ്ഥലങ്ങളിലും ഡോക്ടര്‍മാരുടെ കുറവും ജനരോഷത്തിനിടയാക്കി.
കഴിഞ്ഞ വര്‍ഷം എച്ച്വണ്‍ എന്‍വണ്‍ രോഗത്തെ നേരിടാന്‍ വ്യാപകമായ ഒരുക്കങ്ങളായിരുന്നു ആരോഗ്യ വകുപ്പ് നടത്തിയത്.ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും വേണ്ടത്ര നല്‍കിയിരുന്നു. പ്രത്യേക എച്ച്വണ്‍ എന്‍വണ്‍ വാര്‍ഡുകള്‍  രൂപീകരിച്ചു. ഐസിയുകള്‍  സജ്ജമാക്കി. മിക്ക ആശുപത്രികളിലും പ്രത്യേക വാര്‍ഡുകളും രൂപീകരിച്ചു. മരുന്നുകളും യഥേഷ്ടമുണ്ടായിരുന്നു.ഡോക്ടര്‍മാരും ആവശ്യത്തിനുണ്ടായിരുന്നു.
രോഗത്തിനെതിരെ 75 ശതമാനം മലയാളികളും പ്രതിരോധം നേടിയിട്ടില്ലെന്നാണ് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററും ആരോഗ്യ വകുപ്പും നടത്തിയ പഠനത്തിലുള്ളത്. 2009 ന് ശേഷം കേരളത്തില്‍ 3150 പേര്‍ക്ക് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചിരുന്നു.
2009, 2010 വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ മഴ ശക്തി പ്രാപിച്ച ശേഷമാണ് രോഗം പെരുകിയതെന്നു കാണാം.കാലവര്‍ഷത്തിനുശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ഗര്‍ഭിണികള്‍ക്ക് രോഗ സാധ്യത ഏറെയാണ്. അതിനാല്‍ ഇക്കൊല്ലം ഗര്‍ഭിണികളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ വര്‍ഷം ഒരാള്‍ അസുഖം ബാധിച്ച് മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, പാലക്കാട്  ജില്ലകളിലാണ് രോഗം കൂടിയത്.   
രോഗലക്ഷണങ്ങള്‍
എച്ച് 1 എന്‍1 പനിക്ക് സാധാരണ പനിയുടെ ലക്ഷണങ്ങളാണ്. ഇത് 'ഇന്‍ഫ്ളുവന്‍സ എ' എന്നറിയപ്പെടുന്നു. പനി, കഫക്കെട്ട്, ശരീരവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണം. ചില രോഗികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ആണ് മറ്റൊരാളിലേക്ക് രോഗം പകരുക.
മുന്‍കരുതല്‍
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് വായ പൊത്തുക.
* ചെറിയ പനി വന്നാലും ഡോക്ടറെ കാണുക, സ്വയം ചികിത്സ ഒഴിവാക്കുക.
* രോഗം വന്നാല്‍ എറ്റവും മികച്ച ചികിത്സ വിശ്രമം തന്നെ.
* ആരോഗ്യകരമായ ജീവിത രീതികള്‍ ശീലിക്കുക.
* പനിയോ ചുമയോ പെട്ടെന്ന് കൂടുകയോ മാറാതിരിക്കുകയോ ചെയ്യുന്നത് ഗൌരവത്തോടെ കാണുക.
* ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

Wednesday, July 20, 2011

റബര്‍ ഇറക്കുമതി റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും
 എസ് അജോയ്

കോട്ടയം: നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിലെ റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്ന ആഭ്യന്തര റബര്‍ കര്‍ഷകന് ഇനി ബുദ്ധിമുട്ടിന്റെ നാളുകളാവും എന്നാണ് സൂചന. പുതിയ ഇറക്കുമതി തീരുമാനത്തോടെ ഇനി സ്ഥിരമായി ആഭ്യന്തരറബറിന്റെ വില അന്താരാഷ്ട്ര വിലയേക്കാള്‍ താഴെയാകും.
ഇറക്കുമതി റബറിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കുറച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. കേന്ദ്ര തീരുമാന പ്രകാരം 2011 ഏപ്രില്‍ മുതല്‍  കിലോയ്ക്ക് 20 രൂപയായിരുന്നു തീരുവ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീരുവ കിലോയ്ക്ക് 15 രൂപയായി കുറയും. തീരുവ ഒരു വര്‍ഷത്തിനകം ഇനിയും കുറഞ്ഞേക്കാം.
ഉടന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. അതായത് കര്‍ഷകന് മികച്ച വില ലഭിക്കുന്ന ഘട്ടത്തില്‍ റബര്‍ ഇറക്കി വില ഇടിക്കാന്‍ കഴിയും.  ഈ വര്‍ഷം കൂടുതല്‍ മികച്ച വില കര്‍ഷകന്‍ പ്രതീക്ഷിക്കേണ്ട എന്നു ചുരുക്കം.
കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചു വെച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകന്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കാന്‍ തുടങ്ങും. ഇതോടെ വില ഇടിയും.
2 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു ടയര്‍ ഉല്‍പ്പാദകര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാം എന്നാണ് വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. തല്‍ക്കാലം 40,000 ടണ്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏതുസമയവും ബാക്കിയുള്ള 60,000 ടണ്‍കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുവാദം നല്‍കുമെന്ന് സൂചനയുണ്ട്. ഇതുകൂടി പ്രാവര്‍ത്തികമായാല്‍ ആഭ്യന്ത റബറിന്റെ വില എംആര്‍എഫ് അടക്കമുള്ള ടയര്‍കുത്തകകള്‍ നിയന്ത്രിക്കുന്ന സ്ഥിതിയാകും.
ബജറ്റിലോ അല്ലെങ്കില്‍ തുടര്‍ന്നുള്ള കൂട്ടിച്ചേര്‍ക്കലിലോ ആണ്ഇറക്കുമതി തീരുവ കൂട്ടുന്നതോ കുറയ്ക്കുന്നതോ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഈ തീരുമാനം പെട്ടെന്ന് പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന്  കേരളാ കോണ്‍ഗ്രസ്് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു. കര്‍ഷകവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിക്ക്് അനുവാദം നല്‍കിയത് ആഭ്യന്തര റബറിന്റെ വിലയിടിക്കുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പറഞ്ഞു.

Monday, July 4, 2011

വിദ്യാഭ്യാസ കച്ചവടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം

എസ് അജോയ്
കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന്  കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ സ്വാശ്രയ പ്രശ്നത്തില്‍ ജനവിരുദ്ധ നിലപാട് എടുക്കുന്നതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം പുകയുന്നു. സ്വാശ്രയ പ്രശ്നത്തില്‍ അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുത്ത് മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മാത്യക കാട്ടുമ്പോള്‍ ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ ഒപ്പം ചേര്‍ന്ന് മാനുഷികമുഖം നഷ്ടപ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ഇപ്പോള്‍ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് അഖില മലങ്കര ഓര്‍ത്തഡോക്സ് അല്‍മായ വേദി ജനറല്‍സെക്രട്ടറി തോമസ്ചാണ്ടി പറഞ്ഞു. മെഡിക്കല്‍ കോളജ് ഇപ്പോള്‍ ചില വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റാണ്. ഇവര്‍ സഭയുടെ സല്‍പ്പേര് പണയം വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന് സാമൂഹ്യ നീതിയെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ അമല,ജൂബിലി,പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ക്ക് പുറത്തുള്ള ഏക കത്തോലിക്കേതര മെഡിക്കല്‍ കോളജാണ് കോലഞ്ചേരി. കോലഞ്ചേരി കോളേജിന്റെ ജോര്‍ജ് പോളിനെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഔദ്യോഗിക വക്താവാക്കിയത് ഗൂഡ ലക്ഷ്യത്തോടെ ആണെന്നും സഭാ വിശ്വാസികള്‍ക്ക് സംശയമുണ്ട്. ജനവിരുദ്ധ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും  ചാനല്‍ ചര്‍ച്ചകളില്‍ ഈ തീരുമാനങ്ങള്‍ക്കു വേണ്ടി ജോര്‍ജ് പോള്‍  വാദിക്കുന്നതുംസഭയുടെ പ്രതിഛായയെ മോശമായി ബാധിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് സഭയുടെ ഭാഗമല്ലാത്തതു കൊണ്ട് ജോര്‍ജ് പോള്‍ മലങ്കരഓര്‍ത്തഡോക്സ് സഭയുടെ ഇന്റര്‍ ചര്‍ച്ച് പ്രതിനിധിയല്ല. വ്യവസായിയായ ജോര്‍ജ് പോള്‍ സഭാ ട്രസ്റ്റികളുടെ പ്രതിനിധി മാത്രമാണ്. ഇവര്‍ നടത്തുന്ന വിദ്യാഭൃാസ കച്ചവടത്തില്‍ സഭയ്ക്കു പങ്കുണ്ടോയെന്ന് വിശ്വാസികള്‍ ചോദിക്കുന്നു.
 സഭ നേരിട്ടു നടത്തുന്ന പീരുമേട്ടിലെ മാര്‍ഗ്രിഗോറിയോസ് എഞ്ചിനീയറിങ്ങ് കോളേജില്‍ സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. സഭ നടത്തുന്ന മിക്കവാറും എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളും  ലാഭേഛയല്ലാതെ നടത്തുന്നവയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകളയുന്ന രീതിയിലാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം. കണ്ടനാട് ഭദ്രാസനത്തിലെ ഡോ.തോമസ് മാര്‍ അത്താനാസ്യോസാണ് ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്. എന്നാല്‍ ഇതൊരു ആലങ്കാരിക പദവി മാത്രമാണ്.
 സാധുക്കള്‍ക്ക് സൌജന്യമായും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവിലുംചികില്‍സ നല്‍കാനാണ് ഡോ.കെസി മാമന്റെയും ഫിലിപ്പോസ് മാര്‍ തിയോഫിലിസിന്റെയും പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെയുമെല്ലാം ശ്രമഫലമായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി തുടങ്ങിയത്. പിന്നീട് ഭരണപരമായ സൌകര്യത്തിന് കോലഞ്ചേരിയിലെ ചില കച്ചവട പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പതുക്കെ ആശുപത്രിയുടെയും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഭരണസാരഥ്യം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിആര്‍ഒയും കോട്ടയം ബസേലിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പിസി ഏലിയാസ് പറഞ്ഞു.സഭയുടെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളുടെ കീഴിലാണ്. ട്രസ്റ്റുകളുടെ ഭരണപരമായ മേല്‍നോട്ടമാണ് സഭയ്ക്ക്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയാണെന്നും അദ്ദേഹം പറഞ്ഞു.
                                          

Monday, June 27, 2011

റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

 എസ് അജോയ്
കോട്ടയം: റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ സംസ്ഥാനത്ത് നഷ്ടമാകുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍. റെയില്‍വെ പാഴ്സല്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിച്ചതിനു പുറകേ ക്ളീനിങ്ങ്, കാറ്ററിങ്ങ്, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളിലും സ്വകാര്യവല്‍ക്കരണം വ്യാപിപ്പിച്ചിരുന്നു. അടുത്തയിടെ എസി അറ്റന്‍ന്റേഴ്സ് വിഭാഗവും റെയില്‍വെ കരാര്‍ ജോലിയാക്കി. ഇതോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥിരം തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് വിന്യസിച്ചെങ്കിലും നൂറുകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്.
റെയില്‍വെ ക്ളീനിങ്ങ് വിഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതോടെ കേരളത്തില്‍ മാത്രം 1000 തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് ദക്ഷിണ റെയില്‍വെ എംപ്ളോയിസ് യൂണിയന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി ജികെ പിള്ള പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ റിട്ടയറിങ്ങമുറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും നടക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ റീട്ടയറിങ്ങ് റൂമുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് റെയില്‍നെ പ്രഖ്യാപിച്ചു. ഈ ശ്രമം വിജയിച്ചാല്‍  മററുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.
റെയില്‍വെ കയറ്റിറക്ക് സ്വകാര്യവല്‍ക്കരിച്ചതോടെ 1400ഓളം പോര്‍ട്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമായി. മുമ്പ് പാഴ്സലുകള്‍ കാൈര്യം ചെയ്തുകൊണ്ടിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് ലഭിക്കാറ്. എന്നാല്‍ ട്രോളി ബാഗുകള്‍ വ്യാപകമായതോടെ ഈ വരുമാനത്തിലും കുറവ് വന്നു. എന്‍ഡിഎ ഭരണകാലത്ത് മമതാ ബാനര്‍ജി റെയില്‍മന്ത്രിയായിരുന്ന കാലത്താണ് കയറ്റിറക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് തിരുവനന്തപുരം, എറണാകുളം സൌത്ത്, കോഴിക്കോട്,ഷൊര്‍ണ്ണൂര്‍,  പാലക്കാട് സ്റ്റേഷനുകളിലായിരുന്നു കരാര്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇപ്പോള്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും കരാര്‍ ജോലി മാത്രമാണുള്ളത്. കോണ്‍ട്രാക്ടര്‍മാര്‍ ചെറിയ കൂലിക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.
റെയില്‍വെ ക്ളീനിങ്ങ്  കരാര്‍ ജോലിയായപ്പോള്‍ സ്റ്റേഷനുകള്‍ വ്യത്തിഹീനമായെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുമ്പോള്‍ ഈ തുകയ്ക്ക് കരാറുകാരന് സ്റ്റേഷനും പരിസരവും വ്യത്തിയായി സൂക്ഷിക്കാന്‍ കഴിയുമോ എന്ന് റെയില്‍വെ പരിശോധിക്കുന്നില്ല. ദിവസം 100 രൂപയ്ക്കാണ് കരാറുകാരന്‍ തൊഴിലാളികളെ നിയമിക്കുന്നത്.
എയര്‍കണ്ടീഷനിങ്ങ് മെയിന്റനന്‍സ് അടക്കമുള്ള മെയിന്റനന്‍സ് ജോലികള്‍, റെയില്‍വെ ലോക്കോപൈലറ്റുമാര്‍ക്ക് വിശ്രമിക്കാനുള്ള റണ്ണിങ്ങ് ബംഗ്ളാവുകള്‍, ബോഗി മെയിന്റനന്‍സ് തുടങ്ങിയ ജോലികളും റെയില്‍വെ ഇപ്പോള്‍ സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്.
ഇതില്‍ എസി അറ്റന്‍റ്റേഴ്സ് സ്വകാര്യവല്‍ക്കരണം യാത്രക്കാരുടെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തിനുശേഷം സര്‍വീസ് മെച്ചമല്ലെന്ന് അവര്‍ പറയുന്നു. കമ്പിളികള്‍ വ്യത്തിയാക്കാറില്ലെന്നും പുതപ്പുകള്‍ പലപ്പോഴും കഴുകാറില്ലെന്നും പരാതിയുണ്ട്.  യാത്രക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സ്വകാര്യവല്‍ക്കരണം പൂര്‍ണ്ണമായി നടപ്പാക്കിയ കേറ്ററിങ്ങ് മേഖലയില്‍ വീണ്ടും റെയില്‍വെ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ചില ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടും റെയിവെ നേരിട്ട് ഭക്ഷണം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐആര്‍സിടിസിയിലെ തൊഴിലാളികള്‍ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
                              

