Wednesday, October 10, 2012

വാള്‍മാര്‍ട്ടിന്റെ 'സേവന'ങ്ങള്‍


വാള്‍മാര്‍ട്ടിന്റെ 'സേവന'ങ്ങള്‍
എസ് അജോയ്
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഗ്രസിച്ച മാന്ദ്യത്തിനു മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കണ്ടെത്തിയ സിദ്ധൌഷധമാണ് റിട്ടെയില്‍ രംഗം വിദേശ ഭീമന്മാര്‍ക്ക് തുറന്നു കൊടുക്കുക എന്നത്. വാള്‍മാര്‍ട്ടും കാരിഫോറും കെ മാര്‍ട്ടും അടക്കമുള്ള ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കുത്തകകള്‍ ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉപഭോക്താവിന് മികച്ച സേവനവും രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ലക്ഷക്കണക്കിനു വരുന്ന ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോകില്ലെന്നീം സമ്പദ്രംഗം വളര്‍ച്ച നേടുമെന്നും  ഇവര്‍ പറയുന്നു. എന്താണ് സത്യം?
അമേരിക്കന്‍ വിപണിയുടെ ഏതാണ്ട് സിംഹഭാഗവും കൈയടക്കിയ, ഒരു ലക്ഷത്തിമുപ്പതിനായിരം തൊഴിലാളികളും 4700 സ്റ്റോറുകളുമുള്ള ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നു തന്നെ ഈ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാകും.
 ലോകത്ത് പട്ടിണിയും ദാരിദ്രവും വളര്‍ത്തുന്നതില്‍ വാള്‍മാര്‍ട്ട് വഹിച്ച പങ്ക് മുതലാളിത്തത്തിന്റെ വക്താക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി പഠനങജള്‍ പുറത്തു വന്നിട്ടുണ്ട്. 'സോഷ്യല്‍ സയന്‍സ് ക്വാര്‍ട്ടേര്‍ലി' എന്ന പ്രസിദ്ധീകരണത്തില്‍, ഇന്ത്യക്കാരിയായ ഹേമാ സ്വാമിനാഥനും (ഇവര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ വിമന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകയാണ്) പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ കാര്‍ഷിക,സാമ്പത്തിക വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ ഗോറ്റ്സും ചേര്‍ന്നു നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഏകദേശം 20,000 കുടുംബങ്ങളെ പ്രത്യക്ഷമായി വാള്‍മാര്‍ട്ട് ദാരിദ്രരേഖക്കു താഴേക്കു തള്ളിവിട്ടു എന്നു വ്യക്തമാക്കുന്നു. ഇവരില്‍  വാള്‍മാര്‍ട്ടിലെ ജീവനക്കാരുമുണ്ട്് എന്നതാണ് ഏറെ രസകരം. മിനിമം വേതനം പോലും നല്‍കാത്തതാണ് ഇതിനു കാരണം. ചെറുകിടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ തൊഴിലില്ലായ്മയുടെ കണക്ക് വേറെയാണെന്ന് ഇവര്‍ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥക്കും അമേരിക്കയിലെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ക്കും എന്നും എതിരായിരുന്നു വാള്‍മാര്‍ട്ട്. ലളിതമായി പറഞ്ഞാല്‍ ലോകവിപണിയില്‍ നിന്നും കുറഞ്ഞ വിലക്ക് അവര്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നു. ഇതു വഴി അമേരിക്കയിലെ തൊഴില്‍ ഇല്ലാതാകും. മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് വീണ്ടും വിലകുറച്ച് ഉല്‍പ്പന്നങ്ങള്‍ കിട്ടാന്‍ അവര്‍ സമ്മര്‍ദ്ദം ശക്തമാക്കും. ഈ രാജ്യങ്ങളിലെ തൊഴിലാളികളടെ കൂലി ഇതോടെ കുറയും. ഇത് അടിമപ്പണിക്കു സമാനമായ സാഹചര്യം സ്യഷ്ടിക്കുന്നു. കൂടാതെ അനധികൃതമായി ഇവര്‍ അമേരിക്കയിലേക്ക് തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നു. ഇതും അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നു. എന്നാല്‍ ഈ ലാഭം ഇവര്‍ ഉപഭോക്താവിന് കൈമാറുന്നുമില്ല.
