എസ് അജോയ്
ആത്മാവില്‍ മുട്ടി വിളിക്കുന്ന ഏതാനും ഗാനങ്ങള്‍ ശേഷിപ്പിച്ചാണ് അവര്‍ പോയത്; ഗന്ധര്‍വരെപ്പോലെ.....ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് താളമിട്ട് വിസ്മൃതിയിലേക്ക് മറഞ്ഞ അവര്‍ പിന്നീട് ഒരിക്കലും മലയാളക്കരയിലേക്ക് തിരിച്ചുവന്നില്ല. എന്നാല്‍ പ്രതിഭയുടെ സ്വര്‍ണ്ണചിറകുള്ള ഈ സംഗീത ദേശാടന പക്ഷികള്‍ സമ്മാനിച്ച ഗാനസൌഭാഗ്യങ്ങള്‍ മലയാളി മനസിന്റെ ചെപ്പില്‍ നിധിയായി സൂക്ഷിക്കുന്നു; ഇന്നും....
കനുഘോഷ്,വേദ്പാല്‍ വര്‍മ്മ, പണ്ഡിറ്റ് രഘുറാം സേത്ത്, രാജ് കമല്‍, എം എം കീരവാണി, വന്‍രാജ് ഭാട്ടിയ..... പേരുകൊണ്ട് ഇവരെ മലയാളി അറിയുക പ്രയാസം. എന്നാല്‍ ഈ മറുനാടന്‍ പ്രതിഭകള്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ നാം അറിയും. ആ പാട്ടുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗം.
പാട്ടറിയാമെങ്കിലും പാട്ടിന്റെ ശില്‍പ്പിയെ അറിയാത്ത ഉദാഹരണങ്ങളാണ് മലയാളത്തില്‍ ഏറെ. ഹരിഹരന്‍ സംവിധാനം ചെയ്ത 'പ്രേം പൂജാരി'എന്ന ചിത്രത്തിന് സംഗീതം പകര്‍ന്ന ഉത്തംസിംഗിനെ എത്ര പേര്‍ക്കറിയാം...'ധ്വനി'ക്കു വേണ്ടി മഹാനായ നൌഷാദ് ഈണം പകര്‍ന്നിരുന്നു. 'പൂനിലാമഴ'ക്ക് ലക്ഷ്മികാന്ത് പ്യാരേലാലും, 'കല്‍ക്കത്ത ന്യൂസിന് ദേബ് ജ്യോതി മിശ്രയും, 'ദേവരാഗ'ത്തിനും 'സൂര്യമാനസ'ത്തിനും 'നീലഗിരി'ക്കും എം എം കീരവാണിയെന്ന എം എം കരീമും സംഗീതം പകര്‍ന്നത് എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്ന് അറിയില്ല.
അതുപോലെയാണ് കനുഘോഷും. മലയാളി മനസിന്റെ കോണില്‍ പോലുമില്ല ഈ ബംഗാളിക്കു സ്ഥാനം. എന്നാല്‍ 'നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ പുഷ്പജാലം' എന്ന പാട്ടറിയാത്തവര്‍ ചുരുക്കം. 1970ല്‍ പുറത്തിറങ്ങിയ 'നാഴികക്കല്ല്'എന്ന ചിത്രത്തിന് ഈണമിട്ടത് അദ്ദേഹമാണ്. ശ്രീകുമാരന്‍തമ്പി രചിച്ച 'ചെമ്പവിഴച്ചുണ്ടില്‍', 'ചന്ദനതൊട്ടിലില്ല' 'ഏതോരാവില്‍' എന്നീ മനോഹര ഗാനങ്ങളും ഈ ചിത്രത്തില്‍ കനുഘോഷിന്റേതായുണ്ട്. ഈ ഒരൊറ്റ മലയാള ചിത്രത്തിനു മാത്രം സംഗീതം പകര്‍ന്ന ഘോഷ് വളരെക്കുറച്ച് സിനിമകള്‍ക്കു മാത്രമേ ഈണമിട്ടിട്ടുള്ളൂ. അസാമാന്യ പ്രതിഭാശാലിയായ ഈ ബംഗാളി എന്നും സലില്‍ ചൌധരിയുടെ സുഹ്യത്തും അസിസ്റ്റന്റുമായി തുടരാനാണ് ഇഷ്ടപ്പെട്ടത്. എങ്കിലും 1957ലും 1959ലും 'നയാസമാന' 'പ്യാര്‍ കി രാഹേം' എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കു താളമിട്ടു. നയാ സമാനയില്‍ മുഹമ്മദ്റാഫി പാടിയ 'ആജ് ഇസ് നഗരി ആജ് ഉസ് നഗരി',മന്നാഡേയുടെ 'ആയാ നയാ സമാന'എന്നീ പാട്ടുകള്‍ മാത്രം മതി ഘോഷ് എന്ന പ്രതിഭയുടെ ആഴമളക്കാന്‍.