Friday, June 17, 2011

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ നീക്കം

 എസ്  അജോയ്
കോട്ടയം: ദേശീയ വിലനിയന്ത്രണ പട്ടികക്ക് കീഴിലുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയോട് (എന്‍ പി പി എ) കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. അതോറിറ്റിയുടെ പട്ടികയുടെ കീഴിലുള്ള 74 ഇനം രാസഘടനയിലുള്ള മരുന്നുകളില്‍ ചില പ്രധാന ഇനങ്ങളുടെ വില 30 ശതമാനം വരെ കൂട്ടാനാണ് നീക്കം. ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതിനാല്‍ മരുന്നു വില ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മരുന്നു കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍,ഡയോലിന്‍,മെറ്റ്മോര്‍ഫിന്‍, ആസ്തമാരോഗികള്‍ ഉപയോഗിക്കുന്ന സാല്‍ബുട്ടമോള്‍ തുടങ്ങിയ അത്യാവശ്യ മരുന്നുകള്‍ക്കാവും വില വര്‍ധിക്കുക. മാര്‍ച്ച് മാസത്തിലാണ് ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് അതോറിറ്റി വില കൂട്ടിയത്. അന്ന് 62 ഇനം മരുന്നുകള്‍ക്ക് വിലകൂട്ടി,14 ഇനങ്ങള്‍ക്ക് വില കുറച്ചിരുന്നു. 18 ശതമാനം വരെയായിരുന്നു അന്നത്തെ വില വര്‍ധന. പട്ടികയില്‍ 74 തരം രാസഘടനയില്‍പെട്ട മരുന്നുകളുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും26 തരം മാത്രമേ നിലവിലുള്ളൂ.
പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളുടെ വില വര്‍ധന ക്രമാതീതമാണ്. 5 വര്‍ഷത്തിനുള്ളില്‍ മരുന്നു വില ഇരട്ടിയിലധികമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം വിലകയറിയത് 30 ശതമാനം. അര്‍ബുദത്തിനും മറ്റ് മാരക രോഗങ്ങള്‍ക്കുമുള്ള പേറ്റന്റ് മരുന്നുകളുടെ വില വര്‍ധന അഞ്ചിരട്ടിയലധികമാണ്.
എന്നാല്‍ മരുന്ന് കമ്പനികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നല്‍കുന്നത് നല്‍കുന്നത് എംആര്‍പിയുടെ മൂന്നിലൊന്നു വിലയ്ക്കാണ്. അതായത് ഒന്നെടുത്താല്‍ മൂന്ന്. 'ഫ്രീ സ്കീം' എന്നു പേരിട്ടു വിളിക്കുന്ന ഈ തട്ടിപ്പു വഴി മരുന്നു കമ്പനികളും ആശുപത്രികളും കൊയ്യുന്നത് കോടികള്‍.
 യാതൊരു നിയന്ത്രണവുമില്ലാതെയുള്ള വില വര്‍ധനയില്‍ രോഗികള്‍ നട്ടം തിരിയുമ്പോളും 'ഫ്രീ സ്ക്കീം' പദ്ധതിനിര്‍ബാധം തുടരുകയാണ്. 70 ശതമാനം മുതല്‍ 200 ശതമാനം വരെയാണ് മിക്ക മരുന്നു കമ്പനികളും ഫ്രീ നല്‍കുന്നത്. മരുന്നിന്റെ ഈ വിലക്കുറവ് ആശുപത്രികള്‍ രോഗികള്‍ക്ക് കൈമാറുന്നുമില്ല. അതുകൊണ്ടുതന്നെ വിലകൂടിയാല്‍ ആശുപത്രികള്‍ക്ക് ലാഭം കൂടും. സൌജന്യ സ്കീം ഒഴിവാക്കാത്തതു തന്നെ മരുന്നു വില വര്‍ധന അനാവശ്യമാണെന്ന് വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക്കുകള്‍, ജീവന്‍രക്ഷാമരുന്നുകള്‍, ശൈലീരോഗമരുന്നുകള്‍ എന്നീ മരുന്നുകളുടെ കാര്യത്തിലാണ് ഈ പകല്‍ക്കൊള്ള അരങ്ങേറുന്നത്.
വിലനിയന്ത്രണ പട്ടികയില്‍ നിന്ന് രക്ഷപെടാന്‍ ചില മരുന്നുകള്‍ നടത്തുന്ന നീക്കവും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് അമോക്സിലന്‍- കോബ്രാമോക്സിലിന്‍ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ നേരത്തെ വില നിയന്ത്രണത്തിന്റെ പരിധിയിലായിരുന്നു. 500 എംജി മരുന്നിന് മൂന്നു രൂപയായിരുന്നു വില. ഈ രാസഘടനയില്‍ മരുന്നുണ്ടാക്കുന്നത് നിര്‍ത്തി കമ്പനികള്‍ സൈക്ളോക്സിലിന്‍ എന്ന പേരിലായി മരുന്നുണ്ടാക്കല്‍. അപ്പോള്‍ വില 8 രൂപയായി. വിലനിയന്ത്രണ പട്ടികയില്‍ നിന്നു പുറത്തുമായി. ഇത്തരം പരാതികളും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഗൌനിക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.
                                                                  

Wednesday, June 8, 2011

പേരുമാറ്റി ഇരട്ടിവില; മരുന്നു കമ്പനികള്‍കോടികള്‍ കൊയ്യുന്നു

എസ് അജോയ്
കോട്ടയം: പഴയ മരുന്നുകള്‍ പേരുമാറ്റി പുറത്തിറക്കി വന്‍കിട മരുന്നു കമ്പനികള്‍ കോടികള്‍ കൊയ്യുന്നു. പഴയ മരുന്നിന്റെ രാസഘടനയില്‍ ചെറിയ മാറ്റം വരുത്തി പേരുമാറ്റി കൂടുതല്‍ ഫലപ്രദമെന്ന് പ്രചരിപ്പിച്ചാണ്് മരുന്നിന് വന്‍ വില ഈടാക്കുന്നത്. എന്തിനും ഏതിനും മരുന്നുവാങ്ങിക്കുന്ന മലയാളികളാണ് ഈ തട്ടിപ്പിന്റെ പ്രധാന ഇരയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.നിലവിലുള്ള മരുന്നിന്റെ വില വര്‍ധിപ്പിക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരം മരുന്ന് കമ്പനികള്‍ തേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും മരുന്നു കമ്പനികള്‍ക്ക് കഴിയും. ഈ പഴുതിലൂടെയാണ് തട്ടിപ്പ്.
നിലവിലുള്ള മരുന്നിന്റെ വില വര്‍ധിപ്പിക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരം മരുന്ന് കമ്പനികള്‍ തേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും മരുന്നു കമ്പനികള്‍ക്ക് കഴിയും. ഈ പഴുതിലൂടെയാണ് പുതിയ മരുന്നുകള്‍ പുറത്തിറങ്ങുന്നത്.പുതിയതായി പുറത്തിറക്കുന്ന ഇത്തരം മരുന്നുകള്‍ക്ക് മുമ്പുണ്ടായിരുന്ന മരുന്നുകളെക്കാള്‍ മേന്മയൊന്നും അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാണ്. മികച്ച മരുന്നാണെങ്കില്‍ വന്‍ ലാഭം കൊയ്യാനായി പേറ്റന്റ് ഇല്ലാതെ പുതിയ മരുന്നുകള്‍ കുത്തകകള്‍ വിപണിയിലിറക്കാറില്ല.
മരുന്ന് പഴയതിലും മികച്ചതാണെന്നും വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെയാണ് കണ്ടുപിടിച്ചതെന്നും മറ്റും തട്ടിവിട്ടാണ് വന്‍ കൊള്ള. മരുന്നു കമ്പനികളുടെ തന്ത്രം ലളിതം. വന്‍ വിലയിട്ടാണ് ആദ്യം മരുന്ന് പുറത്തിറക്കുക. പേറ്റന്റ് ഇല്ലാത്തതിനാല്‍ മറ്റു കമ്പനികളും ഇതേ മരുന്ന് ഇതേ വിലയ്ക്ക് മാര്‍ക്കറ്റിലിറക്കും. ആദ്യമിറക്കിയ കമ്പനി തുടര്‍ന്ന് മരുന്നിന് ഗണ്യമായി വില കുറയ്ക്കും. അപ്പോള്‍ അവര്‍ക്കാവും വിപണിയില്‍ മേല്‍കൈ. മരുന്നിന്റെ വില്‍പ്പനയുടെ ഭൂരിഭാഗവും കൈപ്പിടിയിലൊതുക്കിയ കമ്പനി  മരുന്നു വില വീണ്ടും പഴയ പടി ഉയര്‍ത്തും.
ഉദാഹരണത്തിന് പിപ്രോസിലിം-ടാസോപാക്ടം ആന്റിബയോട്ടിക്് കുത്തിവയ്പ് ബഹുരാഷ്ട്ര ഭീമനായ അല്‍കെം ആണു ആദ്യം പുറത്തിറക്കിയത്. 4.5 ഗ്രാമിന്റെ കുത്തിവയ്പ്പിന് 390 രൂപയായിരുന്നു ആദ്യ വില. 6 മാസത്തിനകം മറ്റ് കമ്പനികള്‍ ഇതേ മരുന്നുമായി രംഗത്തെത്തിയപ്പോള്‍ നൂറു രൂപ കുറച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് ലീഡറായപ്പോള്‍ വീണ്ടും വില കൂട്ടി. ഇപ്പോള്‍ വില 338 രൂപ. മറ്റു കമ്പനികളായ അരിസ്റ്റോയും, മാക്കലോയ്ഡ്സും ഇതേവിലക്ക് ഈ മരുന്ന് വില്‍ക്കുന്നു. 100 രൂപ കുറച്ചു വിറ്റ മരുന്നിന് കമ്പനികള്‍ വീണ്ടും വില കുത്തനെ കൂട്ടിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനായില്ല.
അയണ്‍ ടാബ്ലെറ്റുകള്‍ മറ്റൊരു ഉദാഹരണം. 60-70 പൈസക്ക് കിട്ടിയിരുന്ന ഇവയ്ക്കിപ്പോള്‍ രണ്ടു രൂപ മുതലാണ് വില. രാസഘടനയില്‍ മാറ്റം വരുത്തിയെന്ന് അവകാശപ്പെടുന്ന അയണ്‍ ഗുളികകള്‍ക്ക് 8 രൂപ വരെ വരും വില.
സെസിക്സിം, സെക്ട്രിയാസോണ്‍, അമിക്കാസിന്‍ തുടങ്ങിയ മരുന്നുകളുടെ കാര്യത്തിലൂം ഇതു തന്നെയാണ് സംഭവിച്ചത്. സെക്ട്രിയാസോണ്‍-സോഡിയം കുത്തിവയ്പ്പിന്റെ വില 40 രൂപയാക്കി കുറച്ച ശേഷം 80 രൂപയാക്കി വര്‍ധിപ്പിച്ചു. അമിക്കസിന്റെ വില 36ല്‍ നിന്ന് 66 ആയിട്ടാണ് വര്‍ധിപ്പിച്ചത്.   മിക്കവാറും എല്ലാ ആന്റീബയോട്ടിക്- ജീവന്‍രക്ഷാ-ശൈലീരോഗമരുന്നുകളുടെ കാര്യത്തിലും വില വര്‍ധനയുടെ മാതൃക ഇങ്ങനെയാണെന്ന ്കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്‍റ്റേറ്റീവ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കല്ലറ മധു പറഞ്ഞു.
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഔഷധനയം തിരുത്തിയെഴുതിയതോടെയാണ് ജനകീയമായ ഇന്ത്യന്‍ മരുന്ന്് മേഖല ബഹുരാഷ്ട്രക്കുത്തകളുടെ കൈപ്പിടിയിലായത്.ഇപ്പോള്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിക്ക് (എന്‍പിപിഎ)വളരെക്കുറച്ച് മരുന്നുകളുടെ മേല്‍ മാത്രമാണ് നിയന്ത്രണം.
                                                                    




 

Wednesday, June 1, 2011

മാരക കീടനാശിനികള്‍ വിറ്റഴിക്കാന്‍ സമയം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം


എസ് അജോയ്
കോട്ടയം: എന്‍ഡോസള്‍ഫാനടക്കമുള്ള മാരകകീടനാശിനികളുടെ     ഉപയോഗവും വിതരണവും അടിയന്തരമായി തടയേണ്ട സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ സമയം നല്‍കുന്നു. നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഫ്യുറിഡാന്‍ അടക്കമുള്ള മാരക കീടനാശിനികളാണ് പെട്ടെന്ന് നിരോധിക്കാതെ തീരുമാനം വെച്ചു നീട്ടുന്നത്. ഇതുവഴി സംഭരിച്ചു വെച്ച ടണ്‍ കണക്കിന് കീടനാശിനികള്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ക്ക് കഴിയും. വന്‍കിട കീടനാശിനി ഉല്‍പാദകരുടെ താല്‍പര്യപ്രകാരമാണ് സംസ്ഥാന കൃഷി മന്ത്രാലയത്തിന്റെ ഈ നീക്കം.
ഈ മാസം പത്തിനകം നിരോധിച്ച കീടനാശിനികളുടെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ കൃഷി ഡയറക്ടറെ അറിയിക്കാനാണ് ജില്ലാ കൃഷിഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതിനു ശേഷം മാത്രമേ നിരോധനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ പോലും ചേരൂ. ഈ നിലയില്‍ മാസങ്ങള്‍ക്കു ശേഷമേ നിരോധം പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുള്ളൂ.
ഇതിനിടെ, കൃഷിഓഫീസര്‍മാരുടെ അംഗീകാരമില്ലാതെ കീടനാശിനികള്‍ വില്‍ക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസംഇറങ്ങി. കൃഷി ഓഫീസര്‍ക്ക് വ്യാപക അവകാശങ്ങള്‍ നല്‍കുന്ന ഈ ഉത്തരവ് എന്നു മുതല്‍ നടപ്പാക്കണമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ജില്ലാ കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കീടനാശിനി നിരോധനം നിലവില്‍ വന്ന ശേഷം മാത്രമേ ഉത്തരവ് നടപ്പാവൂ.
നിലവില്‍ എന്‍ഡോസള്‍ഫാന്‍ സ്റ്റോക്കില്ലെന്നു മാത്രമാണ് വ്യാപാരികളില്‍ നിന്ന് കൃഷി വകുപ്പിന് ഉറപ്പു കിട്ടിയിരിക്കുന്നത്. എന്നാല്‍ ഈ ഉറപ്പിനു ശേഷവും കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
നിരോധന വാര്‍ത്ത വന്നശേഷം കൂടുതല്‍ അളവില്‍ കീടനാശിനികള്‍ സംഭരിച്ച മൊത്ത-ചില്ലറ വില്‍പ്പനക്കാരുമുണ്ട്. പകരം വരുന്ന കീടനാശിനികള്‍ ഫലിക്കാതെ വരുമ്പോള്‍ നിരോധിച്ച കീടനാശിനികളിലേക്ക് കര്‍ഷകര്‍ തിരിയുമെന്നും അതുവഴി ഇരട്ടി ലാഭം നേടാമെന്നുമുള്ള കണക്കു കൂട്ടലാണ് അവര്‍ക്ക്.
ഫ്യൂറഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികളും നിരോധിച്ചു. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു.  നിരോധിച്ചവയ്ക്കു പകരം വയ്ക്കേണ്ട കീടനാശിനികള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Tuesday, May 24, 2011

വീണ്ടും വരും കീടനാശിനികള്‍.....


എസ് അജോയ്
കോട്ടയം: ഫൃൂറഡാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ സംസ്ഥാനത്ത് നിരോധിച്ചെങ്കിലും വൃത്യസ്ഥ രാസനാമങ്ങളില്‍ ഇവ  വീണ്ടുമെത്തുമെന്ന് ആശങ്ക. വേറെ രാസനാമത്തിലും പേരിലും എത്തുന്ന മാരക കീടനാശിനികള്‍ കണ്ടെത്താനും തടയാനുമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് കുറവാണ്. ഈ പഴുതിലൂടെയാവും കീടനാശിനിയുണ്ടാക്കുന്ന വന്‍കിട കമ്പനികള്‍ കടന്നുകയറുക.  
ഇപ്പോള്‍ വിപണിയിലുള്ള ജൈവ കീടനാശിനികളില്‍ പലതുംവ്യാജമാണെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. രാസ കീടനാശിനികള്‍ അതിജീവിക്കാന്‍ ശേഷിനേടിയ കീടങ്ങള്‍ക്കു മുന്നില്‍ മികച്ച ജൈവ കീടനാശിനികള്‍ പോലും ഫലപ്രദമല്ല. ഒരു തവണ ഇതുപയോഗിച്ച ശേഷം ഗുണമില്ലെന്നു കാണുമ്പോള്‍ കര്‍ഷകര്‍ വീണ്ടും രാസ കീടനാശിനികളെ അഭയം പ്രാപിക്കും.
സംസ്ഥാനത്തു മാത്രമായി കാര്‍ബോഫൃൂറാന്‍, ഫോറേറ്റ്, മോണോ ക്രോട്ടോഫോസ്, ട്രൈയസോഫോസ് തുടങ്ങിയ കീടനാശിനികള്‍ നിരോധിക്കുന്നത് ഫലപ്രദമാവില്ല. കനത്ത വിഷമരുന്ന് പ്രയോഗത്തിലൂടെ കീടങ്ങള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിയതിനാല്‍ വീര്യം കുറഞ്ഞ മരുന്നുകള്‍ ഗുണം ചെയ്യുമോ എന്ന് കര്‍ഷകര്‍ക്ക് സംശയമുണ്ടെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത് പറയുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന കേന്ദ്രം ഡയറക്ടര്‍ പി വി ബാലചന്ദ്രന്‍ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ബദല്‍ മരുന്നുകളെല്ലാം ഫലപ്രദമാണ്. ജൈവ കീടനാശിനികള്‍ എന്നപേരില്‍ സംസ്ഥാനത്ത് ഇറങ്ങുന്ന വ്യാജന്മരെ കണ്ടെത്താനും ബദല്‍ നിര്‍ദ്ദേശിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
 ഫ്യൂറഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികള്‍ക്കും നിരോധനമുണ്ടാകും. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു.
നെല്ലിലെ തണ്ടുതുരപ്പന്‍, ഗാളീച്ച, മുഞ്ഞ, കരിവണ്ട് തുടങ്ങിയവക്കെതിരെ ഉപയോഗിക്കുന്ന കാര്‍ബോഫ്യൂറാനു പകരം  പത്തുതരം കീടനാശിനികള്‍ നിരോധിച്ചവയ്ക്കു പകരം വയ്ക്കേണ്ട കീടനാശിനികള്‍ നിര്‍ദ്ദേശിക്കേണ്ട വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുപോലെ  ഫോറേറ്റ്, മോണോ ക്രോട്ടോഫോസ്, ട്രൈയസോഫോസ്,  ട്രൈസൈക്ളസോള്‍, എടിഫന്‍ഫോസ് തുടങ്ങിയ കീടനാശിനികള്‍ക്ക് പകരക്കാരെയും സമിതി കണ്ടെത്തി. വിദഗ്ധ സമിതിയുടെ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
കളനാശിനികളുടെയും കീടനാശിനികളുടെയും ഉപയോഗം മനുഷ്യരില്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കളനാശിനികളും കീടനാശിനികളും ഉപയോഗിച്ച് 2 വര്‍ഷത്തിനകം മണ്ണിരകളും ചിലന്തികളും അടക്കം നിരവധി ചെറുജീവികള്‍ കുറയുന്നതായി  ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
മനുഷ്യരുടെ ഹോര്‍മോണ്‍ ഉല്‍പ്പാദനം, നാഡിവ്യവസ്ഥയിലെ തകരാര്‍, എല്ലുകളിലെ തേയ്മാനം ,അര്‍ബുദം തുടങ്ങി നിരവധി മാരക രോഗങ്ങള്‍ക്ക് കളനാശിനികളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം വഴിവയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
                                                                                                   