ലോകമെമ്പാടുമുള്ള കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്തുള്ള അവരുടെ വളര്‍ച്ചക്ക് ഭരണ നേത്യത്വങ്ങള്‍ ഒത്താശ ചെയ്തുകൊടുത്തു. അമേരിക്കയില്‍ ഏറ്റവും കുറവ് കൂലി നല്‍കുന്ന സംഘടിത വ്യവസായമാണ് വാള്‍മാര്‍ട്ട്. ചെറിയതോതിലെങ്കിലും തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നത് അവര്‍ ശക്തമായി തടയുന്നു. സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലും ഉയര്‍ന്നസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാതിരിക്കാനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നു. ചെറിയ കടകള്‍ ഏതാണ്ട് മുഴുവന്‍ തന്നെ അമേരിക്കയില്‍ അടച്ചു പൂട്ടി. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും വാള്‍മാര്‍ട്ട് വന്‍കിട കര്‍ഷകരെ മാത്രം വളര്‍ത്തി. ഇതുവഴി ലക്ഷക്കണക്കിനു ചെറുകിട കര്‍ഷരാണ് വഴിയാധാരമായത്. ഭക്ഷ്യധാന്യരംഗത്തെ ഊഹക്കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്ന വാള്‍മാര്‍ട്ട് കുറഞ്ഞ വിലക്കു വാങ്ങുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലാഭം ഉപഭോക്താവിലേക്കു കൈമാറുന്നില്ല എന്നു ചില പഠനങ്ങള്‍ കാട്ടുന്നു.
അമേരിക്കന്‍ പ്രവിശ്യയായ അര്‍ക്കന്‍സാസിലെ  ബെന്‍ന്റണ്‍ വില്ലയില്‍ 1962ലാണ് വാള്‍മാര്‍ട്ടിന്റെ ജനനം. സാം വാള്‍ട്ടണ്‍ സ്ഥാപിച്ച വാള്‍മാര്‍ട്ട് 1988ല്‍ അവരുടെ ആദ്യ സൂപ്പര്‍സെന്റര്‍ വാഷിംങ്ങ്ടണില്‍ ആരംഭിച്ചു. തെക്കന്‍ പ്രവിശ്യകളില്‍ നിന്ന് പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കും തുടര്‍ന്ന് അമേരിക്കയെങ്ങും വാള്‍മാര്‍ട്ട് തരംഗമായി പടര്‍ന്നു.  2002ല്‍ ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനായി ഇവര്‍ മാറി. വെറും രണ്ടു പതിറ്റാണ്ടുകൊണ്ടാണ് അമേരിക്കന്‍ രാഷ്ട്രീയത്തെപ്പോലും നിയന്തിക്കാന്‍ കഴിവുള്ള വിധം വാള്‍മാര്‍ട്ട് വളര്‍ന്നത്.
അമേരിക്കക്കാരന്‍ ' മോം ആന്റ് പോപ്പ് ഷോപ്പ് ' എന്നു പറയുന്ന സാധാരണ കടകളേക്കാള്‍ വലിയ ഏകദേശം 10,000 ചതുരശ്ര അടിവരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളായിരുന്നു വാള്‍മാര്‍ട്ടിന്റെ പ്രത്യേകത. ആദ്യകാലത്ത് കൂറ്റന്‍ ഭക്ഷ്യസംഭരണശാലകള്‍ ഇവര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി മാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ടു ലക്ഷം ചതുരശ്രഅടി വരുന്ന സൂപ്പര്‍ സെന്ററുകളുടെ വരവായി. ന്യൂയോര്‍ക്കിലെ ക്രോസ് ഗേറ്റ്കോമണ്‍സിലെ 2,60,000 ചതുരശ്രഅടി വരുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയത്.
1980കളില്‍ അധികാരത്തില്‍ വന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് അമേരിക്കയില്‍ റീട്ടെയില്‍ രംഗത്ത് മുതലാളിമാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതോടെ കുറഞ്ഞ കൂലിക്ക് കൂടുതല്‍ ചൂഷണം എന്ന നയം നടപ്പാക്കാന്‍ അവര്‍ക്കായി. 'പുതിയ നയം വഴി കൂലിയിനത്തില്‍ കോടിക്കണക്കിന് ഡോളറാണ് വാള്‍മാര്‍ട്ടിന് ലാഭിക്കാനായത്'- അമേരിക്കയുടെ റീട്ടെയില്‍ സെക്ടറിനെപ്പറ്റി പഠിച്ച് പുസ്തകമെഴുതിയ നില്‍ ലിച്ചെന്‍സ്റ്റീന്‍ പറയുന്നു.
ഏതെങ്കിലും തൊഴിലാളി യൂണിയനില്‍ എന്നെങ്കിലും അംഗമായവരെ പണിക്കെടുക്കേണ്ടെന്നാണ് മാനേജര്‍മാര്‍ക്ക് വാള്‍മാര്‍ട്ട് നല്‍കിയിരിക്കുന്ന കല്‍പ്പന. ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആസ്ഥാനമായ ബെന്‍റ്റണ്‍വില്ലയില്‍ നിന്ന് ആളെത്തും. തൊഴിലാളി യൂണിയനുകള്‍ ുണ്ടാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കിയിട്ടേ അവര്‍ തിരിച്ചു പോകൂ. തൊഴില്‍ സമരങ്ങളെ ഇല്ലാതാക്കാന്‍ മാനേജമാര്‍ക്ക് ഇതു സംബന്ധിച്ച കൈപ്പുസ്തകം വിതരണം ചെയ്യും. ആഴ്ച തോറു ലേബര്‍ റിലേഷന്‍ ക്ളാസുകള്‍ എന്നപേരില്‍ യൂണിയന്‍ വിരുദ്ധ ക്ളാസുകളുമുണ്ട്.
എന്താണ് ഇതിന്റെ ഫലം? യുണിയനുകള്‍ സജീവമായ മറ്റ് സ്റ്റോറുകളെ അപേക്ഷിച്ച് 23 ശതമാനം വേതനം കുറവാണ് വാള്‍മാര്‍ട്ടില്‍ എന്നു പഠനങ്ങള്‍ കാട്ടുന്നു. വാള്‍മാര്‍ട്ടിലെ സ്ഥിരം ജീവനക്കാരില്‍ മൂന്നില്‍ രണ്ടു ശതമാനം പേരുടെ വാര്‍ഷിക വരുമാനം ദാരിദ്രരേഖക്കു താഴെയുള്ളവരുടേതിനൊപ്പമാണ്. ആരോഗ്യ ഇന്‍ഷുസന്‍സ് നിര്‍ബന്ധമാക്കിയ അമേരിക്കയില്‍ വാള്‍മാര്‍ട്ട് ജീവനക്കാരിലെ 28 ശതമാനം മാത്രമാണ് ഈ പരിധിയില്‍. തൊഴിലാളികള്‍ക്കായി പണം മുടക്കാന്‍ അവര്‍ തയ്യാറല്ലാത്തതു തന്നെ കാരണം. അധികമായി ജോലി ചെയ്താല്‍ അലവന്‍സ് നലകുന്ന പതിവും വാള്‍മാര്‍ട്ടിനില്ല.

അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ വരെ വാള്‍മാര്‍ട്ടിന്റെ വരുതിക്ക് തുള്ളി സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയാണ്.
അമേരിക്കയിലെ എറ്റവും വലിയ ഇലക്ട്രിക് ഉല്‍പ്പന്ന നിര്‍മാതാക്കളില്‍ ഒന്നാണ്  ജി ഇ എന്ന ചുരുക്കപ്പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ജനറല്‍ ഇലക്ട്രിക് കമ്പനി. വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നായ ഇവര്‍ കഴിഞ്ഞ 7 വര്‍ഷത്തിനകം അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. മെക്സിക്കോയിലും ചൈനയിലും മറ്റുമായി ഇവര്‍ തങ്ങളുടെ ഫാക്ടറികള്‍ സ്ഥാപിക്കുകയായിരുന്നു.
ലിവൈസ് എന്നറിയപ്പെടുന്ന ലെവി സ്ട്രൌസ് എന്ന കുത്തക ജീന്‍സ് ഉല്‍പാദകര്‍ അമേരിക്കയിലെ തങ്ങളുടെ നാല് ഫാക്ടറികള്‍ അടച്ചുപൂട്ടി ഉല്‍പ്പാദനം ഏഷ്യയിലേക്കും ലാറ്റിനമേരിക്കയിലേക്കും മാറ്റി. ഇതിനെ തുടര്‍ന്ന് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ ഇല്ലാതായി. ഇവരും വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരാണ്. ന്യൂവെല്‍ റബര്‍ മെയിഡ്. ഡയല്‍ സോപ്പ്സ്..... അങ്ങനെ നീളുന്നു ഇങ്ങനെ വ്യവസായം അമേരിക്കയില്‍ നിന്നു മാറ്റിയ കമ്പനികളുടെ  എണ്ണം.
എന്താണിതിനു കാരണം? ഇത്തരം കമ്പനികളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് വാള്‍മാര്‍ട്ട്. ഇടക്കിടെ വാള്‍മാര്‍ട്ട് ഉല്‍പ്പനനങ്ങളുടെ വിലകുറയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. ഇതേതുടര്‍ന്ന് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവും. തുടര്‍ന്ന് കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് ഇവര്‍ ചേക്കേറും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതേ തന്ത്രമാണ് വാള്‍മാര്‍ട്ടിന്. ഭാവിയില്‍ ഇന്ത്യയിലും ഇതേ തന്ത്രമാവും ഇവര്‍ സ്വീകരിക്കുക. ഇന്ത്യയേക്കാര്‍ കുറഞ്ഞ വിലക്ക് മറ്റേതെങ്കിലും രാജ്യത്തുനിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലഭിച്ചാല്‍ അവര്‍ അതു വാങ്ങും. പ്രാദേശിക വിപണി നഷ്ടപ്പെട്ട കര്‍ഷകനെ കുത്തകകള്‍ കൂടി കൈയൊഴിഞ്ഞാലുള്ള ദുരന്തം ആലോചിക്കാവുന്നതേയുള്ളൂ.
എന്നാല്‍ ഇവരെ ചെറുക്കാമെന്നു കരുതിയാലോ? 2000ല്‍ മാസ്റ്റര്‍ലോക്ക് എന്ന അമേരിക്കന്‍ കമ്പനി ഇത്തരത്തിലൊരു ചെറുത്തു നില്‍പ്പിനു ശ്രമിച്ചു. പെട്ടെന്ന് തന്നെ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ട് എടുക്കാതായി. കമ്പനി നഷ്ടത്തിലായി. നിരവധി പേര്‍ക്കു തൊഴിലും നഷ്മായി. ഏകാധിപതികള്‍ ഭരിക്കുന്ന ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തൊഴിലടിമ ലേബര്‍ ക്യാമ്പുകള്‍ വാള്‍മാര്‍ട്ട് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക എതിരാളിയെ തകര്‍ക്കാനായി ഉല്‍പ്പന്നങ്ങള്‍ വിലകുറച്ചു വില്‍ക്കുന്നതും വാള്‍മാര്‍ട്ട് തന്ത്രമാണ്. ഇത്തരം നിരവധി കേസുകള്‍ അമേരിക്കന്‍ കോടതികളില്‍ നിലവിലുണ്ട്.
2004ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ലിന്‍ഡന്‍ ലാ റൂഷ് വാള്‍മാര്‍ട്ടിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാള്‍മാര്‍ട്ടിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. 'അമേരിക്കയില്‍ തൊഴിലില്ലായ്മയുണ്ടാക്കുന്നത് വാള്‍മാര്‍ട്ടാണ്. അവര്‍ പ്രതിനിധാനം ചെയ്യുന്നത് ആഗോളവല്‍ക്കരണത്തെയാണ്. അമേരിക്കയില്‍ പട്ടിണിയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്നു. വാള്‍മാര്‍ട്ടിനെ രാജ്യത്തുനിന്ന് തുടച്ചുമാറ്റണം.' അദ്ദേഹം പറഞ്ഞു.