മുപ്പത്തിനാലു വര്‍ഷം മുമ്പ് പൂത്ത ഏഴിലംപാലയുടെ സുഗന്ധം ഇന്നും മനസിലുണ്ടെങ്കില്‍ നന്ദി പറയേണ്ടത് വേദ്പാല്‍ വര്‍മ്മയോടാണ്. പ്രശസ്തമായ മെറിലാന്റിന്റെ ബാനറില്‍ പി സുബ്ര്ഹ്മണ്യം നിര്‍മ്മിച്ച 'കാടി'ലാണ് വശ്യമധുരമായ ഈ പാട്ടുള്ളത്.ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് വര്‍മ്മ ഈണമിട്ട മൂന്നു പാട്ടുകള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍. 'എന്‍ ചുണ്ടില്‍ രാഗമന്ദാരം'(സുശീല, ജാനകി,) 'പൌര്‍ണമി തന്‍'(ബ്രഹ്മാനന്ദന്‍, വസന്ത,) 'വേണോ വേണോ' (പിബി ശ്രീനിവാസ്,എല്‍ ആര്‍ ഈശ്വരി).ഘോഷിനെപ്പോലെ വര്‍മ്മയും അധികം ചിത്രങ്ങള്‍ ചെയ്തിട്ടില്ല. 1984ല്‍ സാവന്‍കുമാറിന്റെ 'സോതന്‍ കി ബേട്ടി'യായിരുന്നു അവസാന ചിത്രം.
മലയാളി മനസിന്റെ വള്ളിക്കുടിലില്‍ എന്നും ഒളിച്ചിരിക്കുന്ന രണ്ടു പാട്ടുകള്‍. 'ആരണ്യക'ത്തില്‍ ഒഎന്‍വിയുടെ സമ്മോഹനമായ വരികള്‍ക്ക് മാന്ത്രിക സംഗീതം പകര്‍ന്ന പണ്ഡിറ്റ് രഘുറാം സേത്ത് മലയാളികളുടെ ആത്മാവില്‍ മുട്ടിവിളിച്ച സംഗീത സംവിധായകനാണ്. പ്രശസ്ത ബാംസുരിവാദകനായ അദ്ദേഹം എണ്ണം പറഞ്ഞ ഏതാനും ഹിന്ദി ഗാനങ്ങളുടെ സൃഷ്ടാവാണ്.
യേശുദാസിന്റെ പ്രശസ്തമായ 'കഹാ സേ ആയേ ബദ്രാ',' ചാന്ദ് ജൈസേ മുഖ്ഡേ പേ'(ചഷ്മെ ബദ്ദുര്‍) എന്നീ ഹിന്ദി ഗാനങ്ങള്‍ക്കു ഈണമിട്ട രാജ്കമല്‍ 1985ല്‍ 'ആഴി' എന്ന മലയാള ചിത്രത്തിനും ഈണമിട്ടിട്ടിണ്ട്.' അകലെപ്പോലും ആഴികളിളകും'എന്ന ഗാനം ഓര്‍ക്കുക.
