Monday, July 25, 2011

ആഭ്യന്തരറബര്‍ ആവശ്യത്തിലേറെ;

ആഭ്യന്തരറബര്‍ ആവശ്യത്തിലേറെ;
എന്നിട്ടും ഇറക്കുമതി
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ആഭ്യന്തര റബര്‍ ആവശ്യത്തിലേറെയുള്ളപ്പോള്‍. ഈ സാമ്പത്തികവര്‍ഷത്തില്‍ റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉല്‍പാദനത്തിലും സംഭരണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റബര്‍ ഉല്‍പ്പാദനം 1.75 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ റബറിന്റെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷത്തെ കണക്കുപ്രകാരം 2,47,442 ടണ്‍ റബര്‍ സ്റ്റോക്കുണ്ട്. ഈ വര്‍ഷം ജൂണിലെ മാത്രം ഉല്‍പാദനം 59,200 ടണ്‍ ആണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി അനാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
റബര്‍ ഉല്‍പാദനവും സ്റ്റോക്കും വലിയ വ്യതിയാനങ്ങളില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഉടന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. കര്‍ഷകന് മികച്ച വില ലഭിക്കുന്നഘട്ടത്തില്‍ റബര്‍ ഇറക്കി വിലയിടിക്കാന്‍ കഴിയും. കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചുവച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകര്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കും. ഇതോടെ വിലയിടിയും. ഇറക്കുമതി  തീരുമാനം വന്നതോടെ റബറിന്റെ ആഭ്യന്തരവിലയില്‍ ഒരു രൂപ കുറഞ്ഞു. തിങ്കളാഴ്ച ആര്‍എസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 215 രൂപയായിരുന്നത് ബുധനാഴ്ച 214 രൂപയായി കുറഞ്ഞു.

Sunday, July 24, 2011

എച്ച് 1 എന്‍ 1 പടരുമെന്ന് ആശങ്ക ആരോഗ്യവകുപ്പിന് ജാഗ്രതക്കുറവ്

എസ് അജോയ്
കോട്ടയം: സംസ്ഥാനത്ത് മഴ കനത്തതോടെ എച്ച് 1 എന്‍ 1 രോഗം പടരുമെന്ന് ആശങ്ക. ഇപ്പോഴുള്ള എച്ച് 1 എന്‍ 1  വൈറസ് കുറേക്കൂടി അപകടകാരിയാണെന്നാണ് സൂചന. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസിന്റെ സാമ്പിള്‍ പൂണൈയിലെ ആസ്ഥാനത്തേക്ക് അയച്ചു. ഏതാനും ദിവസത്തിനകം വൈറസിന്റെ സ്വഭാവം സംബന്ധിച്ച് വ്യക്തമാകും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആരോഗ്യവകുപ്പിന്റെ ജാഗ്രതക്കുറവ് ഏറെ വിമര്‍ശനമായി. പല ആശുപത്രികളിലും അസുഖത്തെ നേരിടാനുള്ള ഒസള്‍ട്ടാവിമിര്‍(ടമിഫ്ളൂ) മരുന്നില്ല. പലസ്ഥലങ്ങളിലും ഡോക്ടര്‍മാരുടെ കുറവും ജനരോഷത്തിനിടയാക്കി.
കഴിഞ്ഞ വര്‍ഷം എച്ച്വണ്‍ എന്‍വണ്‍ രോഗത്തെ നേരിടാന്‍ വ്യാപകമായ ഒരുക്കങ്ങളായിരുന്നു ആരോഗ്യ വകുപ്പ് നടത്തിയത്.ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും വേണ്ടത്ര നല്‍കിയിരുന്നു. പ്രത്യേക എച്ച്വണ്‍ എന്‍വണ്‍ വാര്‍ഡുകള്‍  രൂപീകരിച്ചു. ഐസിയുകള്‍  സജ്ജമാക്കി. മിക്ക ആശുപത്രികളിലും പ്രത്യേക വാര്‍ഡുകളും രൂപീകരിച്ചു. മരുന്നുകളും യഥേഷ്ടമുണ്ടായിരുന്നു.ഡോക്ടര്‍മാരും ആവശ്യത്തിനുണ്ടായിരുന്നു.
രോഗത്തിനെതിരെ 75 ശതമാനം മലയാളികളും പ്രതിരോധം നേടിയിട്ടില്ലെന്നാണ് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററും ആരോഗ്യ വകുപ്പും നടത്തിയ പഠനത്തിലുള്ളത്. 2009 ന് ശേഷം കേരളത്തില്‍ 3150 പേര്‍ക്ക് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചിരുന്നു.
2009, 2010 വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ മഴ ശക്തി പ്രാപിച്ച ശേഷമാണ് രോഗം പെരുകിയതെന്നു കാണാം.കാലവര്‍ഷത്തിനുശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ഗര്‍ഭിണികള്‍ക്ക് രോഗ സാധ്യത ഏറെയാണ്. അതിനാല്‍ ഇക്കൊല്ലം ഗര്‍ഭിണികളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ വര്‍ഷം ഒരാള്‍ അസുഖം ബാധിച്ച് മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, പാലക്കാട്  ജില്ലകളിലാണ് രോഗം കൂടിയത്.   
രോഗലക്ഷണങ്ങള്‍
എച്ച് 1 എന്‍1 പനിക്ക് സാധാരണ പനിയുടെ ലക്ഷണങ്ങളാണ്. ഇത് 'ഇന്‍ഫ്ളുവന്‍സ എ' എന്നറിയപ്പെടുന്നു. പനി, കഫക്കെട്ട്, ശരീരവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണം. ചില രോഗികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ആണ് മറ്റൊരാളിലേക്ക് രോഗം പകരുക.
മുന്‍കരുതല്‍
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് വായ പൊത്തുക.
* ചെറിയ പനി വന്നാലും ഡോക്ടറെ കാണുക, സ്വയം ചികിത്സ ഒഴിവാക്കുക.
* രോഗം വന്നാല്‍ എറ്റവും മികച്ച ചികിത്സ വിശ്രമം തന്നെ.
* ആരോഗ്യകരമായ ജീവിത രീതികള്‍ ശീലിക്കുക.
* പനിയോ ചുമയോ പെട്ടെന്ന് കൂടുകയോ മാറാതിരിക്കുകയോ ചെയ്യുന്നത് ഗൌരവത്തോടെ കാണുക.
* ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