വാള്‍മാര്‍ട്ട് സ്ഥാപനങ്ങളില്‍ സ്ത്രീകളെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് പ്രമോട്ട് ചെയ്യാറില്ല. ഇതിനെതിരെ പടപൊരുതിയ വനിതാ പത്രപ്രവര്‍ത്തക ലിസ ഫെതര്‍സ്റ്റോണിന്റെ അഭിപ്രായത്തില്‍ അമേരിക്കയില്‍ ദാരിദ്രം വളര്‍ത്തുന്നത് വാള്‍മാര്‍ട്ടാണ്.' നഗര ഹൃദയങ്ങളില്‍ വാള്‍മാര്‍ട്ട് തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാറില്ല. പാവപ്പെട്ടവനും മധ്യവര്‍ഗ്ഗക്കാരനും താമസിക്കുന്ന പ്രദേശങ്ങളിലാണ് അവരുടെ കണ്ണ്. ഇക്കൂട്ടരുടെ ക്രെഡിറ്റ് കാര്‍ഡാണ് വാള്‍മാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത്. വാള്‍മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അനിയന്ത്രിതമായി വാങ്ങിക്കൂട്ടി ദരിദ്രരാവുന്നവര്‍ക്ക് വാള്‍മാര്‍ട്ടില്‍ ജോലിക്കു നില്‍ക്കാം. വാള്‍മാര്‍ട്ടിലെ ജോലിക്കാര്‍ക്ക് അവിടുത്തെ കുറഞ്ഞ കൂലി കൊണ്ട് വാള്‍മാര്‍ട്ടില്‍ നിന്ന് പിന്നെ സാധങ്ങള്‍ വാങ്ങാനുമാവില്ല'-അവര്‍ പറയുന്നു.
ചെറുകിട ഇടത്തരം കച്ചവടക്കാരെ ആഗോളക്കുത്തകകളുടെ വരവ് ബാധിക്കില്ലെന്നു വാദിക്കുന്നവരുടെ ശ്രദ്ധക്ക്: 'അമേരിക്കയിലെ പ്രധാനതെരുവുകള്‍ വിജനമായി. ഇവിടെയൊന്നും കച്ചവടക്കാരോ ഉപഭോക്താക്കളോ ഇല്ല.'- ബില്‍ ക്ളിന്റന്റെ കാലത്ത് തൊഴില്‍ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ലീച്ച് പറയുന്നു. റീട്ടെയില്‍ രംഗത്തെ കുത്തകളുടെ കടന്നുവരവ് ചെറുകിടക്കാരെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ നിയമിച്ച പാനല്‍ കണ്ടെത്തിയത് രാജ്യത്തെ 94 ശതമാനം ചെറുകിടക്കാരും ഇല്ലാതായി എന്നാണ്. ഇതു ശരിവയ്ക്കുന്നായിരുന്നു എമക് ബാസ്കേര്‍, എലീന ഇര്‍വിന്‍ തുടങ്ങിയവര്‍ നടത്തിയ പഠനങ്ങള്‍.
ഇതിലും ഭീകരമാണ് കാര്‍ഷിക രംഗത്തെ സ്ഥിതി. അമേരിക്കന്‍ സര്‍ക്കാരിന്റെ വന്‍ സബ്സിഡി പറ്റുന്ന വിരലിലെണ്ണാവന്ന വന്‍കിട കര്‍ഷകരും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിലകുറച്ചു വാങ്ങുന്ന ഏതാനും റീട്ടെയില്‍ ഭീമന്മാരും എന്നതാണ് അമേരിക്കയിലെ നില. ഇടത്തരം ചെറുകിട കര്‍ഷകന്‍ വാള്‍മാര്‍ട്ടിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഇല്ലാതായി. അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ കണക്കു പ്രകാരം പച്ചക്കറിയുടെ വില്‍പ്പന വിലയില്‍ 24 ശതമാനവും പഴവര്‍ഗങ്ങളുടെ വിലയില്‍ 30 ശതമാനത്തിന്റെയും വര്‍ധന 2000-2009 കാലത്ത് ഉണ്ടായി. ഇക്കാലത്ത് ഭക്ഷ്യ ചെലവുകളില്‍ 370 ദശലക്ഷം ഡോളറിന്റെ വര്‍ധന ഉണ്ടായപ്പോള്‍ കര്‍ഷകനു കിട്ടിയത്് 85 ദശലക്ഷം ഡോളറിന്റെ വര്‍ധന മാത്രം.
ബാക്കി വരുന്ന ഭീമന്‍ തുകകള്‍ പോയത് എങ്ങോട്ടെന്നു വ്യക്തം. ഇത്തരം നഗ്നമായ ചൂഷണത്തെ ചെറുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു പോലും കഴിയുന്നില്ല. 1990കളില്‍ അമേരിക്കയിലുണ്ടായ ഭക്ഷ്യപ്രതിസന്ധിയില്‍ ലാഭമുണ്ടാക്കിയത് മുഴുവന്‍ വാള്‍മാര്‍ട്ടും കൂട്ടാളികളുമായിരുന്നുവെന്നും കര്‍ഷകന്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നിസഹായനായി നില്‍ക്കുകയായിരുന്നുനെന്നും വില്യം ജറീഡര്‍ 'ദ നേഷനി'ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ഇത്തരം കുത്തകകളുടെ തന്ത്രം വ്യക്തമാണെന്ന് 5 വര്‍ഷം മുമ്പ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം പറയുന്നു.' തുടക്കത്തില്‍ കര്‍ഷകര്‍ക്കു നല്ല വില നല്‍കുന്ന ഇവര്‍ ഉല്‍പ്പന്ന വില ക്രമാനുഗതമായി കുറച്ചുകൊണ്ടിരിക്കും. പ്രാദേശിക വിപണി ഉപേക്ഷിച്ച് കുത്തകള്‍ക്കൊപ്പം ചേര്‍ന്ന കര്‍ഷകന് കുത്തകകള്‍ പറയുന്ന വിലക്ക് ഉല്‍പ്പന്നം നല്‍േകണ്ടി വരും. നഷ്ടം സഹിക്കാതാവുമ്പോള്‍ ക്യഷിപ്പാടം കര്‍ഷകര്‍ കുത്തകകള്‍ പറയുന്നവര്‍ക്ക് പാട്ടത്തിനു നല്‍കും. ഇങ്ങനെ കാര്‍ഷികരംഗത്ത് കുത്തകകള്‍ ആധിപത്യം സ്ഥാപിക്കും. ഉദാഹരണത്തിന് തായ്ലന്റില്‍ 5 വര്‍ഷം കൊണ്ട് അവിടുത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖല കാര്‍ഷിക ഉല്‍പ്പന്ന വിതരണക്കാരുടെ എണ്ണം 250ല്‍ നിന്ന് 10 ആയി കുറച്ചു. എന്നാല്‍ ഈ ലാഭമൊന്നും അവര്‍ ഉപഭോക്താവിന് കൈമാറിയുമില്ല.
ഇതൊക്കെയാണ് റിട്ടെയില്‍ ഭീമന്മാര്‍ സ്വന്തം രാജ്യങ്ങള്‍ക്ക് നല്‍കുന്ന 'സേവനങ്ങള്‍'.