ബോബന്‍കുഞ്ചാക്കോ നായകനായ 'ഇങ്ങനെ ഒരു നിലാപക്ഷി'ക്ക് ഈണം പകര്‍ന്നത് സലില്‍ ദായുടെ മക്കളായ സഞ്ജയും അന്തരയുമായിരുന്നു. വികെ പ്രകാശിന്റെ പുനരധിവാസത്തിന് താളമിട്ടത് പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയിസ് ബാങ്ക്സ്.'കനക മുന്തിരികള്‍', 'കണ്ണാടിപ്പൂക്കള്‍ പൂക്കുന്നു' എന്നീ പാട്ടുകള്‍ പ്രശസ്തം. അന്താരാഷ്ട്ര പ്രശസ്തനായ വന്‍രാജ് ഭാട്ടിയ ശിവപ്രസാദിന്റെ 'വേമ്പനാ'ടെന്ന പാട്ടില്ലാ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും സംഗീതകാരനുമായ വിശാല്‍ ഭരദ്വാജ് ഒരു മലയാള ചിത്രത്തിന് ഈണമിട്ടിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത 'ദയ'യിലെ ഗാനങ്ങള്‍.മോഹന്‍ലാല്‍ നായകനായ 'കീര്‍ത്തിചക്ര'യിലെ പാട്ടുകള്‍ ചെയ്ത ജോഷ്വ ശ്രീധര്‍ തമിഴിലെ തിരക്കുള്ള സംഗീത സംവിധായകനാണ്. 'അന്തിപൊന്‍വെട്ടം' എന്ന സിനിമക്കു സംഗീതം പകര്‍ന്ന അമിത് ത്രിവേദിയും,'സ്നേഹപൂര്‍വം അന്നക്കു താളമിട്ട രാജുസിംഗും ഹിന്ദിയിലെ യുവ സംഗീത സംവിധായകരില്‍ പ്രമുഖര്‍. മലയാളിയാണ് രാജുസിംഗിന്റെ ഭാര്യ.
സലില്‍ ചൌധരിയും ബോംബെ രവിയും ഇളയരാജയും എ ആര്‍ റഹ്മാനും ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. ദേവരാജനും, ബാബുരാജും പോലെ മലയാളികള്‍ക്ക് പ്രിയങ്കരരാണ് ഇവര്‍. 1965ല്‍ 'ചെമ്മീന്‍' മുതല്‍ 1994ല്‍ ഈണം പകര്‍ന്ന 'തുമ്പോളി കടപ്പുറം' വരെ 27 സിനിമകളിലായി പരന്നു കിടക്കുകയാണ് സലില്‍ദായുടെ മാസ്മര സംഗീതം. അതു പോലെ 1986ലെ 'പഞ്ചാഗ്നി' മുതല്‍ 2005ലെ 'മയൂഖം' വരെ അലയടിക്കുന്നു ബോംബെ രവിയുടെ സംഗീത സാഗരം .'യോദ്ധ'യിലെ ഗാനങ്ങള്‍ റഹ്മാന്‍ ഈണം പകര്‍ന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. 1980ല്‍ 'ദൂരം അരികെ' മുതല്‍ 'ഭാഗ്യദേവത'യും 'പഴശ്ശിരാജ'യും വരെ 27 ചിത്രങ്ങള്‍ക്ക് ഇളയരാജ നല്‍കിയ ഈണങ്ങള്‍ മലയാളി ഇപ്പോഴും മൂളുന്നു; സംഗീത സംവിധായകനെ അറിഞ്ഞു തന്നെ.
എങ്കിലും അറിയാത്ത സംഗീത ദേശാടന പക്ഷികള്‍ക്കായി കാതോര്‍ക്കുകയാണ് മലയാളക്കര..... പ്രതീക്ഷയോടെ.

No comments:
Post a Comment