Tuesday, March 29, 2011

വരുന്നൂ....വൈറ്റ്ലൈന്‍ എ ടി എമ്മുകള്‍


എസ് അജോയ്
 പ്രത്യേക ചാര്‍ജ്ജൊന്നും കൂടാതെ ഏതു എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന സൌകര്യം ഭാവിയില്‍ പാരയായേക്കാം. ഇടപാടുകാര്‍ക്ക് അനുകൂലമായ ഈ തീരുമാനം  വരാനിരിക്കുന്ന വലിയ വിപത്തിനു മുന്നോടിയാണന്ന് ബാങ്കിങ്ങ് വിദഗ്ധര്‍ പറയുന്നു. എ ടി എം സ്വകാര്യവല്‍ക്കരണമെന്ന രഹസ്യ അജണ്ടയാണ് പുതിയ നീക്കത്തിനു പിന്നില്‍. വൈറ്റ് ലൈന്‍ എ ടി എം എന്ന പേരില്‍ സ്വകാര്യ ബഹുരാഷ്ട്ര കമ്പനികളുടെ എ ടി എമ്മുകള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍.
കേന്ദ്ര ധനകാര്യമന്ത്രിയും, ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനും, റിസര്‍വ് ബാങ്കും ചേര്‍ന്ന് ഒരുക്കുന്ന തന്ത്രം ഇങ്ങനെ: ഏത് ഇടപാടുകാരനും ഏതു എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന അവസ്ഥയില്‍ സ്വന്തമായി എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കും. പത്തു ലക്ഷം രൂപവരെയാണ് ഒരു എ ടി എം സ്ഥാപിക്കാന്‍ ചെലവ്്. ഇങ്ങനെ വരുമ്പോള്‍ രാജ്യത്ത് വളരെ വേഗത്തില്‍ നടക്കുന്ന എടിഎം വ്യാപനം സ്തംഭിക്കും. ഈ സമയം നോക്കി പേരില്ലാ എടിഎമ്മുകള്‍ രംഗപ്രവേശം ചെയ്യും.
അമേരിക്കയിലും യൂറോപ്പിലും വ്യാപകമാണ് വൈറ്റ്ലൈന്‍ എ ടിഎമ്മുകള്‍. ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ അല്ല ഇത്തരം എടിഎമ്മുകളുടെ ഉടമസ്ഥര്‍. ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇവ സ്ഥാപിക്കാനാവും. ഇവ ബാങ്കിങ്ങ് റഗുലേറ്ററി അതോറിറ്റിയുടെ കീഴില്‍ വരുകയുമില്ല. ഇവ ഉപയോഗിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കുകയും വേണം. ഫലത്തില്‍ ഇടപാടുകാര്‍ വൈറ്റ്ലൈന്‍ ഉടമകള്‍ ആവശ്യപ്പെടുന്ന പ്രോസസിങ്ങ് ചാര്‍ജ് നല്‍കേണ്ടിവരും.
പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകള്‍ക്കാണ്  ഏറ്റവുമധികം എടിഎം-12,000എണ്ണം. ഇന്ത്യയില്‍ നാലായിരത്തിലധികം എടിഎമ്മുകളുള്ള സ്വകാര്യ ബാങ്കായ ഐസിഐസിഐയാണ് ഇത്തരത്തില്‍ എ ടി എം ഔട്ട് സോഴ്സിങ്ങിന് ഇപ്പോള്‍ ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന് ഇത്തരത്തിലുള്ള ആലോചനയുമുണ്ട്. ഇതിനായി ബാങ്കിങ്ങ് ഇന്‍പുട്ടുകള്‍ അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
എടിഎം സൌജന്യമാക്കിയതിനോട് ബാങ്കുകള്‍ക്ക് മമതയില്ല. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനചെലവ്  പതിനഞ്ച് ശതമാനം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍  വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ എടിഎം സ്ഥാപിക്കാന്‍ ബാങ്കുകള്‍ തയ്യാറാവില്ല. മാത്രമല്ല സ്വന്തം എടിഎമ്മിന്റെ ചെലവില്‍ മറ്റുള്ള ബാങ്കുകള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുനനത് ബാങ്കുകള്‍ പ്രോല്‍സാഹിപ്പിക്കുകയുമില്ല. നിലവില്‍  35,000 ളാളം എടിഎമ്മുകളാണ് ഉള്ളത്. 2012ഓടെ ഒരു ലക്ഷംഎടിഎമ്മുകള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നയം മൂലം ഇതു പകുതിയായി കുറയും. ഈ വിടവിലാണ്  വൈറ്റ്ലൈന്‍ എടിഎമ്മുകള്‍ രംഗപ്രവേശം ചെയ്യുക. ഇത്തരം എ ടി എമ്മുകള്‍ക്ക് പ്രത്യേക ബാങ്കുകളുടെ പേരുണ്ടാവില്ല. ഇവരോടൊപ്പം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാങ്കുകളാണ് മെഷിനില്‍ നിറയ്ക്കാനുള്ള പണം നല്‍കുക.
യൂറോനെറ്റ് എന്ന വിദേശകമ്പനിയാണ് ഇപ്പോള്‍ ഈരംഗത്തെ പ്രമുഖര്‍. ഇവര്‍ക്കൊപ്പം എഫ് എഫ് എസ്, റിലയന്റ് ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ഈരംഗത്ത് അപേക്ഷകര്‍.

Monday, March 28, 2011

എ ആര്‍ റഹ്മാന്‍ പ്രതിഭ പകര്‍ന്നു കിട്ടിയ മകന്‍



എസ് അജോയ്

തിരുവള്ളൂര്‍ സ്വദേശി ഹരികഥാ കലാകാരന്‍ രാജഗോപാല ഭാഗവതരുടെ മകന്‍ രാജഗോപാല കുലശേഖരനും കൊച്ചുമകന്‍ ദിലീപ്കുമാറിനും പൊതുവായി ഉണ്ടായിരുന്നത് രക്തബന്ധത്തിനുമപ്പുറം മറ്റു ചിലതും കൂടിയായിരുന്നു. മനസിനെ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, സാന്ത്വനിപ്പിക്കുന്ന സംഗീതം അവരെ ചരിത്രത്തിലെ അറിയപ്പെടുന്ന അഛനും മകനുമാക്കി.
ആര്‍ കെ ശേഖര്‍, മകന്‍ എ ആര്‍ റഹ്മാന്‍... അഛന്‍ മലയാള സിനിമയിലെ പ്രതിഭാധനനായ മ്യൂസിക് കണ്ടക്ടര്‍, അറേഞ്ചര്‍, സംഗീതസംവിധായകന്‍. മകന്റെ പേരിലൂടെ ലോകം ഇന്ന് ഇന്ത്യയെ അറിയുന്നു.
കാലവും കോലവും രണ്ടായിരുന്നുവെങ്കിലും ഇരുവരുടെയും സംഗീതത്തിനും രീതികള്‍ക്കും ജീനുകള്‍ വഴിപകര്‍ന്നു കിട്ടിയ നിരവധി സാമ്യങ്ങളും സ്വഭാവങ്ങളും ഉണ്ടായിരുന്നു. ഇതില്‍ ചിലതെല്ലാം കാലം കരുതിവെച്ച യാദൃശ്ചികതകളായിരുന്നു താനും.
പാശ്ചാത്യ വാദ്യോപകരണങ്ങളെപ്പറ്റി അസാമാന്യമായ അറിവായിരുന്നു ശേഖറിന്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കപ്പുറം ഒന്നു ചിന്തിക്കാനില്ലാത്ത കാലത്ത് പാശ്ചാത്യ താളങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ശേഖര്‍ വീറോടെ വാദിച്ചു. സിനിമയുടെ പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ വിപ്ളവകരമായിരുന്നു. ഗാനങ്ങള്‍ക്ക് നല്ല വരികള്‍ മാത്രം പോരാ, മികച്ച സംഗീതവും വേണമെന്ന് ശേഖറിന് നിര്‍ബന്ധമായിരുന്നു.
ഇക്കാര്യങ്ങളിലെല്ലാം അഛന്റെ മാര്‍ഗത്തില്‍ തന്നെയായിരുന്നു മകനും. ചെന്നൈയിലെ അദ്ദേഹത്തിന്റെ പഞ്ചതന്‍ സ്റ്റുഡിയോയയില്‍ ലോകത്തെ ഒട്ടുമിക്ക സംഗീതോപകരണങ്ങളുമുണ്ട്. ഗാനത്തിന്റെ മനോഹാരിതക്കായി ഏതു താളവും ഉപയോഗിക്കാം എന്ന പക്ഷക്കാരനാണ് റഹ്മാന്‍.
'ബ്ളൂ' എന്ന പുതിയ ചിത്രത്തില്‍ കെയ്ലിമിനോഗ് യെന്ന വിശ്വപ്രസിദ്ധ ഗായികക്കായി ഒരുക്കിയ 'ചിഗി വിഗി വിത്ത് യൂ' എന്ന പാശ്ചാത്യ ചുവയുള്ള പാട്ടില്‍ പഞ്ചാബിന്റെ ഭാംഗ്ഡാ താളം സമര്‍ഥമായി ഉപയോഗിച്ചത് ഉദാഹരണം. 'ദില്ലി 6' എന്ന ചിത്രത്തില്‍ ആഫ്രിക്കന്‍ താളങ്ങള്‍ അടിസ്ഥാനമായി സ്വീകരിച്ച് ഇന്ത്യന്‍ രാഗങ്ങള്‍ സന്നിവേശിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.
പാട്ടിന്‍െ പൂര്‍ണതക്കായി അഭിപ്രായങ്ങള്‍ പറയാനും മികച്ച അഭിപ്രായങ്ങള്‍ സ്വീകരിക്കാനും ശേഖറിന് മടിയില്ലായിരുന്നുവെന്ന് ശേഖറിന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ എം കെ അര്‍ജുനന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആര്‍ക്ക് എന്തുതോന്നിയാലും സ്വന്തം അഭിപ്രായങ്ങള്‍ ശേഖര്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു.
റഹ്മാന്‍ തന്റെ ഗായകര്‍ക്കു നല്‍കുന്ന സ്വാതന്ത്യ്രവും വിശ്വാസ്യതയും അഛനില്‍ നിന്നും പഠിച്ചതുതന്നെ. 'ദില്ലി 6'ലെ 'മസക്കലി' എന്ന പാട്ടിനിടെയുള്ള ചിരി ഗായകനായ മോഹിത് ചൌഹാന്റെ അഭിപ്രായമായിരുന്നു. താരതമ്യേന അപ്രശസ്തനായ മോഹിതിന്റെ നിര്‍ദേശം റഹ്മാന്‍ സ്വീകരിച്ചു. ഈ ചിരി പിന്നീട് ആ ഗാനത്തിന്റെ സവിശേഷതയായി. ഗായകരെയും വാദ്യോപകരണ വിദഗ്ധരെയും റഹ്മാന്‍ വിശ്വാസത്തിലെടുക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പാടിയിട്ടുള്ള ജയചന്ദ്രനും ജി വേണുഗോപാലും ചിത്രയുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
'പ്രത്യേകതയുള്ള ശബ്ദം ഒരിക്കല്‍ കേട്ടാല്‍ അദ്ദേഹമത് മറക്കില്ല. മികച്ച ഗാനത്തിന് ആ ഗായകന് അവസരം ലഭിക്കും'-രംഗ് ദേ ബസന്തിക്കു വേണ്ടി 'ഖൂന്‍ ചലാ' എന്ന പാട്ടുപാടിയ ഹര്‍ഷദീപ് പറയുന്നു. റഹ്മാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഗായകര്‍ നിരവധി. ഇവര്‍ക്കൊപ്പം യേശുദാസിനെയും ലതാ മങ്കേഷ്ക്കറെയും എസ് പി ബാലസുബ്രഹ്മണ്യത്തെയുംപോലുള്ള പ്രഗത്ഭരെയും ഉപയോഗിക്കാനും റഹ്മാന് മടിയുണ്ടായില്ല. പാട്ടിനു യോജിക്കുന്ന ശബ്ദം- അതു മാത്രമായിരുന്നു പരിഗണന.
ഇന്ത്യ കണ്ട മികച്ച ഹാര്‍മോണിയം വിദഗ്ധനായിരുന്നു ശേഖര്‍. മകനാവട്ടെ കീ ബോര്‍ഡില്‍ ലോക പ്രശസ്തനും.1970ല്‍ സിംഗപ്പൂര്‍ യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് ആര്‍ കെ ശേഖര്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ ആദ്യരൂപമായ കോംബോ ഓര്‍ഗന്‍ വാങ്ങുന്നത്. ഇതേ ഓര്‍ഗനില്‍ റഹ്മാന്‍ വൈദഗ്ധ്യം നേടുന്നു. അഛന്റെ മരണശേഷം ഈ ഓര്‍ഗന്‍ വാടകക്ക് നല്‍കിയും വായിച്ചുമാണ് തന്റെ കുടുംബത്തെ റഹ്മാന്‍ പോറ്റിയതും. ഇത് കാലത്തിന്റെ വികൃതി.
സംഗീതലോകത്തിന്റെ അവഗണനയ്ക്കും ഇരുവര്‍ക്കും പാത്രമാകേണ്ടി വന്നിട്ടുണ്ട്. മികച്ച സംഗീതജ്ഞനായിട്ടും അടുത്ത സുഹൃത്തുക്കള്‍് പോലും ശേഖറിന പലപ്പോഴും അവസരം നല്‍കിയിരുന്നില്ല. സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ ഹിറ്റാവാതിരുന്നതിനാല്‍ രാശിയില്ല എന്ന പേരിലായിരുന്നു അവഗണന. പക്ഷേ അവഗണനക്കും തിരസ്കാരത്തിനും പ്രതിഭയെ ആളിക്കത്തിക്കാനേ കഴിയൂ എന്നത് അനുഭവസാക്ഷ്യം.
'റോജാ'യുടെ ഹിന്ദി പതിപ്പുമായി എത്തിയപ്പോള്‍ റഹ്മാനും നേരിട്ടു 'ഗോസായി 'അവഗണന. അന്നത്തെ പ്രശസ്ത സംഗീത കമ്പനികളായ ടി സീരിസ്, വീനസ് തുടങ്ങിയവര്‍ റഹ്മാനെ ഗൌനിച്ചില്ല. ഇവരുടെ ടിവി ചാനലുകള്‍ 'മദ്രാസിപയ്യനെ' അവഗണിച്ചു. പക്ഷേ റഹ്മാന്റെ മറുപടി സംഗീതം കൊണ്ടായിരുന്നു. രാംഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹിന്ദി ചിത്രത്തിന്റെ സംഗീതം റഹ്മാനായിരുന്നു. 'രംഗീല' ചരിത്രമായി. ഇവിടെയും ആളിക്കത്തിയ പ്രതിഭ മറ്റെല്ലാത്തിനെയും അതിജീവിച്ചു.
ഗായകര്‍ക്കൊപ്പം വാദ്യോപകരണങ്ങള്‍ വായിക്കുന്നവരുടെയും പേരുകള്‍ കാസെറ്റില്‍ നല്‍കുന്ന പതിവ് തുടങ്ങിയത് റഹ്മാനാണ്. എല്ലാവര്‍ക്കും പ രിഗണനയെന്ന തത്വവും ഈ ചെറുപ്പക്കാരന്‍ ആര്‍ജിച്ചത് അഛനില്‍ നിന്ന്.
ഹൃദയ നൈര്‍മല്യവും, അര്‍പ്പണബോധവും അഛനെയും മകനെയും മുന്നോട്ടുനയിച്ചു. ഈണം മോശമെന്നു തോന്നിയാല്‍ സംഗീത സംവിധായകര്‍ക്കു വേണ്ടി ശേഖര്‍ സ്വയം ഈണമിട്ട് നല്‍കിയിട്ടുണ്ട്- അവകാശവാദമൊന്നുമില്ലാതെ .ഇളയരാജയും സഹോദരന്‍ ഗംഗൈ അമരനുമടക്കം പലര്‍ക്കും വേണ്ടി അദ്ദേഹം സ്വന്തം വീടിന്റെ വാതില്‍ തുറന്നിട്ടു. പലരും ശേഖറിനേക്കാള്‍ പ്രശസ്തരായി. തന്നെ അവരാരും പിന്നീട് തിരിഞ്ഞുനോക്കാത്തതില്‍ അദ്ദേഹത്തിന് പരാതിയൊന്നുമില്ലായിരുന്നു.
ഇതിനിടെ ഏതാനും സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. 1964ല്‍ ഉദയായുടെ 'പഴശിരാജ'യിലൂടെ അരങ്ങേറ്റം. ഇതിലെ 'ചൊട്ടമുതല്‍ ചുടലവരെ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. പിന്നീട് ഇരുപതോളം ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. 'ശോകാന്തര ജീവിതനാടകവേദിയില്‍' (ആയിഷ), 'മനസു മനസിന്റെ കാതില്‍' (ചോറ്റാനിക്കരയമ്മ), 'ആഷാഡമാസം' (യുദ്ധഭൂമി), 'താമരപ്പൂനാണിച്ചു' (ടാക്സിക്കാര്‍) തുടങ്ങിയ അനശ്വര ഗാനങ്ങള്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നും തത്തളിക്കളിക്കുന്നു.
പാട്ടെഴുത്തുകാരനായ രവി മേനോനോട് അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു 'പലപ്പോഴും രാത്രി വൈകിയിരുന്ന് ശേഖറും ഞാനും പാട്ടുകളുണ്ടാക്കിയിട്ടുണ്ട്.അസാമാന്യ ക്ഷമാശീലനായിരുന്നു അദ്ദേഹം. പാട്ടിന്റെ പൂര്‍ണതയ്ക്ക് എന്തു ത്യാഗവും ചെയ്യും'
രാത്രിയില്‍ താളമിടുന്നത് മകന്‍ അഛനില്‍നിന്നു പഠിച്ച ശീലമാകാം. നിശാഗന്ധി പൂവ്പോലെ രാത്രിയിലാണ് റഹ്മാന്റെ ഗാനങ്ങള്‍ സുഗന്ധം പരത്തുന്നത്. രാത്രിയിലാണ് റഹ്മാന്റെ റെക്കോഡിങ്. പഞ്ചതന്‍ സ്റ്റുഡിയോ സജീവമാകുന്നത് രാത്രിയാണെന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം.
പാട്ടിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യുന്ന അഛന്റെ മകന് പൂര്‍ണത വേദവാക്യം. രണ്ട് ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ളോബ്, പത്മശ്രീ, നാല് ദേശീയ അവാര്‍ഡ്....ഇപ്പോള്‍ ഇരട്ടഗ്രാമിയും. മകന്റെ അഛന്‍; അഛന്റെ മകന്‍.
പക്ഷേ സാമ്യങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. പലരെയും സഹായിച്ച് സംഗീതത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച ശേഖര്‍ 42-ാം വയസ്സില്‍ ഭാര്യ കസ്തൂരിയെയും നാലു മക്കളെയും അനാഥരാക്കി കടന്നുപോയപ്പോള്‍ സഹായത്തിന് അധികമാരും ഉണ്ടായിരുന്നില്ല. പച്ചയായ ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന ഒരു കുടുംബം.
എന്നാല്‍ റഹ്മാനോ, ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംഗീതജ്ഞന്‍...ലോകപ്രശസ്തന്‍, പരാധീനതകളില്‍ കുരുങ്ങാത്ത ജീവിതം. മദ്രാസ് മെസാര്‍ട്ടിന്' കാലം കരുതിവെച്ചതും സംഗീതമാണ്. അഛന്റേതുപോലെ. ഈ സംഗീതം ഇന്ന് മഴയായ് പൊഴിയുകയാണ് ഓരോ മനുഷ്യന്റെയും മനസില്‍. ആര്‍ കെ ശേഖര്‍ ചിരിക്കുന്നുണ്ടാവാം....

