എസ് അജോയ്
കോട്ടയം: വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി കുത്തകകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു മുന്നോടിയായി പ്രീ-സ്ക്കൂള്‍ രംഗം വന്‍കിട ദേശീയ-വിദേശ കുത്തകകള്‍ കൈയടക്കി തുടങ്ങി. എസ്സെല്‍ വേള്‍ഡിന്റെ പ്രീ-സ്ക്കൂള്‍ സംരംഭമായ കിഡ്സ് സീ, ഡെന്‍മാര്‍ക്ക് കമ്പനിയായ എഗ്മോണ്ട് ഇമാജിനേഷന്റെ യൂറോ കിഡ്സ്, ക്യാമലിന്‍ ഗ്രൂപ്പിന്റെ ആല്‍ഫാ കിഡസ്, യാഷ് ബിര്‍ലാഗ്രൂപ്പിന്റെ ഗ്ളോബ് ടോട്ടര്‍, കംഗാരു കിഡ്സ്, ഷെര്‍മോക് സ്ക്കൂള്‍, മദേര്‍സ് പ്രൈഡ് എന്നിവരാണ് ഇന്ത്യന്‍ ശൈശവത്തിനുമേല്‍ ആഗോളീകരണത്തിന്റ നിഴല്‍ വീഴ്ത്തുന്നത്.4000 കോടിയുടെ പ്രീ-സ്ക്കൂള്‍ വിപണിയാണ് വന്‍കിടക്കാരെ മോഹിപ്പിക്കുന്നത്. ഇത് 2012ല്‍ 13800 കോടിയാകുമെന്നാണ് സി എല്‍ എസ് എ ഏഷ്യാ പസഫിക്ക് സര്‍വേ പറയുന്നത്. പ്രതിവര്‍ഷം 28 ശതമാനം വളര്‍ച്ചയുള്ള പ്രീ-സ്ക്കൂള്‍ വിപണി വന്‍കിടക്കാരുടെ കണ്ണിലുണ്ണിയാവുമ്പോള്‍ താമസംവിനാ ചെറുകിട നഴ്സറി സ്ക്കൂളുകള്‍ക്ക് താക്കോല്‍ വീഴുമെന്നുറപ്പാണ്.
സീ ടിവിയുടെ ഉടമസ്ഥരായ എസ്സെല്‍ വേള്‍ഡിന്റെ പ്രീ സ്ക്കൂള്‍ സംരംഭമായ കിഡ്സ് സീ ഇപ്പോള്‍ ചെറുകിട നഗരങ്ങളും ഗ്രാമങ്ങളും ലക്ഷ്യം വെയ്ക്കുകയാണ്. 260 കേന്ദ്രങ്ങളിലായി അവര്‍ക്ക് 550 പ്ളേ സ്ക്കൂളുകളുണ്ട്. മൂന്നു വര്‍ഷം കൊണ്ട് 450 ബ്രാഞ്ചുകള്‍ തുറക്കാനാണ് പരിപാടി. ഡെന്‍മാര്‍ക്ക് കമ്പനിയായ എഗ്മോണ്ട് ഇമാജിനേഷന്റെ യൂറോ കിഡ്സിന്് 160 നഗരങ്ങളിലായി 450 പ്ളേ സ്ക്കൂളുകളുണ്ട്്. കേരളത്തില്‍ ഇവര്‍ക്ക് 10 ഫ്രാഞ്ചൈസികളുണ്ട്. ഇംഗ്ളണ്ട് ആസ്ഥാനമായുള്ള മോഡേണ്‍ മോണ്ടിസോറി ഇന്റര്‍ നാഷണല്‍ ഇന്ത്യയിലെ രവി ജയ്പുര ഗ്രൂപ്പുമായി ചേര്‍ന്ന് 200 കോടിയുടെ കരാറിലെത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രധാന നഗരങ്ങളില്‍ സ്ക്കൂളുകള്‍ തുടങ്ങാനാണ് പരിപാടി. ഇവരില്‍ പലരും പ്ളസ് ടു വരെയുള്ള സ്ക്കൂളുകളും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ സ്വകാര്യ സ്ക്കൂള്‍ മേഖലയും ഇവര്‍ സ്വന്തമാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ഭയക്കുന്നു.
സ്വകാര്യ ഇക്യുറ്റി ഫണ്ട് മാനേജര്‍മാര്‍ പ്രീ സ്ക്കൂളുകളില്‍ വന്‍തോതില്‍ പണം മുടക്കുന്നുണ്ട്. ഇത്തരം സ്വകാര്യ മാനേജ്മെന്റ് സ്ക്കൂളുകളുടെ വന്‍ ലാഭമാണ് ഫണ്ട് മാനേജര്‍മാരെ ആകര്‍ഷിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് ലാഭം തിരിച്ചു പിടിക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കഴിയുന്നു. മാട്രിക്സ് പാര്‍ട്ട്നേഴ്സ് എന്ന കമ്പനി ട്രീ ഹൌസ് എജ്യൂക്കേഷന്‍ പ്രീ-സ്ക്കൂള്‍ ഗ്രൂപ്പില്‍ 30 കോടി നിക്ഷേപിച്ചിരുന്നു. യൂറോ കിഡ്സിന്റെ 50 ശതമാനം ഓഹരികള്‍ 37 കോടിക്കാണ് എഡ്യു കോബ് സൊല്യൂഷന്‍സ് വാങ്ങിയത്. മദേഴ്സ് പ്രൈഡ് അല്‍മോഡ്സ് ഗ്ളോബല്‍ സെക്യൂരിറ്റീസുമായി കരാറിലെത്തി.
പെട്ടന്ന് ലാഭമുണ്ടാക്കാന്‍ കഴിയുന്ന, സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത മേഖലയാണ് വിദ്യാഭ്യാസമെന്ന് ഓഹരി വിപണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ രംഗത്ത് വ്യക്തമായ നിയന്ത്രണങ്ങളില്ലാത്തത് ഫണ്ട് മാനേജര്‍മാര്‍ക്ക് പ്രോല്‍സാഹനമാകുന്നുണ്ട്. പണം നിക്ഷേപിച്ച് വേണ്ട സമയത്ത് ലാഭവുമായി നിയന്ത്രണമൊന്നുമില്ലാതെ പോകാം. സര്‍ക്കാര്‍ വിഹിതം കുറച്ച് സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമം വിദ്യാഭ്യാസമേഖലയിലെ ഇത്തരക്കാരുടെ കയ്യിലെത്തിക്കും.
ഇപ്പോള്‍ പ്രതിവര്‍ഷം 60,000 രൂപവരെ ഫീസായി നല്‍കാന്‍ കഴിയുന്ന മാതാപിതാക്കളെയാണ് ലക്ഷ്യമിടുന്നത്. നഗര ജനസംഖ്യയില്‍ 18 ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രീ-സ്ക്കൂളിലെത്തുന്നത എന്നാണ് കണക്കുകള്‍. എന്നാല്‍ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രീ-സ്ക്കൂള്‍ കുത്തകകള്‍ എത്തുന്നതോടെ സാധാരണക്കാരെയും ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഇവര്‍ ആവിഷ്ക്കരിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം 2കോടി കുട്ടികള്‍ ജനിക്കുന്നു. ഇതിന്റെ രണ്ടു ശതമാനം മാത്രം ലക്ഷ്യം വെച്ചാലുമുണ്ടാകുന്ന വലിയ വിപണി കുത്തകകളെ വല്ലാതെ മോഹിപ്പിക്കുന്നുവെന്നു വ്യക്തം.

No comments:
Post a Comment