Monday, July 25, 2011

ആഭ്യന്തരറബര്‍ ആവശ്യത്തിലേറെ;

ആഭ്യന്തരറബര്‍ ആവശ്യത്തിലേറെ;
എന്നിട്ടും ഇറക്കുമതി
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ആഭ്യന്തര റബര്‍ ആവശ്യത്തിലേറെയുള്ളപ്പോള്‍. ഈ സാമ്പത്തികവര്‍ഷത്തില്‍ റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉല്‍പാദനത്തിലും സംഭരണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റബര്‍ ഉല്‍പ്പാദനം 1.75 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ റബറിന്റെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷത്തെ കണക്കുപ്രകാരം 2,47,442 ടണ്‍ റബര്‍ സ്റ്റോക്കുണ്ട്. ഈ വര്‍ഷം ജൂണിലെ മാത്രം ഉല്‍പാദനം 59,200 ടണ്‍ ആണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി അനാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
റബര്‍ ഉല്‍പാദനവും സ്റ്റോക്കും വലിയ വ്യതിയാനങ്ങളില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഉടന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. കര്‍ഷകന് മികച്ച വില ലഭിക്കുന്നഘട്ടത്തില്‍ റബര്‍ ഇറക്കി വിലയിടിക്കാന്‍ കഴിയും. കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചുവച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകര്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കും. ഇതോടെ വിലയിടിയും. ഇറക്കുമതി  തീരുമാനം വന്നതോടെ റബറിന്റെ ആഭ്യന്തരവിലയില്‍ ഒരു രൂപ കുറഞ്ഞു. തിങ്കളാഴ്ച ആര്‍എസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 215 രൂപയായിരുന്നത് ബുധനാഴ്ച 214 രൂപയായി കുറഞ്ഞു.

Sunday, July 24, 2011

എച്ച് 1 എന്‍ 1 പടരുമെന്ന് ആശങ്ക ആരോഗ്യവകുപ്പിന് ജാഗ്രതക്കുറവ്

എസ് അജോയ്
കോട്ടയം: സംസ്ഥാനത്ത് മഴ കനത്തതോടെ എച്ച് 1 എന്‍ 1 രോഗം പടരുമെന്ന് ആശങ്ക. ഇപ്പോഴുള്ള എച്ച് 1 എന്‍ 1  വൈറസ് കുറേക്കൂടി അപകടകാരിയാണെന്നാണ് സൂചന. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസിന്റെ സാമ്പിള്‍ പൂണൈയിലെ ആസ്ഥാനത്തേക്ക് അയച്ചു. ഏതാനും ദിവസത്തിനകം വൈറസിന്റെ സ്വഭാവം സംബന്ധിച്ച് വ്യക്തമാകും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആരോഗ്യവകുപ്പിന്റെ ജാഗ്രതക്കുറവ് ഏറെ വിമര്‍ശനമായി. പല ആശുപത്രികളിലും അസുഖത്തെ നേരിടാനുള്ള ഒസള്‍ട്ടാവിമിര്‍(ടമിഫ്ളൂ) മരുന്നില്ല. പലസ്ഥലങ്ങളിലും ഡോക്ടര്‍മാരുടെ കുറവും ജനരോഷത്തിനിടയാക്കി.
കഴിഞ്ഞ വര്‍ഷം എച്ച്വണ്‍ എന്‍വണ്‍ രോഗത്തെ നേരിടാന്‍ വ്യാപകമായ ഒരുക്കങ്ങളായിരുന്നു ആരോഗ്യ വകുപ്പ് നടത്തിയത്.ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും വേണ്ടത്ര നല്‍കിയിരുന്നു. പ്രത്യേക എച്ച്വണ്‍ എന്‍വണ്‍ വാര്‍ഡുകള്‍  രൂപീകരിച്ചു. ഐസിയുകള്‍  സജ്ജമാക്കി. മിക്ക ആശുപത്രികളിലും പ്രത്യേക വാര്‍ഡുകളും രൂപീകരിച്ചു. മരുന്നുകളും യഥേഷ്ടമുണ്ടായിരുന്നു.ഡോക്ടര്‍മാരും ആവശ്യത്തിനുണ്ടായിരുന്നു.
രോഗത്തിനെതിരെ 75 ശതമാനം മലയാളികളും പ്രതിരോധം നേടിയിട്ടില്ലെന്നാണ് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററും ആരോഗ്യ വകുപ്പും നടത്തിയ പഠനത്തിലുള്ളത്. 2009 ന് ശേഷം കേരളത്തില്‍ 3150 പേര്‍ക്ക് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചിരുന്നു.
2009, 2010 വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ മഴ ശക്തി പ്രാപിച്ച ശേഷമാണ് രോഗം പെരുകിയതെന്നു കാണാം.കാലവര്‍ഷത്തിനുശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ഗര്‍ഭിണികള്‍ക്ക് രോഗ സാധ്യത ഏറെയാണ്. അതിനാല്‍ ഇക്കൊല്ലം ഗര്‍ഭിണികളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ വര്‍ഷം ഒരാള്‍ അസുഖം ബാധിച്ച് മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, പാലക്കാട്  ജില്ലകളിലാണ് രോഗം കൂടിയത്.   
രോഗലക്ഷണങ്ങള്‍
എച്ച് 1 എന്‍1 പനിക്ക് സാധാരണ പനിയുടെ ലക്ഷണങ്ങളാണ്. ഇത് 'ഇന്‍ഫ്ളുവന്‍സ എ' എന്നറിയപ്പെടുന്നു. പനി, കഫക്കെട്ട്, ശരീരവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണം. ചില രോഗികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ആണ് മറ്റൊരാളിലേക്ക് രോഗം പകരുക.
മുന്‍കരുതല്‍
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് വായ പൊത്തുക.
* ചെറിയ പനി വന്നാലും ഡോക്ടറെ കാണുക, സ്വയം ചികിത്സ ഒഴിവാക്കുക.
* രോഗം വന്നാല്‍ എറ്റവും മികച്ച ചികിത്സ വിശ്രമം തന്നെ.
* ആരോഗ്യകരമായ ജീവിത രീതികള്‍ ശീലിക്കുക.
* പനിയോ ചുമയോ പെട്ടെന്ന് കൂടുകയോ മാറാതിരിക്കുകയോ ചെയ്യുന്നത് ഗൌരവത്തോടെ കാണുക.
* ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