നഴ്സറി സ്ക്കൂളിലും കുത്തകകള്‍...



എസ് അജോയ്
കോട്ടയം: വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി കുത്തകകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു മുന്നോടിയായി പ്രീ-സ്ക്കൂള്‍ രംഗം വന്‍കിട ദേശീയ-വിദേശ കുത്തകകള്‍ കൈയടക്കി തുടങ്ങി. എസ്സെല്‍ വേള്‍ഡിന്റെ പ്രീ-സ്ക്കൂള്‍ സംരംഭമായ കിഡ്സ് സീ, ഡെന്‍മാര്‍ക്ക് കമ്പനിയായ എഗ്മോണ്ട് ഇമാജിനേഷന്റെ യൂറോ കിഡ്സ്, ക്യാമലിന്‍ ഗ്രൂപ്പിന്റെ ആല്‍ഫാ കിഡസ്, യാഷ് ബിര്‍ലാഗ്രൂപ്പിന്റെ ഗ്ളോബ് ടോട്ടര്‍, കംഗാരു കിഡ്സ്, ഷെര്‍മോക് സ്ക്കൂള്‍, മദേര്‍സ് പ്രൈഡ് എന്നിവരാണ് ഇന്ത്യന്‍ ശൈശവത്തിനുമേല്‍ ആഗോളീകരണത്തിന്റ നിഴല്‍ വീഴ്ത്തുന്നത്.
4000 കോടിയുടെ പ്രീ-സ്ക്കൂള്‍ വിപണിയാണ് വന്‍കിടക്കാരെ മോഹിപ്പിക്കുന്നത്. ഇത് 2012ല്‍ 13800 കോടിയാകുമെന്നാണ് സി എല്‍ എസ് എ ഏഷ്യാ പസഫിക്ക് സര്‍വേ പറയുന്നത്. പ്രതിവര്‍ഷം 28 ശതമാനം വളര്‍ച്ചയുള്ള പ്രീ-സ്ക്കൂള്‍ വിപണി വന്‍കിടക്കാരുടെ കണ്ണിലുണ്ണിയാവുമ്പോള്‍ താമസംവിനാ ചെറുകിട നഴ്സറി സ്ക്കൂളുകള്‍ക്ക് താക്കോല്‍ വീഴുമെന്നുറപ്പാണ്.
സീ ടിവിയുടെ ഉടമസ്ഥരായ എസ്സെല്‍ വേള്‍ഡിന്റെ പ്രീ സ്ക്കൂള്‍ സംരംഭമായ കിഡ്സ് സീ ഇപ്പോള്‍ ചെറുകിട നഗരങ്ങളും ഗ്രാമങ്ങളും ലക്ഷ്യം വെയ്ക്കുകയാണ്. 260 കേന്ദ്രങ്ങളിലായി അവര്‍ക്ക് 550 പ്ളേ സ്ക്കൂളുകളുണ്ട്. മൂന്നു വര്‍ഷം കൊണ്ട് 450 ബ്രാഞ്ചുകള്‍ തുറക്കാനാണ് പരിപാടി. ഡെന്‍മാര്‍ക്ക് കമ്പനിയായ എഗ്മോണ്ട് ഇമാജിനേഷന്റെ യൂറോ കിഡ്സിന്് 160 നഗരങ്ങളിലായി 450 പ്ളേ സ്ക്കൂളുകളുണ്ട്്. കേരളത്തില്‍ ഇവര്‍ക്ക് 10 ഫ്രാഞ്ചൈസികളുണ്ട്.
ഇംഗ്ളണ്ട് ആസ്ഥാനമായുള്ള മോഡേണ്‍ മോണ്ടിസോറി ഇന്റര്‍ നാഷണല്‍ ഇന്ത്യയിലെ രവി ജയ്പുര ഗ്രൂപ്പുമായി ചേര്‍ന്ന് 200 കോടിയുടെ കരാറിലെത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രധാന നഗരങ്ങളില്‍ സ്ക്കൂളുകള്‍ തുടങ്ങാനാണ് പരിപാടി. ഇവരില്‍ പലരും പ്ളസ് ടു വരെയുള്ള സ്ക്കൂളുകളും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ സ്വകാര്യ സ്ക്കൂള്‍ മേഖലയും ഇവര്‍ സ്വന്തമാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ഭയക്കുന്നു.
സ്വകാര്യ ഇക്യുറ്റി ഫണ്ട് മാനേജര്‍മാര്‍ പ്രീ സ്ക്കൂളുകളില്‍ വന്‍തോതില്‍ പണം മുടക്കുന്നുണ്ട്. ഇത്തരം സ്വകാര്യ മാനേജ്മെന്റ് സ്ക്കൂളുകളുടെ വന്‍ ലാഭമാണ് ഫണ്ട് മാനേജര്‍മാരെ ആകര്‍ഷിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് ലാഭം തിരിച്ചു പിടിക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കഴിയുന്നു. മാട്രിക്സ് പാര്‍ട്ട്നേഴ്സ് എന്ന കമ്പനി ട്രീ ഹൌസ് എജ്യൂക്കേഷന്‍ പ്രീ-സ്ക്കൂള്‍ ഗ്രൂപ്പില്‍ 30 കോടി നിക്ഷേപിച്ചിരുന്നു. യൂറോ കിഡ്സിന്റെ 50 ശതമാനം ഓഹരികള്‍ 37 കോടിക്കാണ് എഡ്യു കോബ് സൊല്യൂഷന്‍സ് വാങ്ങിയത്. മദേഴ്സ് പ്രൈഡ് അല്‍മോഡ്സ് ഗ്ളോബല്‍ സെക്യൂരിറ്റീസുമായി കരാറിലെത്തി.
പെട്ടന്ന് ലാഭമുണ്ടാക്കാന്‍ കഴിയുന്ന, സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത മേഖലയാണ് വിദ്യാഭ്യാസമെന്ന് ഓഹരി വിപണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ രംഗത്ത് വ്യക്തമായ നിയന്ത്രണങ്ങളില്ലാത്തത് ഫണ്ട് മാനേജര്‍മാര്‍ക്ക് പ്രോല്‍സാഹനമാകുന്നുണ്ട്. പണം നിക്ഷേപിച്ച് വേണ്ട സമയത്ത് ലാഭവുമായി നിയന്ത്രണമൊന്നുമില്ലാതെ പോകാം. സര്‍ക്കാര്‍ വിഹിതം കുറച്ച് സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമം വിദ്യാഭ്യാസമേഖലയിലെ ഇത്തരക്കാരുടെ കയ്യിലെത്തിക്കും.
ഇപ്പോള്‍ പ്രതിവര്‍ഷം 60,000 രൂപവരെ ഫീസായി നല്‍കാന്‍ കഴിയുന്ന മാതാപിതാക്കളെയാണ് ലക്ഷ്യമിടുന്നത്. നഗര ജനസംഖ്യയില്‍ 18 ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രീ-സ്ക്കൂളിലെത്തുന്നത എന്നാണ് കണക്കുകള്‍. എന്നാല്‍ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രീ-സ്ക്കൂള്‍ കുത്തകകള്‍ എത്തുന്നതോടെ സാധാരണക്കാരെയും ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഇവര്‍ ആവിഷ്ക്കരിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം 2കോടി കുട്ടികള്‍ ജനിക്കുന്നു. ഇതിന്റെ രണ്ടു ശതമാനം മാത്രം ലക്ഷ്യം വെച്ചാലുമുണ്ടാകുന്ന വലിയ വിപണി കുത്തകകളെ വല്ലാതെ മോഹിപ്പിക്കുന്നുവെന്നു വ്യക്തം.

Saturday, March 26, 2011

ഉദയസൂര്യന്‍ വിഴുങ്ങുമോ........


എസ് അജോയ്

പ്രഗല്‍ഭനായ തിരക്കഥാകൃത്തും ഗാനരചയിതാവുമൊക്കെയാണ് തമിഴ്നാട് മുഖമന്ത്രി മുത്തുവേല്‍ കരുണാനിധി. സാമൂഹ്യപരിഷ്്ക്കരണം ലക്ഷ്യമിട്ട് അമ്പതുകളില്‍ അദ്ദേഹം തൂലിക ചലിപ്പിച്ച 'പ്രജാശക്തി"പണം''തങ്കരത്നം' തുടങ്ങിയ സിനിമകള്‍ അക്കാലത്ത് തമിഴ്നാട്ടിലെ യാഥാസ്തിഥിക കോട്ടകൊത്തളങ്ങളില്‍ വലിയ വിസ്ഫോടനമാണുണ്ടാക്കിയത്. അവിടെ നിന്നായിരുന്നു കരുണാനിധിയെന്ന രാഷ്ട്രീയക്കാരന്റെ തുടക്കം.
എന്നാല്‍ കാലം മാറി, കഥ മാറി. ഇന്ന് തമിഴകം വാഴുന്ന രാജാവാണ് ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ തലവന്‍ എം കരുണാനിധി. മക്കളായ എം കെ സ്റ്റാലിനും,അഴഗിരിയും,കന്നിമൊഴിയുമൊക്കെ യുവരാജാക്കന്മാരും റാണിമാരും. ഇവരുടെ മൂന്നാം തലമുറയാകട്ടെ പുത്തന്‍ അധിനിവേശത്തിന്റെ ലഹരിയിലാണ്. തമിഴ് സിനിമയാണ് ഇവരുടെ ലഹരി. സിനിമാനിര്‍മ്മാണത്തിലൂടെ തമിഴകം കൈപ്പിടിയിലൊതുക്കാനുള്ള തയ്യാറെടുപ്പിലാണ് കരുണാനിധിയുടെ കൊച്ചുമക്കളും അടുത്ത ബന്ധുക്കളും.
ഇന്ത്യന്‍ സിനിമയുടെ ഏറ്റവും പുതിയ വര്‍ത്തമാനമാണ് രജനീകാന്ത് നായകനാവുന്ന 'യന്തിരന്‍'. 250 കോടി ചെലവഴിച്ച് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സണ്‍ പിക്ചേഴ്സ് ആണ്. ടെലിവിഷന്‍ രംഗത്തും വ്യോമയാന രംഗത്തും എല്ലാം സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത കലാനിധിമാരന്റെ ആദ്യ തമിഴ് ചിത്രമാണ് 'യന്തിരന്‍'. ദയാനിധി മാരന്റെ പിതാവ് മുന്‍ കേന്ദ്രമന്ത്രി മുരസൊലി മാരന്‍ കരുണാനിധിയുടെ സഹോദരിയുടെ മകനും. ഇതുവരെ സിനിമാ വിതരണ രംഗത്തു മാത്രം ഒതുങ്ങിനിന്ന സണ്‍ പിക്ചേഴ്സ് നിര്‍മ്മാണ രംഗത്തേക്കുള്ള ആദ്യകാല്‍വയ്പ്പാണിത്.
ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ കമല്‍ഹാസനെ നായാനാക്കി 'മന്മഥ അമ്പ്' എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തിന്റെ റെഡ് ജയിന്റ് മൂവീസ് ഇതിനകം ശ്രദ്ധേയമായ ഏതാവും ചിത്രങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അടുത്തയിടെ പുറത്തിറങ്ങിയ'മദിരാസപട്ടണം' വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. ഗജനിഫെയിം മുരുകദോസ്സിനെയും സൂര്യയെയും വീണ്ടും ഒന്നിപ്പിക്കുന്ന പുതിയ പദ്ധതിയും ഉദയനിധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ചിത്രത്തില്‍ അഭിനയിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറയുന്നു.
കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയും നിര്‍മ്മാതാവാണ്. ക്ളൌഡ് നയന്‍ ഫിലിംസിന്റെ ബാനറില്‍ ദയാനിധി നിര്‍മ്മിച്ച 'തമിഴ് പടം' ഏറെ ശ്രദ്ധേയമായിരുന്നു. ഇദ്ദേഹവും സിനിമയില്‍ അഭിനയിക്കാന്‍ ഏറെ തല്‍പ്പരന്‍.
'വംശം' എന്ന സിനിമയില്‍ നായകനാണ് കരുണാനിധിയുടെ മറ്റൊരു മകനായ തമിഴരശിന്റെ മകന്‍ അരുള്‍നിധി. അരുള്‍നിധി അഭിനയിച്ച 'വംശം'സംവിധാനം ചെയ്തത് 'പസിംഗ'യിലുടെ പ്രശസ്തനായ പാണ്ടിരാജാണ്. കരുണാനിധിയുടെ മൂത്തമകന്‍ മുത്തുവിന്റെ മകന്‍ അറിവുനിധി അറിയപ്പെടുന്ന പാട്ടുകാരനാണ്.
ഇതെല്ലാം പോരാഞ്ഞ് തെക്കേയിന്ത്യയിലെ ഏറ്റവും വലിയ ചാനല്‍ ഗ്രൂപ്പായ സണ്‍ നെറ്റ് വര്‍ക്ക് കലാനിധിമാരന്റേതാണ്. സണ്‍ ഡിടിഎച്ചും തെക്കേയിന്ത്യയിലെ പ്രമുഖ സാനിധ്യവും.
തമിഴ് സിനിമയെ കരുണാനിധിയുടെ കുടുംബം വിഴുങ്ങുന്നത് ആശങ്കയോടെയാണ് ഒരു വിഭാഗം സിനിമാക്കാര്‍ കാണുന്നത്.ഇതു ശരിയായ പ്രവണതയല്ലെന്നു ആദ്യം തുറന്നു പറഞ്ഞത് പ്രശസ്ത നടന്‍ ശരത്കുമാര്‍. പലര്‍ക്കും ഇതേ അഭിപ്രായമുണ്ടെങ്കിലും തുറന്നു പറയാന്‍ മടി. അധികാരകേന്ദ്രത്തിന്റെ അപ്രീതി സമ്പാദിക്കാന്‍ ആരാണ് തയ്യാറാവുക? തമിഴ് സിനിമയില്‍ ഇപ്പോള്‍ കാണുന്ന പുതുവസന്തത്തിന്റെ അന്തകരാവും ഇവരെന്നും ഒരു വിഭാഗം പറയുന്നു. സിനിമ കുത്തകയായാല്‍ കച്ചവടം മാത്രം ലക്ഷ്യമിടുമെന്നും നല്ല സിനിമ മരിക്കുമെന്നും കാലം തെളിയിച്ചതാണ്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് ഇവര്‍ സിനിമയെ ഉപയോഗിക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. സിനിമയെ കുത്തകയാക്കി വയ്ക്കുന്നവര്‍ തന്നെ രാഷ്ട്രീയ ലാഭത്തിനായി സിനിമയെ ഉപയോഗിച്ചാല്‍ തമിഴ് സിനിമയുടെ സ്ഥാനം പാതാളത്തിലാവും.