Wednesday, July 20, 2011

റബര്‍ ഇറക്കുമതി റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും
 എസ് അജോയ്

കോട്ടയം: നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിലെ റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്ന ആഭ്യന്തര റബര്‍ കര്‍ഷകന് ഇനി ബുദ്ധിമുട്ടിന്റെ നാളുകളാവും എന്നാണ് സൂചന. പുതിയ ഇറക്കുമതി തീരുമാനത്തോടെ ഇനി സ്ഥിരമായി ആഭ്യന്തരറബറിന്റെ വില അന്താരാഷ്ട്ര വിലയേക്കാള്‍ താഴെയാകും.
ഇറക്കുമതി റബറിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കുറച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. കേന്ദ്ര തീരുമാന പ്രകാരം 2011 ഏപ്രില്‍ മുതല്‍  കിലോയ്ക്ക് 20 രൂപയായിരുന്നു തീരുവ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീരുവ കിലോയ്ക്ക് 15 രൂപയായി കുറയും. തീരുവ ഒരു വര്‍ഷത്തിനകം ഇനിയും കുറഞ്ഞേക്കാം.
ഉടന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. അതായത് കര്‍ഷകന് മികച്ച വില ലഭിക്കുന്ന ഘട്ടത്തില്‍ റബര്‍ ഇറക്കി വില ഇടിക്കാന്‍ കഴിയും.  ഈ വര്‍ഷം കൂടുതല്‍ മികച്ച വില കര്‍ഷകന്‍ പ്രതീക്ഷിക്കേണ്ട എന്നു ചുരുക്കം.
കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചു വെച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകന്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കാന്‍ തുടങ്ങും. ഇതോടെ വില ഇടിയും.
2 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു ടയര്‍ ഉല്‍പ്പാദകര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാം എന്നാണ് വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. തല്‍ക്കാലം 40,000 ടണ്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏതുസമയവും ബാക്കിയുള്ള 60,000 ടണ്‍കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുവാദം നല്‍കുമെന്ന് സൂചനയുണ്ട്. ഇതുകൂടി പ്രാവര്‍ത്തികമായാല്‍ ആഭ്യന്ത റബറിന്റെ വില എംആര്‍എഫ് അടക്കമുള്ള ടയര്‍കുത്തകകള്‍ നിയന്ത്രിക്കുന്ന സ്ഥിതിയാകും.
ബജറ്റിലോ അല്ലെങ്കില്‍ തുടര്‍ന്നുള്ള കൂട്ടിച്ചേര്‍ക്കലിലോ ആണ്ഇറക്കുമതി തീരുവ കൂട്ടുന്നതോ കുറയ്ക്കുന്നതോ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഈ തീരുമാനം പെട്ടെന്ന് പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന്  കേരളാ കോണ്‍ഗ്രസ്് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു. കര്‍ഷകവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിക്ക്് അനുവാദം നല്‍കിയത് ആഭ്യന്തര റബറിന്റെ വിലയിടിക്കുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പറഞ്ഞു.