Wednesday, July 20, 2011

റബര്‍ ഇറക്കുമതി റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും
 എസ് അജോയ്

കോട്ടയം: നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിലെ റബര്‍ കര്‍ഷകന്റെ വയറ്റത്തടിക്കും. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്ന ആഭ്യന്തര റബര്‍ കര്‍ഷകന് ഇനി ബുദ്ധിമുട്ടിന്റെ നാളുകളാവും എന്നാണ് സൂചന. പുതിയ ഇറക്കുമതി തീരുമാനത്തോടെ ഇനി സ്ഥിരമായി ആഭ്യന്തരറബറിന്റെ വില അന്താരാഷ്ട്ര വിലയേക്കാള്‍ താഴെയാകും.
ഇറക്കുമതി റബറിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കുറച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. കേന്ദ്ര തീരുമാന പ്രകാരം 2011 ഏപ്രില്‍ മുതല്‍  കിലോയ്ക്ക് 20 രൂപയായിരുന്നു തീരുവ. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീരുവ കിലോയ്ക്ക് 15 രൂപയായി കുറയും. തീരുവ ഒരു വര്‍ഷത്തിനകം ഇനിയും കുറഞ്ഞേക്കാം.
ഉടന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. അതായത് കര്‍ഷകന് മികച്ച വില ലഭിക്കുന്ന ഘട്ടത്തില്‍ റബര്‍ ഇറക്കി വില ഇടിക്കാന്‍ കഴിയും.  ഈ വര്‍ഷം കൂടുതല്‍ മികച്ച വില കര്‍ഷകന്‍ പ്രതീക്ഷിക്കേണ്ട എന്നു ചുരുക്കം.
കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചു വെച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകന്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കാന്‍ തുടങ്ങും. ഇതോടെ വില ഇടിയും.
2 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു ടയര്‍ ഉല്‍പ്പാദകര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാം എന്നാണ് വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. തല്‍ക്കാലം 40,000 ടണ്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏതുസമയവും ബാക്കിയുള്ള 60,000 ടണ്‍കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുവാദം നല്‍കുമെന്ന് സൂചനയുണ്ട്. ഇതുകൂടി പ്രാവര്‍ത്തികമായാല്‍ ആഭ്യന്ത റബറിന്റെ വില എംആര്‍എഫ് അടക്കമുള്ള ടയര്‍കുത്തകകള്‍ നിയന്ത്രിക്കുന്ന സ്ഥിതിയാകും.
ബജറ്റിലോ അല്ലെങ്കില്‍ തുടര്‍ന്നുള്ള കൂട്ടിച്ചേര്‍ക്കലിലോ ആണ്ഇറക്കുമതി തീരുവ കൂട്ടുന്നതോ കുറയ്ക്കുന്നതോ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഈ തീരുമാനം പെട്ടെന്ന് പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന്  കേരളാ കോണ്‍ഗ്രസ്് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു. കര്‍ഷകവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിക്ക്് അനുവാദം നല്‍കിയത് ആഭ്യന്തര റബറിന്റെ വിലയിടിക്കുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പറഞ്ഞു.

Monday, July 4, 2011

വിദ്യാഭ്യാസ കച്ചവടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം

എസ് അജോയ്
കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന്  കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ സ്വാശ്രയ പ്രശ്നത്തില്‍ ജനവിരുദ്ധ നിലപാട് എടുക്കുന്നതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം പുകയുന്നു. സ്വാശ്രയ പ്രശ്നത്തില്‍ അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുത്ത് മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മാത്യക കാട്ടുമ്പോള്‍ ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ ഒപ്പം ചേര്‍ന്ന് മാനുഷികമുഖം നഷ്ടപ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ഇപ്പോള്‍ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് അഖില മലങ്കര ഓര്‍ത്തഡോക്സ് അല്‍മായ വേദി ജനറല്‍സെക്രട്ടറി തോമസ്ചാണ്ടി പറഞ്ഞു. മെഡിക്കല്‍ കോളജ് ഇപ്പോള്‍ ചില വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റാണ്. ഇവര്‍ സഭയുടെ സല്‍പ്പേര് പണയം വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന് സാമൂഹ്യ നീതിയെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ അമല,ജൂബിലി,പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ക്ക് പുറത്തുള്ള ഏക കത്തോലിക്കേതര മെഡിക്കല്‍ കോളജാണ് കോലഞ്ചേരി. കോലഞ്ചേരി കോളേജിന്റെ ജോര്‍ജ് പോളിനെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഔദ്യോഗിക വക്താവാക്കിയത് ഗൂഡ ലക്ഷ്യത്തോടെ ആണെന്നും സഭാ വിശ്വാസികള്‍ക്ക് സംശയമുണ്ട്. ജനവിരുദ്ധ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും  ചാനല്‍ ചര്‍ച്ചകളില്‍ ഈ തീരുമാനങ്ങള്‍ക്കു വേണ്ടി ജോര്‍ജ് പോള്‍  വാദിക്കുന്നതുംസഭയുടെ പ്രതിഛായയെ മോശമായി ബാധിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് സഭയുടെ ഭാഗമല്ലാത്തതു കൊണ്ട് ജോര്‍ജ് പോള്‍ മലങ്കരഓര്‍ത്തഡോക്സ് സഭയുടെ ഇന്റര്‍ ചര്‍ച്ച് പ്രതിനിധിയല്ല. വ്യവസായിയായ ജോര്‍ജ് പോള്‍ സഭാ ട്രസ്റ്റികളുടെ പ്രതിനിധി മാത്രമാണ്. ഇവര്‍ നടത്തുന്ന വിദ്യാഭൃാസ കച്ചവടത്തില്‍ സഭയ്ക്കു പങ്കുണ്ടോയെന്ന് വിശ്വാസികള്‍ ചോദിക്കുന്നു.
 സഭ നേരിട്ടു നടത്തുന്ന പീരുമേട്ടിലെ മാര്‍ഗ്രിഗോറിയോസ് എഞ്ചിനീയറിങ്ങ് കോളേജില്‍ സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. സഭ നടത്തുന്ന മിക്കവാറും എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളും  ലാഭേഛയല്ലാതെ നടത്തുന്നവയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകളയുന്ന രീതിയിലാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം. കണ്ടനാട് ഭദ്രാസനത്തിലെ ഡോ.തോമസ് മാര്‍ അത്താനാസ്യോസാണ് ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്. എന്നാല്‍ ഇതൊരു ആലങ്കാരിക പദവി മാത്രമാണ്.
 സാധുക്കള്‍ക്ക് സൌജന്യമായും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവിലുംചികില്‍സ നല്‍കാനാണ് ഡോ.കെസി മാമന്റെയും ഫിലിപ്പോസ് മാര്‍ തിയോഫിലിസിന്റെയും പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെയുമെല്ലാം ശ്രമഫലമായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി തുടങ്ങിയത്. പിന്നീട് ഭരണപരമായ സൌകര്യത്തിന് കോലഞ്ചേരിയിലെ ചില കച്ചവട പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പതുക്കെ ആശുപത്രിയുടെയും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഭരണസാരഥ്യം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിആര്‍ഒയും കോട്ടയം ബസേലിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പിസി ഏലിയാസ് പറഞ്ഞു.സഭയുടെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളുടെ കീഴിലാണ്. ട്രസ്റ്റുകളുടെ ഭരണപരമായ മേല്‍നോട്ടമാണ് സഭയ്ക്ക്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയാണെന്നും അദ്ദേഹം പറഞ്ഞു.
                                          