ഈ കുട്ടി സ്രാങ്ക് മാന്ത്രികനാണോ?


എസ് അജോയ്

മാന്ത്രികനായ കുട്ടിസ്രാങ്കിനു മരണമുണ്ടോ? മാജിക്ക് അറിയില്ലെങ്കിലും അയാള്‍ ചിലരുടെയൊക്കെ മനസില്‍ മാന്ത്രികനാണ്. ഒറ്റപ്പെടുന്ന ചിലരുടെ മനസിലെ മാന്ത്രികന്‍. മാജിക്കല്‍ റിയലിസം അതിന്റെ എല്ലാ സൌന്ദര്യത്തോടും കൂടി പീലി വിടര്‍ത്തിയാടുകയാണ് 'കുട്ടിസ്രാങ്കി'ല്‍. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കൃതികളിലൂടെ മലയാളിക്കു പ്രിയങ്കരമായ ആ സങ്കേതം ദ്യശ്യാനുഭവമാക്കുകയാണ് ഷാജി എന്‍ കരുണ്‍. ദുര്‍ഗ്രാഹ്യതയില്ലാതെ കുട്ടിസ്രാങ്കിന്റെയും അയാളുടെ ജീവിതത്തിലേക്കു വന്ന മൂന്നു പെണ്‍കുട്ടികളുടെയും കഥ പറയുന്ന ഷാജി ഇതുവഴി മൂന്നു ദേശങ്ങളും മൂന്നു സംസ്ക്കാരങ്ങളും വരച്ചു കാട്ടുന്നു.
കുട്ടിസ്രാങ്കിന്റെ മരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. ഈ മരണത്തിനു അഞ്ചു വ്യാഖ്യാനങ്ങളാണ്. രേവമ്മ,പെമേന,കാളിഎന്നീ സ്ത്രീകള്‍ക്കു പറയാനുള്ളത് വ്യത്യസ്തങ്ങളായ കഥകളാണ്. കേസന്വേഷിക്കുന്ന പൊലീസുകാരന് പറയാനുള്ളത് മറ്റൊന്നാണ്. എന്നാല്‍ ഇതെല്ലാം ശരി, അല്ലെങ്കില്‍ തെറ്റ് എന്നു പറയാതെ പറയുന്ന സംവിധായകന്റെ വ്യാഖ്യാനം. മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ വിന്യാസമാണ് ഇവിടെ.
ഒറ്റപ്പെടലാണ് സ്രാങ്കിന്റെ ജീവിതം. സ്വന്തം പേരറിയില്ല. നാടറിയില്ല. മാതാപിതാക്കളെ അറിയില്ല. ഒറ്റപ്പെടുമ്പോഴാണ് ഒറ്റപ്പെടലിന്റെ വേദന ശരിക്കും മനസിലാകുന്നതെന്ന് സിനിമയിലൊരിടത്ത് കുട്ടിസ്രാങ്ക് പറയുന്നുണ്ട്. ആദ്യമൊരു മൂപ്പന്‍, പിന്നെയൊരു നാട്ടു പ്രമാണി..... സ്രാങ്ക് ആശ്രയിക്കുന്നവര്‍ അയാളെ മനസിലാക്കുന്നില്ല. ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുന്നു.
എന്നാല്‍ അങ്ങനെയല്ല ആവശ്യപ്പെടാതെ തന്നെ അയാളുടെ ജീവിതത്തിലേക്കു വന്ന മൂന്നു സ്ത്രീകള്‍. രേവമ്മ, പമേല, കാളി. ഈ മൂന്നു പെണ്ണുങ്ങള്‍ക്കും അയാള്‍ മൂന്നു തരം ആശ്രയമാണ്. രേവമ്മയെ കാണുമ്പോള്‍ താനിതുവരെ കാണാത്ത അമ്മയെ ഓര്‍മ്മ വരുമെന്ന് കുട്ടി സ്രാങ്ക് പറയുന്നുണ്ട്. പമേലയെ അയാള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് സിനിമയില്‍ സൂചനയുണ്ട്. പിന്നെ ഭാര്യയായ കാളി. മിണ്ടാപ്രാണിയായ അവളെ വഞ്ചിക്കാന്‍ കഴിയാത്തതുകൊണ്ടാവണം ആ ബന്ധത്തെപ്പറ്റി കുട്ടിസ്രാങ്ക് പമേലയോട് തുറന്നു പറയുന്നത്.
സ്രാങ്ക് മരിച്ചോ ഇല്ലയോ എന്ന വിധി പ്രേക്ഷകനു വിട്ടാണ് സിനിമ തീരുന്നത്. അയാള്‍ മരിച്ചില്ലെന്ന് കാളി ഉറപ്പിച്ചു പറയുന്നു.എന്നാല്‍ കാളിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് സ്രാങ്കാണെന്ന് ബുദ്ധ സന്യാസിനിയായ രേവമ്മ വിശ്വസിക്കുന്നു. മരിച്ചു പോയ കാമുകനു വേണ്ടി ജയിലില്‍ പോകുന്ന പമേല ആ ത്യാഗത്തിലാണു കാമുകന്റെ അമരത്വം കാണുന്നത്.
മമ്മൂട്ടിയുടെ പ്രകടനം ആരെയും അതിശയിപ്പിക്കുന്നതാണ്. വികാരങ്ങള്‍ ഒതുക്കി ശരീരചലനങ്ങളെയും നിയന്ത്രിച്ചുള്ള അഭിനയം ഈ നടനില്‍ വ്യത്യസ്തമായ ഒരുപാട് സാധ്യതകള്‍ ഇനിയുമുണ്ടെന്നു നമുക്കു മനസിലാക്കിത്തരുന്നു. രേവമ്മയായി വരുന്ന പത്മപ്രിയ, പമേലയായി വരുന്ന ബംഗാളി നടി കമാലിനി മുക്കര്‍ജി, കാളിയായി വരുന്ന ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കുട്ടിസ്രാങ്കിലെ ഒരു അഭിനേതാവും മോശമായ പ്രകടനം കാഴ്ച വെച്ചിട്ടില്ലെന്നത് സംവിധായകന്റെയുംകൂടി മികവായി കാണാം.
1950 കാലഘട്ടത്തിലാണ് സിനിമ ഇതള്‍ വിടരുന്നത്. ആ കാലഘട്ടം വ്യക്തമാക്കുന്ന ശബ്ദവിന്യാസവുമായി സൌണ്ട് എഞ്ചിനീയര്‍ കൃഷ്ണന്‍കുട്ടി അസാധ്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതുപോലെ മലയാളത്തില്‍ ആദ്യമായി വനിതാ സിനിമോട്ടോഗ്രാഫറുടെ കാഴ്ചയില്‍ വിരിയുന്ന സിനിമയാണ് കുട്ടിസ്രാങ്ക്. സന്തോഷ് ശിവന്റെ കൂടെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അഞ്ജലി ഗുപതയാണ് ഈ ചിത്രത്തിലെ മനോഹരദ്യശ്യങ്ങള്‍ക്ക് കാമറ ചലിപ്പിച്ചത്. ഐസക്ക് കൊട്ടുകാപ്പള്ളിയുടെ സംഗീതവും എടുത്തു പറയേണ്ടതാണ്. പിഎഫ് മാത്യൂസും പത്രപ്രവര്‍ത്തകനായ ഹരികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
സംവിധായകന്‍ കഥ പറയുന്നത് സത്യസന്ധമായാണ്. ഭാവനകളെ അദ്ദേഹം സ്വതന്ത്രമായി മേയാന്‍ വിടുന്നു.പൌരുഷത്തിന്റെ ആള്‍ രൂപമാണ് സ്രാങ്ക്. മൂന്നു പെണ്‍മനസുകള്‍ക്ക് അയാള്‍ താങ്ങാണ്. എന്നാല്‍ അവരില്‍ നിന്ന് അയാള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ഉത്തരം പറയേണ്ടത് സ്രാങ്കല്ല.....നമ്മള്‍ തന്നെ. തീര്‍ച്ചയായും ഒരു ഉത്തരം സ്വന്തം ജീവിതത്തില്‍ നിന്ന് നമുക്ക് കണ്ടെത്താം.... മാന്ത്രികനായ സ്രാങ്കിനു വേണ്ടി.

ഒളിക്കാഴ്ചകളുടെ വേദന


എസ് അജോയ്

ഒട്ടും സംതൃപ്തി തരാത്ത സിനിമയാണ് 'ലവ്,സെക്സ്,ഓര്‍ ധോക്ക'(എല്‍എസ്ഡി). പകരം നിങ്ങള്‍ അസ്വസ്സ്ഥനാകും. ആസക്തമാകേണ്ട ഒളിഞ്ഞുനോട്ടത്തിന്റെ രംഗങ്ങള്‍ മനസിനെ കൊളുത്തിവലിക്കുന്ന വേദനയായി മാറും. ആഗോളവല്‍ക്കരണകാലത്തെ ജീവിതം എത്ര ക്ളേശകരമാണെന്ന് 'എല്‍എസ്ഡി' കാട്ടിത്തരുന്നു. ദിബാങ്കര്‍ ബാനര്‍ജിയെന്ന യുവ സംവിധായകന്റെ ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രമേയത്തിലെ പുതുമ കൊണ്ട് മാത്രമല്ല. അതിന്റെ സത്യസന്ധത കൊണ്ടു കൂടിയാണ്.
സാങ്കേതിക വിദ്യയുടെ ഇരകള്‍ നിസഹായരായായി ജീവിക്കുമ്പോള്‍ അവര്‍ ആലംബഹീനരാണെന്ന് നാം തിരിച്ചറിയുന്നു.കൈവിട്ട അസ്ത്രം പോലെ വിഷ്വലുകള്‍ ഇന്റര്‍നെറ്റും മൊബൈലും വഴി പറക്കുമ്പോള്‍ ഒരു നിമിഷത്തെ ദൌര്‍ബല്യത്തിനു ഇവര്‍ നല്‍കുന്ന വില ജീവിതമാണ്. ശാസ്ത്രസാങ്കേതിക വിദ്യ അനുഗ്രഹവും ഗുണവും മാത്രമാണെന്ന മുതലാളിത്ത പ്രചാരണത്തെ 'എല്‍എസ്ഡി' ചോദ്യം ചെയ്യുന്നു.
ഇന്റര്‍നെറ്റിലും മൊബൈലിലും പ്രചരിക്കുന്ന അശ്ളീല ദൃശ്യങ്ങള്‍ കണ്ട് രസിക്കുമ്പോള്‍ അതിനു പിന്നിലെ ഇരകളെപ്പറ്റി പലരും ഓര്‍ക്കാറില്ല. അറവുമാടുകളുടെ മാനസികാവസ്ഥയില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അവര്‍ വലിയുന്നു; ആരുമറിയാതെ.ഇത്തരക്കാരുടെ കഥയാണ് 'എല്‍എസ്ഡി'.
ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ സിനിമയായ 'എല്‍എസ്ഡി' ഹിന്ദി സിനിമയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതാണെന്ന് നിസംശയം പറയാം. ചുറ്റും കാണുന്ന യാഥാര്‍ഥ്യങ്ങളെ നിഷേധിക്കലല്ല മറിച്ച് പച്ചയായ ജീവിതവും അതിന്റെ ആകുലതകളുമാണ് സിനിമയെന്ന് ദീബാങ്കര്‍ പറയുന്നു.
പരസ്പരബന്ധിതമായ മൂന്നു ചെറുകഥകള്‍.സിനിമാ ഭ്രാന്തനായ ചെറുപ്പക്കാരന്റെ ദാരുണ കഥ "സൂപ്പര്‍ഹിറ്റ് പ്യാര്‍' ഹാന്‍ഡി കാമിലും, രണ്ടാം കഥയായ 'പാപ് കി ദുകാന്‍' സി സി കാമറയിലും, മൂന്നാം കഥ 'ബദ്നാം ഷോറത്ത്'ഒളി കാമറയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.കഥക്കൊത്ത കാമറകള്‍ കൊണ്ട്. മറ്റേതൊരു അമച്വര്‍ കാമറയെയും പോലെ ഇടയ്ക്കിടെ ദൃശ്യങ്ങള്‍ മായുന്നു, മറയുന്നു. വിചിത്രമായ ആംഗിളുകളില്‍ തിരികെയെത്തുന്നു-വ്യത്യസ്തമായ ദൃശ്യാനുഭവം. കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ ചിത്രം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം നാം മറക്കുന്നു. നിറങ്ങള്‍ നിറഞ്ഞ സ്വപ്നസദ്യശ്യമായ സാധാരണ ഹിന്ദി സിനിമാ രംഗങ്ങളോടുള്ള വിയോജിപ്പ് എത്ര സമര്‍ഥമായി ദീബാങ്കര്‍ പ്രകടിപ്പിക്കുന്നുവെന്ന് നോക്കുക.
ആദ്യകഥയായ 'സൂപ്പര്‍ഹിറ്റ് പ്യാര്‍' ജീവിതം പൈങ്കിളി സിനിമാക്കഥയല്ല എന്നു പറയുന്നു. രാഹുല്‍ എന്ന സിനിമാ വിദ്യാര്‍ഥി ജമീന്ദാരുടെ മകളായ ശ്രുതിയെ ഹിന്ദിസിനിമാ ഫോര്‍മാറ്റില്‍ സ്നേഹിക്കുന്നതാണ് പ്രമേയം. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവും കൂട്ടാളികളും ചേര്‍ന്ന് ഇവരെ വധിക്കുന്നു. വ്യവസ്ഥാപിത ഹിന്ദി സിനിമയെയും,ഉത്തരേന്ത്യയിലെ ജാതിഭ്രാന്തിനെയും ഈ കഥ കണക്കറ്റു പരിഹസിക്കുന്നുണ്ട്.
'പാപ് കി ദുകാന്‍' എന്ന രണ്ടാം കഥയാണ് മനസിനെ ഏറെ മഥിക്കുക. ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ആദര്‍ശും അവിടെ ജോലിചെയ്യുന്ന രശ്മിയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ആദര്‍ശിനോട് ഒരു സുഹൃത്താണ് പണമുണ്ടാക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്നത്. ഏതെങ്കിലും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കി അവളുമായി ബന്ധപ്പെടുന്നത് അവളറിയാതെ പകര്‍ത്തുക. ഇത് വന്‍തുകയ്ക്ക് വാങ്ങാനാളുണ്ട്.
ആദര്‍ശ് രശ്മിയുമായുള്ള കിടപ്പറരംഗം അവളറിയാതെ ചിത്രീകരിക്കുന്നു. ഏറെക്കുറെ പച്ചയായി ഈ രംഗങ്ങള്‍ കാട്ടുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ നിഷ്കളങ്കതയും യുവാവിന്റെ നിസ്സഹായാവസ്ഥയും ഇരുവരുടെയും പ്രണയവും കാണികളില്‍ ഞടുക്കവും വേദനയുമാണ് ഉണ്ടാക്കുന്നത്. കാമം ഇല്ലാതാവുന്ന അവസ്ഥ.ലോകനിലവാരമുള്ള ഈ കഥാ രംഗം കാണികളുടെ മനസില്‍ നിന്ന് ഉടനൊന്നും മായില്ല.
പ്രഭാത് എന്ന പത്രപ്രവര്‍ത്തകന്റെ സഹായത്തോടെ തന്നെ വഞ്ചിച്ച പ്രശസ്ത ഗായകനെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കുന്ന നയ്ന എന്ന പെണ്‍കുട്ടിയുടെ കഥയാണ് 'ബദ്നാം ഷോറത്ത്'
വര്‍ഷങ്ങള്‍ക്കുമുമ്പ് ദല്‍ഹിയിലെ ഒരു സ്കൂള്‍കുട്ടിയുടെ അശ്ളീല രംഗങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ എത്തിച്ചതാണ്'പാപ് കി ദുക്കാന്റെ' പ്രചോദനമെന്ന് ദിബാങ്കര്‍ പറയുന്നു. കുടുംബത്തിന്റെയും മതത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ എത്രയോ പ്രണയിനികള്‍ ഇന്ത്യയില്‍ വഞ്ചിക്കപ്പെടുന്നു? ഇതിനെയെല്ലാം നാം കണ്ണടച്ച് ഇരുട്ടാക്കണോ? തന്റെ ചിത്രങ്ങള്‍ നല്‍കുന്ന ശക്തമായ സന്ദേശങ്ങളില്‍ തൃപ്തനാണ് ഈ ചെറുപ്പക്കാരന്‍.
അന്‍ഷുമാന്‍ ത്സാ (രാഹുല്‍), ശ്രുതി(ശ്രുതി), രാജ്കുമാര്‍ യാദവ്(ആദര്‍ശ്), നേഹാ ചൌഹാന്‍(രശ്മി), അമിത് സയില്‍ (പ്രഭാത്), ആര്യ ദേവദത്ത(നയന) എന്നീ പുതുമുഖങ്ങളാണ് അഭിയിക്കാതെ അഭിനയിക്കുന്നവര്‍. ദീപാങ്കര്‍ ബാനര്‍ജിക്കൊപ്പം കനുഭെല്ലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. നിക്കോസ് ആന്‍ഡ്രിക്കസാണ് കാമറ. നമ്രതാ റാവുവിന്റെ എഡിറ്റിങ്ങും സ്നേഹാ കന്‍വല്‍ക്കറിന്റെ സംഗീതവും ചിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്നു.ദിബാങ്കര്‍ ബാനര്‍ജി ഇതിനു മുമ്പ് സംവിധാനം ചെയ്ത 'ഖോസ്ലാ കാ ഖോസ്ല'(2006), 'ഓയ് ലക്കി ഓയ്'(2008) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.