Monday, July 4, 2011

വിദ്യാഭ്യാസ കച്ചവടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം

എസ് അജോയ്
കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന്  കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ സ്വാശ്രയ പ്രശ്നത്തില്‍ ജനവിരുദ്ധ നിലപാട് എടുക്കുന്നതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം പുകയുന്നു. സ്വാശ്രയ പ്രശ്നത്തില്‍ അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുത്ത് മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മാത്യക കാട്ടുമ്പോള്‍ ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ ഒപ്പം ചേര്‍ന്ന് മാനുഷികമുഖം നഷ്ടപ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ഇപ്പോള്‍ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് അഖില മലങ്കര ഓര്‍ത്തഡോക്സ് അല്‍മായ വേദി ജനറല്‍സെക്രട്ടറി തോമസ്ചാണ്ടി പറഞ്ഞു. മെഡിക്കല്‍ കോളജ് ഇപ്പോള്‍ ചില വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റാണ്. ഇവര്‍ സഭയുടെ സല്‍പ്പേര് പണയം വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന് സാമൂഹ്യ നീതിയെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ അമല,ജൂബിലി,പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ക്ക് പുറത്തുള്ള ഏക കത്തോലിക്കേതര മെഡിക്കല്‍ കോളജാണ് കോലഞ്ചേരി. കോലഞ്ചേരി കോളേജിന്റെ ജോര്‍ജ് പോളിനെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഔദ്യോഗിക വക്താവാക്കിയത് ഗൂഡ ലക്ഷ്യത്തോടെ ആണെന്നും സഭാ വിശ്വാസികള്‍ക്ക് സംശയമുണ്ട്. ജനവിരുദ്ധ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും  ചാനല്‍ ചര്‍ച്ചകളില്‍ ഈ തീരുമാനങ്ങള്‍ക്കു വേണ്ടി ജോര്‍ജ് പോള്‍  വാദിക്കുന്നതുംസഭയുടെ പ്രതിഛായയെ മോശമായി ബാധിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് സഭയുടെ ഭാഗമല്ലാത്തതു കൊണ്ട് ജോര്‍ജ് പോള്‍ മലങ്കരഓര്‍ത്തഡോക്സ് സഭയുടെ ഇന്റര്‍ ചര്‍ച്ച് പ്രതിനിധിയല്ല. വ്യവസായിയായ ജോര്‍ജ് പോള്‍ സഭാ ട്രസ്റ്റികളുടെ പ്രതിനിധി മാത്രമാണ്. ഇവര്‍ നടത്തുന്ന വിദ്യാഭൃാസ കച്ചവടത്തില്‍ സഭയ്ക്കു പങ്കുണ്ടോയെന്ന് വിശ്വാസികള്‍ ചോദിക്കുന്നു.
 സഭ നേരിട്ടു നടത്തുന്ന പീരുമേട്ടിലെ മാര്‍ഗ്രിഗോറിയോസ് എഞ്ചിനീയറിങ്ങ് കോളേജില്‍ സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. സഭ നടത്തുന്ന മിക്കവാറും എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളും  ലാഭേഛയല്ലാതെ നടത്തുന്നവയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകളയുന്ന രീതിയിലാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം. കണ്ടനാട് ഭദ്രാസനത്തിലെ ഡോ.തോമസ് മാര്‍ അത്താനാസ്യോസാണ് ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്. എന്നാല്‍ ഇതൊരു ആലങ്കാരിക പദവി മാത്രമാണ്.
 സാധുക്കള്‍ക്ക് സൌജന്യമായും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവിലുംചികില്‍സ നല്‍കാനാണ് ഡോ.കെസി മാമന്റെയും ഫിലിപ്പോസ് മാര്‍ തിയോഫിലിസിന്റെയും പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെയുമെല്ലാം ശ്രമഫലമായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി തുടങ്ങിയത്. പിന്നീട് ഭരണപരമായ സൌകര്യത്തിന് കോലഞ്ചേരിയിലെ ചില കച്ചവട പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പതുക്കെ ആശുപത്രിയുടെയും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഭരണസാരഥ്യം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിആര്‍ഒയും കോട്ടയം ബസേലിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പിസി ഏലിയാസ് പറഞ്ഞു.സഭയുടെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളുടെ കീഴിലാണ്. ട്രസ്റ്റുകളുടെ ഭരണപരമായ മേല്‍നോട്ടമാണ് സഭയ്ക്ക്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയാണെന്നും അദ്ദേഹം പറഞ്ഞു.