എസ് അജോയ്
കോട്ടയം: എന്‍ഡോസള്‍ഫാനടക്കമുള്ള മാരകകീടനാശിനികളുടെ ഉപയോഗവും വിതരണവും അടിയന്തരമായി തടയേണ്ട സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ സമയം നല്‍കുന്നു. നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഫ്യുറിഡാന്‍ അടക്കമുള്ള മാരക കീടനാശിനികളാണ് പെട്ടെന്ന് നിരോധിക്കാതെ തീരുമാനം വെച്ചു നീട്ടുന്നത്. ഇതുവഴി സംഭരിച്ചു വെച്ച ടണ്‍ കണക്കിന് കീടനാശിനികള്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ക്ക് കഴിയും. വന്‍കിട കീടനാശിനി ഉല്‍പാദകരുടെ താല്‍പര്യപ്രകാരമാണ് സംസ്ഥാന കൃഷി മന്ത്രാലയത്തിന്റെ ഈ നീക്കം.
ഈ മാസം പത്തിനകം നിരോധിച്ച കീടനാശിനികളുടെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ കൃഷി ഡയറക്ടറെ അറിയിക്കാനാണ് ജില്ലാ കൃഷിഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതിനു ശേഷം മാത്രമേ നിരോധനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ പോലും ചേരൂ. ഈ നിലയില്‍ മാസങ്ങള്‍ക്കു ശേഷമേ നിരോധം പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുള്ളൂ.
ഇതിനിടെ, കൃഷിഓഫീസര്‍മാരുടെ അംഗീകാരമില്ലാതെ കീടനാശിനികള്‍ വില്‍ക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസംഇറങ്ങി. കൃഷി ഓഫീസര്‍ക്ക് വ്യാപക അവകാശങ്ങള്‍ നല്‍കുന്ന ഈ ഉത്തരവ് എന്നു മുതല്‍ നടപ്പാക്കണമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ജില്ലാ കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കീടനാശിനി നിരോധനം നിലവില്‍ വന്ന ശേഷം മാത്രമേ ഉത്തരവ് നടപ്പാവൂ.
നിലവില്‍ എന്‍ഡോസള്‍ഫാന്‍ സ്റ്റോക്കില്ലെന്നു മാത്രമാണ് വ്യാപാരികളില്‍ നിന്ന് കൃഷി വകുപ്പിന് ഉറപ്പു കിട്ടിയിരിക്കുന്നത്. എന്നാല്‍ ഈ ഉറപ്പിനു ശേഷവും കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
നിരോധന വാര്‍ത്ത വന്നശേഷം കൂടുതല്‍ അളവില്‍ കീടനാശിനികള്‍ സംഭരിച്ച മൊത്ത-ചില്ലറ വില്‍പ്പനക്കാരുമുണ്ട്. പകരം വരുന്ന കീടനാശിനികള്‍ ഫലിക്കാതെ വരുമ്പോള്‍ നിരോധിച്ച കീടനാശിനികളിലേക്ക് കര്‍ഷകര്‍ തിരിയുമെന്നും അതുവഴി ഇരട്ടി ലാഭം നേടാമെന്നുമുള്ള കണക്കു കൂട്ടലാണ് അവര്‍ക്ക്.
ഫ്യൂറഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികളും നിരോധിച്ചു. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു. നിരോധിച്ചവയ്ക്കു പകരം വയ്ക്കേണ്ട കീടനാശിനികള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
No comments:
Post a Comment