മലയാളത്തിന് മധു പകര്‍ന്ന സംഗീത പൌര്‍ണമി

എസ് അജോയ്

ഒരൊറ്റ ഗാനം മതിയായിരുന്നു അവര്‍ക്ക് മലയാളികളുടെ മനസില്‍ ഇടം നേടാന്‍. നാല്‍പ്പതു വര്‍ഷത്തിനു ശേഷവും ആ ഗാനം മലയാളികളുടെ മനസില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞു വരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യ ഹരിതഗാനത്തെ കുറിച്ചാണ്. 1969 ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്ക്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. ഈ പാട്ടിന് ഈണം പകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം? വൈകിയെങ്കിലും മലയാളക്കര അവര്‍ക്കു നല്‍കിയ ആദരമായി സ്വരലയ പുരസ്ക്കാരം.പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജന്റെ പേരില്‍ 'സ്വരലയ' ഏര്‍പ്പെടുത്തിയ സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡാണ് ഉഷാ ഖന്നയ്ക്ക് ലഭിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ദേവരാഗസന്ധ്യയില്‍ ഡോ. കെ ജെ യേശുദാസാവുംസമ്മാനിക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും.
'മൂടല്‍ മഞ്ഞി'ല്‍ 'നീ മധു പകരൂ' എന്ന ഗാനത്തിനു പുറമെ 'മാനസ മണി വേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍', ഉണരൂ വേഗം നീ, കളവാണീ, വന്നു നായകന്‍', 'മുകിലേ വിണ്ണിലായാലും കണ്ണീരു തൂകും നീ' എന്നീ മനോഹര ഗാനങ്ങള്‍ പാടിയത് എസ് ജാനകിയാണ്. 'കവിളിലെന്തേ കുങ്കുമം, കണ്ണിലെന്തേ സംഭ്രമം' എന്ന ഗാനംആലപിച്ചത് ബി വസന്തയും.ഗ്വാളിയോറില്‍ ജനിച്ച ഉഷാഖന്ന മലയാളത്തനിമയുള്ള ഈ പാട്ടുകളിലൂടെയാണ് കേരളത്തിനു സ്വന്തമായത്. 19 വര്‍ഷങ്ങള്‍ക്കു ശേഷം 'ആദ്യപാപം' എന്ന ചിത്രത്തിനു വേണ്ടി രണ്ടു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. 1991 ല്‍ 'അഗ്നിനിലാവി'നു വേണ്ടി യേശുദാസും ചിത്രയും പാടിയ ആറു പാട്ടുകള്‍. വയലാര്‍ മാധവന്‍കുട്ടിയായിരുന്നു പാട്ടെഴുത്തുകാരന്‍.2002ല്‍ യൂസഫലികേച്ചേരിക്കൊപ്പം 'പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച'ക്കായി 11 പാട്ടുകള്‍. ഇതില്‍ 'ആറ്റും മണിമേലെ ഉണ്ണിയാര്‍ച്ച'എന്ന ചിത്ര യുടെ പാട്ട് ഏറെ ശ്രദ്ധേയമാണ്. കുഞ്ചാക്കോബോബനും ജോമോളുമായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കള്‍. മൂടല്‍ മഞ്ഞിനു ശേഷം അവര്‍ സംഗീതം നല്‍കിയ മലയാള ഗാനങ്ങള്‍ മോശമായതു കൊണ്ടല്ല അവ ശ്രദ്ധിക്കപ്പെടാതെ പോയത്. പല ഗാനങ്ങളും മനോഹരമായിരുന്നു താനും.ചില പാട്ടുകളുടെ വിധി അങ്ങനെയാണ് എന്നു മാത്രമേ അതിനെക്കുറിച്ച് പറയാനാകൂ.
യേശുദാസിനൊപ്പം ബോളിവുഡില്‍
ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ബോളിവുഡ് അങ്കത്തിനൊപ്പം നില്‍ക്കാന്‍ രവീന്ദ്ര ജയിനിനും, സലില്‍ ചൌധരിക്കും നൌഷാദിനും, ജയദേവിനും, ബാപ്പി ലഹരിക്കുമൊപ്പം ഉഷയും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹര ഗാനങ്ങള്‍ പിറന്നു. 'ദാദാ'യിലെ 'ദില്‍ കെ ടുക്ടെ ടുക്ടെ കര്‍ക്കെ' എന്ന ഗാനത്തിന് 1979ലെ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ പുരസ്ക്കാരം യേശുദാസിന് നേടിക്കൊടുത്തു. സാജന്‍ ബിനാ സുഹാഗനിലെ'മധുബന്‍ ഖുശ്ബു ദേതാ ഹൈ','മസ്ദൂര്‍ സിദാബാദി'ലെ 'മേരി മുന്നി റാണി സോജാ, 'കാരണി'ലെ 'സാവന്‍ ആജ് ലഗായാ രേ',സോനേ കി ദില്‍ ലോഹേ കാ ഹാഥ് എന്ന സിനിമയിലെ അതേ പേരിലുള്ള ഗാനം എന്നിവ ദാസിന്റെ ഹിന്ദി ഗാനരത്നങ്ങളില്‍ അമൂല്യങ്ങളാണ്.
റഹ്മാന്റെ ആദരം
പൂര്‍ണമായ അര്‍ഥത്തില്‍ ഇന്ത്യയിലെ ഏക സംഗീത സംവിധായികയാണ് ഉഷാഖന്ന. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ്് 1964 ല്‍ പുറത്തിറങ്ങിയ 'ശബ്നം' എന്ന ചിത്രത്തിലെ 'ഹര്‍ നസര്‍ കെ സൌ അഫ്സാനെ' എന്ന ഗാനം എ ആര്‍ റഹ്മാന്‍ 'ഹിന്ദുസ്ഥാനി' എന്ന കമലഹാസന്‍ ചിത്രത്തില്‍ 'ലട്കാ ദിഖാ ദിയാ' എന്ന പാട്ടായി വീണ്ടും കമ്പോസ് ചെയ്തത്.ശങ്കര്‍ സംവിധാനം ചെയ്ത, കേരളത്തില്‍ ഹിറ്റായ 'ഇന്ത്യന്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് 'ഹിന്ദുസ്ഥാനി'.
പങ്കജ് ഉദാസിന്റെ അരങ്ങേറ്റം
പുതിയ ഗായകരെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അവര്‍ക്ക്. അനുപമ ദേശ്പാണ്ഡെ, ഹേമലത, മുഹമ്മദ് അസീസ്, രൂപ്കുമാര്‍ റാത്തോഡ്, ഷബീര്‍ കുമാര്‍ തുടങ്ങിയവര്‍ വരവറിയിച്ചത് ഉഷാഖന്നയുടെ പാട്ടുകളിലൂടെയാണ്.
പങ്കജ് ഉദാസെന്ന ഗസല്‍ മാന്ത്രികന്‍ ആദ്യമായി പാടുന്നത് ഉഷാഖന്നക്കു വേണ്ടിയാണ്. 1972ല്‍ 'കാംമ്ന' എന്ന ചിത്രത്തിനു വേണ്ടി. 'തും കഭീ സാംനേ ആജാവോ തോ പൂഛേ തും സേ' എന്ന ഗാനം.നക്ഷ് ലയ്പുരിയുടെ മനോഹരമായ വരികളില്‍ പിറന്ന ഈ പാട്ട് ചിത്രം പുറത്തിറങ്ങാത്തതു മൂലം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു ശേഷം 1980ലാണ് ഉദാസിന്റെ ആദ്യ ഗസല്‍ ആല്‍ബം 'ആഹത്ത്' പുറത്തിറങ്ങിയത്. വീണ്ടും ആറു വര്‍ഷത്തിനു ശേഷമാണ് സിനിമക്കു വേണ്ടി അദ്ദേഹം പാടിയത്. 1986ല്‍' 'നാം' എന്ന സിനിമയിലെ'ചിട്ടി ആയി ഹെ ആയി ഹെ ചിട്ടി ആയി ഹെ'എന്ന സൂപ്പര്‍ ഹിറ്റു ഗാനം.
മനോഹരമായ ഗാനങ്ങള്‍ മുഖമുദ്ര
സ്ത്രീയായതിന്റെ ഒരു ആനുകൂല്യവും ഉഷാഖന്ന പിടിച്ചുപറ്റിയിട്ടില്ല. മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു അവരുടെ മുഖമുദ്ര. മുഹമ്മദ് റാഫി അലിഞ്ഞു പാടിയ 'ഹം തും സെ ജുദാ ഹോ കേ മര്‍ ജായോം ഗേ രോ രോ കേ' ,തേരേ ഗലിയോം മേ രഖേം ഗേ സനം'എന്നീ ഗാനങ്ങള്‍ ആര്‍ക്ക് മറക്കാനാവും? 'ഹം ഹിന്ദുസ്ഥാനിയിലെ മുകേഷ് പാടിയ 'ഛോടോ കല്‍ കി ബാത്തേം കല്‍ കി ബാത്ത് പുരാനി',മന്നാഡേ പാടിയ 'ബാദലി'ലെ 'അപ്നേ ലിയേ ജീയേ തോ ക്യാ ജിയേ' ആപ്തോ ഐസേ ന ഥേയിലെ 'തു ഇസ് തര്ഹാ മേരേ സിന്ദഗി മേ ശാമില്‍ ഹെ', സോത്തേണില്‍ കിഷോര്‍-ലതാ ടീമിന്റെ 'ചാന്ദ് കേ പാസ് ജോ സിത്താരാ ഹെ', 'ഷായദ് മേരി ഷാദി കാ ഖയാല്‍','സിന്ദഗി പ്യാര്‍ കാ ഗീത് ഹൈ' തുടങ്ങിയവ ചിലതു മാത്രം. മുഹമ്മദ് റഫി- ആശാ ഭോസ്ളെ-ഉഷാ ഖന്ന കൂട്ടുകെട്ട് ഒരു കാലഘട്ടത്തിലെ വിജയ ത്രയമായിരുന്നു.
എത്തിയത് പാട്ടുകാരിയാവാന്‍
ഔപചാരികമായി സംഗീതം അഭ്യസിക്കാത്ത ഉഷാഖന്നയുടെ അഛന്‍ മനോഹര്‍ ഖന്ന പാട്ടുകാരനും പാട്ടെഴുത്തുകാരനുമായിരുന്നു. പാട്ടുകാരിയാവാനായിരുന്നു ഉഷയുടെയും മോഹം. അങ്ങനെ അഛന്റെ കൂട്ടുകാരനായിരുന്ന പ്രശസ്ത സംഗീതസംവിധായകന്‍ ഒ പി നയ്യാര്‍, ഉഷയെ അക്കാലത്തെ പ്രമുഖ സിനിമാക്കാരനായ ശശ്ധര്‍ മുക്കര്‍ജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഉഷ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ച പാട്ടില്‍ ഒന്ന് മുമ്പൊന്നും കേട്ടിരുന്നില്ലെന്ന് മുക്കര്‍ജി പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെ ഈണം പകര്‍ന്നതാണെന്ന് ഉഷ വെളിപ്പെടുത്തി. ദിവസം രണ്ടുപാട്ട്വീതം താന്‍ കമ്പോസ് ചെയ്യാറുണ്ടെന്നും പതിനാറുകാരി വെളിപ്പെടുത്തി. അപ്പോള്‍ മുക്കര്‍ജി പറഞ്ഞു 'മകളേ, ഗായികയെന്ന നിലയില്‍ നിനക്ക് ലതയെയും ആശയെയും കവച്ചുവെയ്ക്കാനാവില്ല. നിന്റെ രംഗം സംഗീത സംവിധാനത്തിന്റേതാണ'്-അതായിരുന്നു തുടക്കം.
ഹിറ്റായ ദില്‍ ദേഖേ ദേഖോ'
ഏതാനും മാസങ്ങള്‍ക്കകം മുഖര്‍ജിയുടെ 'ദില്‍ ദേഖേ ദേഖോ'യെന്ന സിനിമയുടെ സംഗീത സംവിധാനം ഉഷയെ ഏല്‍പ്പിച്ചു. 1959ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായി. ആശാപരേഖ് എന്ന അഭിനയപ്രതിഭയുടെയും ആദ്യ ചിത്രമായിരുന്നു 'ദില്‍ ദേഖേ ദേഖോ'.തുടര്‍ന്ന് 1961ല്‍ മുക്കര്‍ജിയുടെ തന്നെ 'ഹം ഹിന്ദുസ്ഥാനി'യിലെ ഗാനങ്ങളും ഉഷ കമ്പോസു ചെയ്തു. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏക് സപേരാ ഏക് ലുടേരാ,ലാല്‍ബംഗ്ളാ,ഏക്രാത്, ആവോ പ്യാര്‍ കരേ', സാജന്‍ബിനാ സുഹാഗന്‍, സുല്‍ത്താന്‍, നിഷാന്‍, ബാദല്‍, ഹം ഹിന്ദുസ്ഥാനി, മുനീംജി, ഷബ്നം തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അവര്‍ ഈണം പകര്‍ന്നത്.
പലപ്പോഴും മികച്ച ബാനറുകളുടെ ചിത്രങ്ങള്‍ ഉഷക്ക് ലഭിച്ചിരുന്നില്ല. ബി, സി ഗ്രേഡ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുമ്പോഴും ഉള്ളിലെ അഗ്നികെടാതെ അവര്‍ സൂക്ഷിച്ചിരുന്നു. ഉദാ. പ്യാസി ആംഖേ, ഖോജ്, ലൈല, പ്രീതി.... 1959 തുടങ്ങിയ സംഗീത സപര്യ 2003ല്‍ 'ദില്‍ പരദേശി ഹോ ഗയ'യില്‍ എത്തിനില്‍ക്കുന്നു. തുടര്‍ന്ന് സ്വയം പ്രഖ്യാപിതമായ ഒരു നിശബ്ദതയായിരുന്നു.അതിനെപ്പറ്റി അവര്‍ പറയുന്നു.
'പണ്ട് സംഗീതത്തില്‍ സംഗീതസംവിധായകന് സ്വതന്ത്രനായിരുന്നു. ഇന്ന് നിര്‍മാതാവും സംവിധായകനും വിപണി താല്‍പര്യങ്ങളുമെല്ലാം കടന്നുവന്നിരിക്കുന്നു. പലപ്പോഴും അവര്‍ പറയുന്നു അവര്‍ക്കാണ് സംഗീതമറിയാവുന്നതെന്ന്.' ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ ്ഉഷക്ക് കൂടുതല്‍ താല്‍പര്യം.
പ്രശസ്ത സംഗീതസംവിധായകന്‍ സാവന്‍ കുമാറിനെയാണ് ഉഷാഖന്ന വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യം രണ്ടുകൊല്ലമേ നീണ്ടൂള്ളൂ. പക്ഷേ വിവാഹമോചനത്തിനുശേഷവും സാവന്‍ കുമാര്‍ ചിത്രങ്ങള്‍ക്ക് ഉഷ സംഗീതം പകര്‍ന്നു. 'ദില്‍ പര്‍ദേശി ഹോഗയ' ഉദാഹരണം.സംഗീതത്തിനു കാല-ദേശ ഭേദങ്ങളില്ല എന്നുതു പോലെ പ്രതിഭക്ക് സ്ത്രീ-പുരുഷ വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ് ഉഷാഖന്നയുടെ സംഗീത ജീവിതം.