Monday, June 27, 2011

റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

 എസ് അജോയ്
കോട്ടയം: റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ സംസ്ഥാനത്ത് നഷ്ടമാകുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍. റെയില്‍വെ പാഴ്സല്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിച്ചതിനു പുറകേ ക്ളീനിങ്ങ്, കാറ്ററിങ്ങ്, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളിലും സ്വകാര്യവല്‍ക്കരണം വ്യാപിപ്പിച്ചിരുന്നു. അടുത്തയിടെ എസി അറ്റന്‍ന്റേഴ്സ് വിഭാഗവും റെയില്‍വെ കരാര്‍ ജോലിയാക്കി. ഇതോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥിരം തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് വിന്യസിച്ചെങ്കിലും നൂറുകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്.
റെയില്‍വെ ക്ളീനിങ്ങ് വിഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതോടെ കേരളത്തില്‍ മാത്രം 1000 തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് ദക്ഷിണ റെയില്‍വെ എംപ്ളോയിസ് യൂണിയന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി ജികെ പിള്ള പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ റിട്ടയറിങ്ങമുറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും നടക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ റീട്ടയറിങ്ങ് റൂമുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് റെയില്‍നെ പ്രഖ്യാപിച്ചു. ഈ ശ്രമം വിജയിച്ചാല്‍  മററുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.
റെയില്‍വെ കയറ്റിറക്ക് സ്വകാര്യവല്‍ക്കരിച്ചതോടെ 1400ഓളം പോര്‍ട്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമായി. മുമ്പ് പാഴ്സലുകള്‍ കാൈര്യം ചെയ്തുകൊണ്ടിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് ലഭിക്കാറ്. എന്നാല്‍ ട്രോളി ബാഗുകള്‍ വ്യാപകമായതോടെ ഈ വരുമാനത്തിലും കുറവ് വന്നു. എന്‍ഡിഎ ഭരണകാലത്ത് മമതാ ബാനര്‍ജി റെയില്‍മന്ത്രിയായിരുന്ന കാലത്താണ് കയറ്റിറക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് തിരുവനന്തപുരം, എറണാകുളം സൌത്ത്, കോഴിക്കോട്,ഷൊര്‍ണ്ണൂര്‍,  പാലക്കാട് സ്റ്റേഷനുകളിലായിരുന്നു കരാര്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇപ്പോള്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും കരാര്‍ ജോലി മാത്രമാണുള്ളത്. കോണ്‍ട്രാക്ടര്‍മാര്‍ ചെറിയ കൂലിക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.
റെയില്‍വെ ക്ളീനിങ്ങ്  കരാര്‍ ജോലിയായപ്പോള്‍ സ്റ്റേഷനുകള്‍ വ്യത്തിഹീനമായെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുമ്പോള്‍ ഈ തുകയ്ക്ക് കരാറുകാരന് സ്റ്റേഷനും പരിസരവും വ്യത്തിയായി സൂക്ഷിക്കാന്‍ കഴിയുമോ എന്ന് റെയില്‍വെ പരിശോധിക്കുന്നില്ല. ദിവസം 100 രൂപയ്ക്കാണ് കരാറുകാരന്‍ തൊഴിലാളികളെ നിയമിക്കുന്നത്.
എയര്‍കണ്ടീഷനിങ്ങ് മെയിന്റനന്‍സ് അടക്കമുള്ള മെയിന്റനന്‍സ് ജോലികള്‍, റെയില്‍വെ ലോക്കോപൈലറ്റുമാര്‍ക്ക് വിശ്രമിക്കാനുള്ള റണ്ണിങ്ങ് ബംഗ്ളാവുകള്‍, ബോഗി മെയിന്റനന്‍സ് തുടങ്ങിയ ജോലികളും റെയില്‍വെ ഇപ്പോള്‍ സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്.
ഇതില്‍ എസി അറ്റന്‍റ്റേഴ്സ് സ്വകാര്യവല്‍ക്കരണം യാത്രക്കാരുടെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തിനുശേഷം സര്‍വീസ് മെച്ചമല്ലെന്ന് അവര്‍ പറയുന്നു. കമ്പിളികള്‍ വ്യത്തിയാക്കാറില്ലെന്നും പുതപ്പുകള്‍ പലപ്പോഴും കഴുകാറില്ലെന്നും പരാതിയുണ്ട്.  യാത്രക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സ്വകാര്യവല്‍ക്കരണം പൂര്‍ണ്ണമായി നടപ്പാക്കിയ കേറ്ററിങ്ങ് മേഖലയില്‍ വീണ്ടും റെയില്‍വെ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ചില ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടും റെയിവെ നേരിട്ട് ഭക്ഷണം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐആര്‍സിടിസിയിലെ തൊഴിലാളികള്‍ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
                              