ഖാന്‍ ചരിത്രമാകുന്നത് എങ്ങനെ?

'

എസ് അജോയ്

ലോകത്ത് രണ്ടുതരം മനുഷ്യരേ ഉള്ളൂ; നല്ലതും ചീത്തയും'-ലളിതമായ ഈ വാചകത്തില്‍ നിന്ന് മനോഹരമായ ചലച്ചിത്രം പിറവി കൊള്ളുകയാണ്. 'മൈ നേം ഈസ് ഖാന്‍' എന്ന ഷാരൂഖ്ഖാന്‍ ചിത്രം ചീത്തയെപ്പറ്റി അധികം പറയുന്നില്ല; നന്മയാണ് കാതല്‍. എന്നാല്‍ ഈ സിനിമക്കെതിരെയുള്ള ഹിന്ദുത്വ ശക്തികളുടെ ഉറഞ്ഞുതുള്ളല്‍ രാക്ഷസമാരെ ഓര്‍മ്മിപ്പിക്കും. ഹിന്ദുവര്‍ഗീയ വാദികളുടെ ബഹിഷ്കരണ ഭീഷണി മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ചിത്രത്തിനെതിരായി എന്നത് ആകസ്മികതയല്ല. അവര്‍ എന്നും അങ്ങനെതന്നെയായിരുന്നു.
ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തിനു ശേഷം എത്ര ക്രൂരമായാണ് ഇസ്ളാമിനോട് മുതലാളിത്ത ലോകം പെരുമാറുന്നത് എന്ന് 'ഖാന്‍' വരച്ചുകാട്ടുന്നു.ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സത്യസന്ധരും നിസഹായരുമായ മുസ്ളീങ്ങള്‍ നേരിടുന്ന മതപരമായ ഒറ്റപ്പെടലിന്റെ യഥാര്‍ഥമായ വിവരണം കൂടിയാണ് ഈ ചിത്രം. 'എന്റെ പേര് ഖാന്‍, ഞാനൊരു ഭീകരവാദിയല്ല'എന്ന് ഓട്ടിസത്തിന്റെ ചെറുപ്പതിപ്പായ ആസ്പര്‍ഗേഴ്സ് സിന്‍ഡ്രോം ബാധിച്ച നായകന്‍, റിസവാന്‍ഖാന്‍(ഷാരൂഖ്ഖാന്‍) ഇടയ്ക്കിടെ പറയുന്നുണ്ട്. ഈ പറച്ചിലില്‍ കുറ്റബോധം തോന്നുന്നത് മുതലാളിത്തത്തിനു മാത്രമല്ല എന്നു നാം മനസിലാക്കിയത് മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ശക്തികളുടെ ആവേശം കണ്ടപ്പോഴാണ്.
ഭീകരാക്രമണത്തിനു ശേഷമുള്ള നാളുകളില്‍ അമേരിക്കയിലെ മുസ്ളിം സ്വന്തം വ്യക്തിത്വം പുറത്തുകാട്ടാന്‍ പേടിക്കുന്ന സമയത്ത് പരസ്യമായി നിസ്ക്കരിക്കാന്‍ റിസ്വാന്‍ തയാറാകുന്നുണ്ട്.'നിസ്ക്കാരം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല അത് ചിന്തയെയും വിശ്വാസത്തെയും ആധാരമാക്കിയുള്ള പ്രവര്‍ത്തിയാണ്' അയാള്‍ പറയുന്നു. ഒരു നിഷ്കളങ്കന്‍ കൊല്ലപ്പെട്ടാല്‍ മനുഷ്യത്വവും മരിക്കുമെന്ന മഹത്തായ ഖുറാന്‍വചനം അമേരിക്കയിലെ ഭീകരാക്രമണത്തിനും ബാധകമാണെന്ന് വിശ്വസിക്കുന്ന നായകന് ഹിന്ദു വനിതയുമായുള്ള വിവാഹം പ്രശ്നമേ ഉണ്ടാക്കുന്നില്ല. മത വിശ്വാസിയായിരിക്കെ തന്നെ എത്രത്തോളം മതേതരവാദിയാവാം എന്നയാള്‍ കാട്ടിത്തരുന്നു. വിശ്വാസത്തില്‍ അടിയുറച്ച മുസ്ളിമിന് എങ്ങനെ വൈവിധ്യപൂര്‍ണമായ സമൂഹത്തില്‍ സംഘര്‍ഷങ്ങളില്ലാതെ ജീവിക്കാമെന്ന സന്ദേശവും വളരെ ആഴത്തിലുള്ളതാണ്.
ഖാന്‍ എന്ന 'വാല്‍' ചേര്‍ത്തതിന്റെ പേരില്‍ ജോലിയും മകന്റെ ജീവനും നഷ്ടമാകുമ്പോള്‍ ഭാര്യ മന്ദിര (കാജോള്‍)യും ഖാന് എതിരാവുന്നു. അരക്ഷിതമായ ഒരു സമൂഹത്തില്‍ എങ്ങനെയാണ് ബന്ധങ്ങള്‍ പോലും അപ്രസക്തമാകുന്നതെന്ന് ചിത്രം കാട്ടിത്തരുന്നു.
ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ക്കായി ക്രിസ്ത്യന്‍ പള്ളിയില്‍ പണം ശേഖരിക്കുന്ന രംഗവും ഓര്‍മ്മയല്‍ നിന്ന് മായില്ല. സംഭാവന നല്‍കാന്‍ ചെല്ലുന്ന ഖാനോട് ഇത് ക്രിസ്ത്യാനികള്‍് ആഫ്രിക്കയിലെ ക്രിസ്ത്യാനികള്‍ക്കായി സംഭരിക്കുന്ന പണമാണെന്നു പറയുന്നു. 'ഇത് ആഫ്രിക്കയിലെ ക്രിസ്ത്യാനികളല്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക്'എന്നു പറഞ്ഞ് കൊണ്ടു വന്ന പണം നല്‍കി പോവുന്ന രംഗം ലോകത്തെ മനുഷ്യരെ മുഴുവന്‍ മതത്തിന്റെ കണ്ണില്‍ കാണുന്നവര്‍ക്കുള്ള മറുപടിയാണ്.
സംവിധായകനെന്ന നിലയില്‍ കരണ്‍ജോഹര്‍ വിമര്‍ശകരെപ്പോലും അതിശയിക്കുന്നു. 'കുച്ച് കുച്ച് ഹോതാഹെ', 'കഭി ഖുഷി കഭി ഗം' തുടങ്ങിയ 'പോപ്പ്കോണ്‍ ചിത്ര' ങ്ങളെടുത്ത ജോഹര്‍ സിനിമയുടെ കച്ചവടമൂല്യം ചോര്‍ന്നുപോകാതെ നമ്മെ പലതും അനുഭവിപ്പിക്കുകയാണ്. ജീവിതത്തോടും മതത്തിനോടും പ്രണയത്തോടുമെല്ലാം സുതാര്യമായ ,സത്യസന്ധമായ നിലപാടുള്ള റിസ്വാന്‍ഖാന്റെ കഥ ലോകമെമ്പാടും നെഞ്ചിലേറ്റിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച താരജോഡികള്‍ എന്നു വാഴ്ത്തുന്ന ഷാരൂഖ്-കാജോളിന്റെ പ്രണയം ഗിമ്മിക്കുകളൊന്നമില്ലാതെ ലളിതമായി കരണ്‍ വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ അവിസ്മരണീയമാവുകയാണ് പ്രേക്ഷകര്‍ക്ക് ഈ പ്രണയാനുഭവം.
ഷാരൂഖ്ഖാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 'മൈ നേം ഈസ് ഖാന്‍'. ആസ്പര്‍ഗേഴ്സ് സിന്‍ഡ്രോം ബാധിച്ച യുവാവിന്റെ വേഷം നല്‍കുന്ന വെല്ലുവിളി അദ്ദേഹം മനോഹരമായി ഏറ്റെടുത്തു.
ഷാരൂഖ്ഖാന്റെ ചിത്രത്തെ എതിര്‍ക്കാനുള്ള ശിവസേനയുടെയും മറ്റ് ഹിന്ദുത്വ ശക്തികളുടെയും തീരുമാനം അവര്‍ക്കുതന്നെ തിരിച്ചടിയാവുകയായിരുന്നു. ശിവസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായി അവരുടെ വിലക്ക് ലംഘിച്ച് മഹാരാഷ്ട്രയില്‍ ആയിരങ്ങള്‍ 'മൈ നേം ഈസ് ഖാന്റെ' ടിക്കറ്റിനായി ക്യൂ നിന്നു. വിലക്ക് പേടിച്ച് മുംബൈയില്‍ റിലീസിങിന് തയാറാവാതെയിരുന്ന തിയേറ്ററുകളെല്ലാം തിരികെയെത്തി. മഹാരാഷ്ട്ര അടക്കിവാണ ഹിന്ദുത്വശക്തികള്‍ പത്തിമടക്കി.
'പാകിസ്ഥാനിയോ, താലിബാന്‍കാരനോ ആരും വന്നോട്ടെ, ജനങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കെന്താ'യെന്ന് പല്ലുകൊഴിഞ്ഞ മറാത്തിസിംഹം ബാല്‍താക്കറെ മുഖപത്രമായ 'സാമ്ന'യിലൂടെ വിലപിച്ചു.
ഷാരൂഖ്ഖാന്‍ എന്ന നടന്റെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒരുകൂട്ടം ജനാധിപത്യവിരുദ്ധരായ ഗുണ്ടാക്കൂട്ടത്തിന്റെ കല്‍പ്പനകള്‍ അലിഞ്ഞില്ലാതാവുന്നത് ലോകം കണ്ടു. ഇത് ജനാധിപത്യത്തിന്റെ വിജയം.
സിനിമയുടെ വിജയത്തിനായി ബാല്‍താക്കറെയുടെ വീടായ 'മാതോശ്രീ'യില്‍ പോയി കാല്‍തൊട്ടു വണങ്ങിയ ഹിന്ദി സിനിമാക്കാര്‍ക്ക് മുന്നില്‍ ഷാരൂഖ് പുത്തന്‍ പ്രതീകമായി. വീട്ടില്‍പോയി താക്കറെയെ കണ്ട് മാപ്പു ചോദിച്ചാല്‍ വിലക്ക് പിന്‍വലിക്കാം എന്നുപദേശിച്ചവരോട് ആദ്യം അദ്ദേഹം തന്നെ ക്ഷണിക്കട്ടെ എന്നു പറയാനുള്ള ചങ്കൂറ്റം ഷാരൂഖ് കാട്ടി.
ഉദാത്തമായ ചലച്ചിത്രം എന്നൊന്നും വിശേഷിപ്പിനാവില്ലെങ്കിലും 'മൈ നേം ഈസ് ഖാന്‍' പല കാരണങ്ങള്‍ കൊണ്ടും ചരിത്രമാവുകയാണ്. മദര്‍ ഇന്ത്യയും, ആവാരയും, കാഗസ് കേ ഫൂലും, മുഗള്‍-ഇ-അസമും പോലെ.

അവര്‍ ശേഷിപ്പിച്ചത് ഗാനസൌഭാഗ്യങ്ങള്‍ മാത്രം....



എസ് അജോയ്

ആത്മാവില്‍ മുട്ടി വിളിക്കുന്ന ഏതാനും ഗാനങ്ങള്‍ ശേഷിപ്പിച്ചാണ് അവര്‍ പോയത്; ഗന്ധര്‍വരെപ്പോലെ.....ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് താളമിട്ട് വിസ്മൃതിയിലേക്ക് മറഞ്ഞ അവര്‍ പിന്നീട് ഒരിക്കലും മലയാളക്കരയിലേക്ക് തിരിച്ചുവന്നില്ല. എന്നാല്‍ പ്രതിഭയുടെ സ്വര്‍ണ്ണചിറകുള്ള ഈ സംഗീത ദേശാടന പക്ഷികള്‍ സമ്മാനിച്ച ഗാനസൌഭാഗ്യങ്ങള്‍ മലയാളി മനസിന്റെ ചെപ്പില്‍ നിധിയായി സൂക്ഷിക്കുന്നു; ഇന്നും....
കനുഘോഷ്,വേദ്പാല്‍ വര്‍മ്മ, പണ്ഡിറ്റ് രഘുറാം സേത്ത്, രാജ് കമല്‍, എം എം കീരവാണി, വന്‍രാജ് ഭാട്ടിയ..... പേരുകൊണ്ട് ഇവരെ മലയാളി അറിയുക പ്രയാസം. എന്നാല്‍ ഈ മറുനാടന്‍ പ്രതിഭകള്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ നാം അറിയും. ആ പാട്ടുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗം.
പാട്ടറിയാമെങ്കിലും പാട്ടിന്റെ ശില്‍പ്പിയെ അറിയാത്ത ഉദാഹരണങ്ങളാണ് മലയാളത്തില്‍ ഏറെ. ഹരിഹരന്‍ സംവിധാനം ചെയ്ത 'പ്രേം പൂജാരി'എന്ന ചിത്രത്തിന് സംഗീതം പകര്‍ന്ന ഉത്തംസിംഗിനെ എത്ര പേര്‍ക്കറിയാം...'ധ്വനി'ക്കു വേണ്ടി മഹാനായ നൌഷാദ് ഈണം പകര്‍ന്നിരുന്നു. 'പൂനിലാമഴ'ക്ക് ലക്ഷ്മികാന്ത് പ്യാരേലാലും, 'കല്‍ക്കത്ത ന്യൂസിന് ദേബ് ജ്യോതി മിശ്രയും, 'ദേവരാഗ'ത്തിനും 'സൂര്യമാനസ'ത്തിനും 'നീലഗിരി'ക്കും എം എം കീരവാണിയെന്ന എം എം കരീമും സംഗീതം പകര്‍ന്നത് എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്ന് അറിയില്ല.
അതുപോലെയാണ് കനുഘോഷും. മലയാളി മനസിന്റെ കോണില്‍ പോലുമില്ല ഈ ബംഗാളിക്കു സ്ഥാനം. എന്നാല്‍ 'നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ പുഷ്പജാലം' എന്ന പാട്ടറിയാത്തവര്‍ ചുരുക്കം. 1970ല്‍ പുറത്തിറങ്ങിയ 'നാഴികക്കല്ല്'എന്ന ചിത്രത്തിന് ഈണമിട്ടത് അദ്ദേഹമാണ്. ശ്രീകുമാരന്‍തമ്പി രചിച്ച 'ചെമ്പവിഴച്ചുണ്ടില്‍', 'ചന്ദനതൊട്ടിലില്ല' 'ഏതോരാവില്‍' എന്നീ മനോഹര ഗാനങ്ങളും ഈ ചിത്രത്തില്‍ കനുഘോഷിന്റേതായുണ്ട്. ഈ ഒരൊറ്റ മലയാള ചിത്രത്തിനു മാത്രം സംഗീതം പകര്‍ന്ന ഘോഷ് വളരെക്കുറച്ച് സിനിമകള്‍ക്കു മാത്രമേ ഈണമിട്ടിട്ടുള്ളൂ. അസാമാന്യ പ്രതിഭാശാലിയായ ഈ ബംഗാളി എന്നും സലില്‍ ചൌധരിയുടെ സുഹ്യത്തും അസിസ്റ്റന്റുമായി തുടരാനാണ് ഇഷ്ടപ്പെട്ടത്. എങ്കിലും 1957ലും 1959ലും 'നയാസമാന' 'പ്യാര്‍ കി രാഹേം' എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കു താളമിട്ടു. നയാ സമാനയില്‍ മുഹമ്മദ്റാഫി പാടിയ 'ആജ് ഇസ് നഗരി ആജ് ഉസ് നഗരി',മന്നാഡേയുടെ 'ആയാ നയാ സമാന'എന്നീ പാട്ടുകള്‍ മാത്രം മതി ഘോഷ് എന്ന പ്രതിഭയുടെ ആഴമളക്കാന്‍.
മുപ്പത്തിനാലു വര്‍ഷം മുമ്പ് പൂത്ത ഏഴിലംപാലയുടെ സുഗന്ധം ഇന്നും മനസിലുണ്ടെങ്കില്‍ നന്ദി പറയേണ്ടത് വേദ്പാല്‍ വര്‍മ്മയോടാണ്. പ്രശസ്തമായ മെറിലാന്റിന്റെ ബാനറില്‍ പി സുബ്ര്ഹ്മണ്യം നിര്‍മ്മിച്ച 'കാടി'ലാണ് വശ്യമധുരമായ ഈ പാട്ടുള്ളത്.ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് വര്‍മ്മ ഈണമിട്ട മൂന്നു പാട്ടുകള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍. 'എന്‍ ചുണ്ടില്‍ രാഗമന്ദാരം'(സുശീല, ജാനകി,) 'പൌര്‍ണമി തന്‍'(ബ്രഹ്മാനന്ദന്‍, വസന്ത,) 'വേണോ വേണോ' (പിബി ശ്രീനിവാസ്,എല്‍ ആര്‍ ഈശ്വരി).ഘോഷിനെപ്പോലെ വര്‍മ്മയും അധികം ചിത്രങ്ങള്‍ ചെയ്തിട്ടില്ല. 1984ല്‍ സാവന്‍കുമാറിന്റെ 'സോതന്‍ കി ബേട്ടി'യായിരുന്നു അവസാന ചിത്രം.
മലയാളി മനസിന്റെ വള്ളിക്കുടിലില്‍ എന്നും ഒളിച്ചിരിക്കുന്ന രണ്ടു പാട്ടുകള്‍. 'ആരണ്യക'ത്തില്‍ ഒഎന്‍വിയുടെ സമ്മോഹനമായ വരികള്‍ക്ക് മാന്ത്രിക സംഗീതം പകര്‍ന്ന പണ്ഡിറ്റ് രഘുറാം സേത്ത് മലയാളികളുടെ ആത്മാവില്‍ മുട്ടിവിളിച്ച സംഗീത സംവിധായകനാണ്. പ്രശസ്ത ബാംസുരിവാദകനായ അദ്ദേഹം എണ്ണം പറഞ്ഞ ഏതാനും ഹിന്ദി ഗാനങ്ങളുടെ സൃഷ്ടാവാണ്.
യേശുദാസിന്റെ പ്രശസ്തമായ 'കഹാ സേ ആയേ ബദ്രാ',' ചാന്ദ് ജൈസേ മുഖ്ഡേ പേ'(ചഷ്മെ ബദ്ദുര്‍) എന്നീ ഹിന്ദി ഗാനങ്ങള്‍ക്കു ഈണമിട്ട രാജ്കമല്‍ 1985ല്‍ 'ആഴി' എന്ന മലയാള ചിത്രത്തിനും ഈണമിട്ടിട്ടിണ്ട്.' അകലെപ്പോലും ആഴികളിളകും'എന്ന ഗാനം ഓര്‍ക്കുക.
ബോബന്‍കുഞ്ചാക്കോ നായകനായ 'ഇങ്ങനെ ഒരു നിലാപക്ഷി'ക്ക് ഈണം പകര്‍ന്നത് സലില്‍ ദായുടെ മക്കളായ സഞ്ജയും അന്തരയുമായിരുന്നു. വികെ പ്രകാശിന്റെ പുനരധിവാസത്തിന് താളമിട്ടത് പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയിസ് ബാങ്ക്സ്.'കനക മുന്തിരികള്‍', 'കണ്ണാടിപ്പൂക്കള്‍ പൂക്കുന്നു' എന്നീ പാട്ടുകള്‍ പ്രശസ്തം. അന്താരാഷ്ട്ര പ്രശസ്തനായ വന്‍രാജ് ഭാട്ടിയ ശിവപ്രസാദിന്റെ 'വേമ്പനാ'ടെന്ന പാട്ടില്ലാ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും സംഗീതകാരനുമായ വിശാല്‍ ഭരദ്വാജ് ഒരു മലയാള ചിത്രത്തിന് ഈണമിട്ടിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത 'ദയ'യിലെ ഗാനങ്ങള്‍.മോഹന്‍ലാല്‍ നായകനായ 'കീര്‍ത്തിചക്ര'യിലെ പാട്ടുകള്‍ ചെയ്ത ജോഷ്വ ശ്രീധര്‍ തമിഴിലെ തിരക്കുള്ള സംഗീത സംവിധായകനാണ്. 'അന്തിപൊന്‍വെട്ടം' എന്ന സിനിമക്കു സംഗീതം പകര്‍ന്ന അമിത് ത്രിവേദിയും,'സ്നേഹപൂര്‍വം അന്നക്കു താളമിട്ട രാജുസിംഗും ഹിന്ദിയിലെ യുവ സംഗീത സംവിധായകരില്‍ പ്രമുഖര്‍. മലയാളിയാണ് രാജുസിംഗിന്റെ ഭാര്യ.
സലില്‍ ചൌധരിയും ബോംബെ രവിയും ഇളയരാജയും എ ആര്‍ റഹ്മാനും ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. ദേവരാജനും, ബാബുരാജും പോലെ മലയാളികള്‍ക്ക് പ്രിയങ്കരരാണ് ഇവര്‍. 1965ല്‍ 'ചെമ്മീന്‍' മുതല്‍ 1994ല്‍ ഈണം പകര്‍ന്ന 'തുമ്പോളി കടപ്പുറം' വരെ 27 സിനിമകളിലായി പരന്നു കിടക്കുകയാണ് സലില്‍ദായുടെ മാസ്മര സംഗീതം. അതു പോലെ 1986ലെ 'പഞ്ചാഗ്നി' മുതല്‍ 2005ലെ 'മയൂഖം' വരെ അലയടിക്കുന്നു ബോംബെ രവിയുടെ സംഗീത സാഗരം .'യോദ്ധ'യിലെ ഗാനങ്ങള്‍ റഹ്മാന്‍ ഈണം പകര്‍ന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. 1980ല്‍ 'ദൂരം അരികെ' മുതല്‍ 'ഭാഗ്യദേവത'യും 'പഴശ്ശിരാജ'യും വരെ 27 ചിത്രങ്ങള്‍ക്ക് ഇളയരാജ നല്‍കിയ ഈണങ്ങള്‍ മലയാളി ഇപ്പോഴും മൂളുന്നു; സംഗീത സംവിധായകനെ അറിഞ്ഞു തന്നെ.
എങ്കിലും അറിയാത്ത സംഗീത ദേശാടന പക്ഷികള്‍ക്കായി കാതോര്‍ക്കുകയാണ് മലയാളക്കര..... പ്രതീക്ഷയോടെ.