Friday, June 17, 2011

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ നീക്കം

 എസ്  അജോയ്
കോട്ടയം: ദേശീയ വിലനിയന്ത്രണ പട്ടികക്ക് കീഴിലുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയോട് (എന്‍ പി പി എ) കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. അതോറിറ്റിയുടെ പട്ടികയുടെ കീഴിലുള്ള 74 ഇനം രാസഘടനയിലുള്ള മരുന്നുകളില്‍ ചില പ്രധാന ഇനങ്ങളുടെ വില 30 ശതമാനം വരെ കൂട്ടാനാണ് നീക്കം. ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതിനാല്‍ മരുന്നു വില ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മരുന്നു കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍,ഡയോലിന്‍,മെറ്റ്മോര്‍ഫിന്‍, ആസ്തമാരോഗികള്‍ ഉപയോഗിക്കുന്ന സാല്‍ബുട്ടമോള്‍ തുടങ്ങിയ അത്യാവശ്യ മരുന്നുകള്‍ക്കാവും വില വര്‍ധിക്കുക. മാര്‍ച്ച് മാസത്തിലാണ് ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് അതോറിറ്റി വില കൂട്ടിയത്. അന്ന് 62 ഇനം മരുന്നുകള്‍ക്ക് വിലകൂട്ടി,14 ഇനങ്ങള്‍ക്ക് വില കുറച്ചിരുന്നു. 18 ശതമാനം വരെയായിരുന്നു അന്നത്തെ വില വര്‍ധന. പട്ടികയില്‍ 74 തരം രാസഘടനയില്‍പെട്ട മരുന്നുകളുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും26 തരം മാത്രമേ നിലവിലുള്ളൂ.
പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളുടെ വില വര്‍ധന ക്രമാതീതമാണ്. 5 വര്‍ഷത്തിനുള്ളില്‍ മരുന്നു വില ഇരട്ടിയിലധികമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം വിലകയറിയത് 30 ശതമാനം. അര്‍ബുദത്തിനും മറ്റ് മാരക രോഗങ്ങള്‍ക്കുമുള്ള പേറ്റന്റ് മരുന്നുകളുടെ വില വര്‍ധന അഞ്ചിരട്ടിയലധികമാണ്.
എന്നാല്‍ മരുന്ന് കമ്പനികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നല്‍കുന്നത് നല്‍കുന്നത് എംആര്‍പിയുടെ മൂന്നിലൊന്നു വിലയ്ക്കാണ്. അതായത് ഒന്നെടുത്താല്‍ മൂന്ന്. 'ഫ്രീ സ്കീം' എന്നു പേരിട്ടു വിളിക്കുന്ന ഈ തട്ടിപ്പു വഴി മരുന്നു കമ്പനികളും ആശുപത്രികളും കൊയ്യുന്നത് കോടികള്‍.
 യാതൊരു നിയന്ത്രണവുമില്ലാതെയുള്ള വില വര്‍ധനയില്‍ രോഗികള്‍ നട്ടം തിരിയുമ്പോളും 'ഫ്രീ സ്ക്കീം' പദ്ധതിനിര്‍ബാധം തുടരുകയാണ്. 70 ശതമാനം മുതല്‍ 200 ശതമാനം വരെയാണ് മിക്ക മരുന്നു കമ്പനികളും ഫ്രീ നല്‍കുന്നത്. മരുന്നിന്റെ ഈ വിലക്കുറവ് ആശുപത്രികള്‍ രോഗികള്‍ക്ക് കൈമാറുന്നുമില്ല. അതുകൊണ്ടുതന്നെ വിലകൂടിയാല്‍ ആശുപത്രികള്‍ക്ക് ലാഭം കൂടും. സൌജന്യ സ്കീം ഒഴിവാക്കാത്തതു തന്നെ മരുന്നു വില വര്‍ധന അനാവശ്യമാണെന്ന് വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക്കുകള്‍, ജീവന്‍രക്ഷാമരുന്നുകള്‍, ശൈലീരോഗമരുന്നുകള്‍ എന്നീ മരുന്നുകളുടെ കാര്യത്തിലാണ് ഈ പകല്‍ക്കൊള്ള അരങ്ങേറുന്നത്.
വിലനിയന്ത്രണ പട്ടികയില്‍ നിന്ന് രക്ഷപെടാന്‍ ചില മരുന്നുകള്‍ നടത്തുന്ന നീക്കവും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് അമോക്സിലന്‍- കോബ്രാമോക്സിലിന്‍ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ നേരത്തെ വില നിയന്ത്രണത്തിന്റെ പരിധിയിലായിരുന്നു. 500 എംജി മരുന്നിന് മൂന്നു രൂപയായിരുന്നു വില. ഈ രാസഘടനയില്‍ മരുന്നുണ്ടാക്കുന്നത് നിര്‍ത്തി കമ്പനികള്‍ സൈക്ളോക്സിലിന്‍ എന്ന പേരിലായി മരുന്നുണ്ടാക്കല്‍. അപ്പോള്‍ വില 8 രൂപയായി. വിലനിയന്ത്രണ പട്ടികയില്‍ നിന്നു പുറത്തുമായി. ഇത്തരം പരാതികളും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഗൌനിക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.