പാടാത്ത പാട്ടുകാരി




എസ് അജോയ്

ഓര്‍മ്മയുണ്ടോ ലതികയെ? മനോഹരമായ ഒരു പിടി ഗാനങ്ങള്‍ പാടി ദിക്കുമാറിപ്പറന്ന വിഷുപക്ഷിയെ..... ഓര്‍ക്കാനിടയില്ല. ഈ ശബ്ദത്തിന്റെ പുതുമ നമ്മള്‍ അനുഭവിച്ചിട്ട് കാലങ്ങളായി. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം. ഇപ്പോള്‍ ഇവര്‍ സിനിമാപാട്ട് പാടാറില്ല. ഇന്നവര്‍ കുട്ടികള്‍ക്കു പാട്ടു പറഞ്ഞുകൊടുക്കുകയാണ്്. തിരുവനന്തപുരം സംഗീതകോളേജില്‍ സംഗീതാധ്യാപികയായി കാലം കഴിക്കുമ്പോള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചോര്‍ത്തൊന്നും ഒരു വേവലാതിയുമില്ല ഈ ശബ്ദ സൌകുമാര്യത്തിന്. 80കളുടെ അവസാനവും 90കളുടെ ആദ്യവുമായി ഇവര്‍ പാടിയ മനോഹരഗാനങ്ങള്‍നിരവധിയാണ്.
ജീവിതത്തിന്റെ ആകസ്മിതകളില്‍ ഇതുവരെ പകച്ചുപോയിട്ടില്ല ഈ ഗായിക. സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് രംഗം വിടാന്‍ തീരുമാനിച്ചത്.  തീരുമാനത്തില്‍ ഉറച്ചു നിന്നു.ഇപ്പോഴും ആ തീരുമാനം ശരിയാണെന്ന് ലതിക വിശ്വസിക്കുന്നു. കാതോടു കാതോരം 300ഓളം പാട്ടുകള്‍ നമുക്ക് പാടിത്തന്ന ലതികയുടെ ശബ്ദസൌകുമാര്യം ഇന്ന് സംഗീത വിദ്യാര്‍ഥികള്‍ക്ക് സ്വന്തം. 1994ല്‍ വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങള്‍' എന്ന പാട്ടാണ് അവസാനം പാടിയത്. ഇടയ്ക്കിടെ ചില ആല്‍ബങ്ങള്‍ക്കു പാടാറുമുണ്ട്.
' എല്ലാം ഈശ്വരനിശ്ചയമാണ്. പാട്ടു നിര്‍ത്തി പാലക്കാട് സംഗീത കോളേജില്‍ അധ്യാപികയായി ചേരുമ്പോള്‍ മദ്രാസില്‍ നിന്നു പോന്നതിലോ സിനിമാപാട്ട് നിര്‍ത്തിയതിലോ ആയിരുന്നില്ല  വിഷമം. ചേട്ടനെയും അമ്മയേയുമൊക്കെ പിരിയുന്നതിലായിരുന്നു'-സംഗീതകോളേജിലിരുന്ന് ലതിക പറഞ്ഞു. സര്‍ക്കാര്‍ ജോലി  നല്ല ഭാവിക്ക് വേണ്ടിയാണ് തെരഞ്ഞെടുത്തത്.വീട്ടുകാരാണ് അതു തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല.ഇനിയും ആരെങ്കിലും വിളിച്ചാല്‍ സിനിമയ്ക്ക് പാടാന്‍ മടിയില്ല. എന്നാല്‍ അങ്ങോട്ടുപോയി അവസരം ചോദിക്കില്ല. ഇതുവരെയും അങ്ങനെ ഇടിച്ചുകയറി അവസരമുണ്ടാക്കി പാടിയിട്ടില്ല. ഇനിയും അതിനു കഴിയില്ല. ചോദിക്കാതെ ആരും അവസരം തരുമെന്നും കരുതുന്നില്ല'.
എസ് ജാനകിക്കു ശേഷം ആര് എന്ന ചോദ്യത്തിനു മറുപടിയായിരുന്നു ഒരു കാലത്ത് ലതിക. 1976ല്‍ ഐവി ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം ' പുഷ്പ തല്‍പ്പത്തില്‍ നീ വീണുറങ്ങി' എന്ന പാട്ടോടെയായിരുന്നു തുടക്കം. അമരത്തിലെ 'പുലരേ പൂന്തോണിയില്‍', ചിലമ്പിലെ 'താരും തളിരും മിഴി പൂട്ടി', കാതോടു കാതോരത്തിലെ അതേ വാചകത്തില്‍ തുടങ്ങുന്ന പാട്ട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ 'മെല്ലെ മെല്ലെ', ഇത്തിരി പൂവേ ചുവന്ന പൂവേയിലെ 'പൊന്‍ പുലരൊളി പൂ വിതറിയ', വൈശാലിയിലെ 'ദുംദുഭി നാദം', ശ്രീകൃഷ്ണപരുന്തിലെ 'നിലാവിന്റെ പൂങ്കാവില്‍' തുടങ്ങിയ പാട്ടുകള്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി.
ഭരതന്‍ ചിത്രങ്ങളിലെ സ്ഥിരം ഗായികയായിരുന്നു ലതിക. ഭരതന്റെ ചാമരത്തില്‍ 'വര്‍ണ്ണങ്ങള്‍ ഗന്ധങ്ങള്‍' എന്ന പാട്ടില്‍ തുടങ്ങിയ ആ കൂട്ടുകെട്ട് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.'എന്നോട് പ്രത്യേക വാല്‍സല്യമായിരുന്നു ഭരതേട്ടന്. എന്റെ അനുജത്തി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തുക. റെക്കോഡിങ്ങ് സമയത്ത് അധികം സംസാരമൊന്നുമില്ല. പക്ഷേ പാട്ടിനെക്കുറിച്ച് ശക്തമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ളയാളായിരുന്നു' ലതിക പറയുന്നു. രാഗങ്ങളെക്കുറിച്ചൊക്കെ പിടിപാടുണ്ടായിരുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളായിരുന്നു ഭരതന്‍. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായത് ഭാഗ്യം'.
നാലു പ്രശസ്ത സംഗീത സംവിധായകരുടെ ആദ്യ ചിത്രത്തില്‍ പാടാനായി എന്നത് ലതികയ്ക്കു സ്വന്തമായ അംഗീകാരം. രവീന്ദ്രനൊപ്പം ചൂളയിലും, ഔസേപ്പച്ചനൊപ്പം കാതോടുകാതോരത്തിലും, എസ്പി വെങ്കിടേശിനൊപ്പം രാജാവിന്റെ മകനിലും രാജാമണിക്കൊപ്പം ഗ്രാമത്തെ കിളി എന്ന തമിഴ് ചിത്രത്തിലും.
'വലിയ വലിയ ആളുകളെ പരിചയപ്പെടാനായി. ഒരുമിച്ചു ജോലി ചെയ്യാന്‍ കഴിഞ്ഞു. ദാസേട്ടന്‍, എസ്പി ബാലസുബ്രഹ്മണ്യം, പി ബി ശ്രീനിവാസ്,ദേവരാജന്‍ മാഷ്, രാഘവന്‍ മാഷ്.......അങ്ങനെ നിരവധിപേര്‍. ഇതാണ് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നത്. ദാസേട്ടന്‍ പറഞ്ഞിട്ടാണ് അഡയാര്‍ സംഗീത കോളേജില്‍ പാട്ടു പഠിക്കാന്‍ ചേരുന്നത്. ജോലി കിട്ടാന്‍ കാരണമായതും ആ പഠനം തന്നെ. ഇന്നും കാണുമ്പോള്‍ വാല്‍സല്യം കൊണ്ടു മൂടും അദ്ദേഹം.'
'വിനയാന്വയതനാണ് എസ്എപി സാര്‍.ഒരിക്കല്‍ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ പാടുന്നു. എസ് പി പറഞ്ഞു. ലതിക നന്നായി പാടി. എന്റേത് മോശമായി. എനിക്ക് ഒന്നുകൂടി പാടണം. ഒരു വലിയ ഗായകനായിട്ടും ആ ഭാവമില്ലാത്ത അദ്ദേഹം പുതിയ തലമുറയ്ക്ക് മാതൃകയാണ്.'
ലതിക പാടിയ ചില പാട്ടുകള്‍ അറിയപ്പെടുന്നത് മറ്റു ചില ഗായികമാരുടെ പേരിലാണ്. ഉദാഹരണത്തിന്് കാതോടുകാതോരം, പുലരെ പൂന്തോണിയില്‍, സായം സന്ധ്യ(ഈഗിള്‍) എന്നീ പാട്ടുകള്‍ ചിത്രയുടേതായാണ് പൊതുവെ അറിയപ്പെടുന്നത്. ദൂരദര്‍ശന്‍ ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍ മിന്നാനിനുങ്ങിന്റെ നുറുങ്ങുവട്ടത്തിലെ കണ്‍മണിയെ ആരാരിരോ..... എന്നപാട്ട് എസ് ജാനകിയുടെ പേരിലാണ് അവതരിപ്പിച്ചത്. ഇതൊന്നും സാരമില്ല എന്ന നിലപാടിലാണ് ലതിക.
കൊല്ലം ആശ്രാമം സ്വദേശിനിയായ ലതിക ചെറുപ്പം മുതല്‍ നന്നായി പാടുമായിരുന്നു. നന്നേ കുട്ടിക്കാലത്തു തന്നെ ഗാനമേളകളില്‍ സജീവ സാനിധ്യം. ചേച്ചിയും അന്ന് പാട്ടുകാരി. ചേട്ടന്‍ രാജേന്ദ്രബാബു കീബോര്‍ഡ് വായിക്കും. പാര്‍വതി മില്ലിലെ സാധാരണ ജീവനക്കാരനായിരുന്നു അഛന്‍ സദാശിവന്‍ ഭാഗവതര്‍.  ഗാനമേളകളില്‍ നിരന്തരം പാടി ലതികയ്ക്ക് തഴക്കം വന്നു.
'ഇതിനിടെ ചേട്ടന്‍ കണ്ണൂര്‍ രാജന്റെ സഹായിയായി നാടകരംഗത്തെത്തി. തുടര്‍ന്ന്  ഒരു നാടകഗാനം പാടാന്‍ അവസരം ലഭിച്ചു. ബിച്ചു തിരുമലയെഴുതി രാജന്‍ സംഗീതസംവിധാനം നിര്‍വഹിച്ച' തുഷാര ബിന്ദുക്കളെ' എന്ന പ്രശസ്ത ഗാനം. എന്നാല്‍ ഈ പാട്ട് സിനിമയില്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചത് ജാനകിക്കാണ്.  ഈ സംഭവത്തോടെ എന്നെ സിനിമയില്‍ പാടിപ്പിക്കുക എന്ന ദൌത്യം കണ്ണൂര്‍ രാജന്‍ ഏറ്റെടുത്തു. അങ്ങനെയാണ് 1976 ല്‍ 'പുഷ്പ തല്‍പ്പത്തില്‍' എന്ന പാട്ടു സംഭവിക്കുന്നത്.'
പുതിയ തലമുറയിലെ ഗായകര്‍ നന്നായി പാടുമെന്ന് പറയുന്ന ലതികയ്ക്ക് അവര്‍ കൂറേക്കൂടി അര്‍പ്പണ മനോഭാവം കാട്ടണമെന്ന അഭിപ്രായമുണ്ട്. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിന് എന്നു കരുതുന്ന ഈ ഗായിക ലതിക ടീച്ചര്‍ എന്ന കുട്ടികളുടെ വിളികളില്‍ സംതൃപ്തയാണ്.