എസ് അജോയ്
പ്രഗല്‍ഭനായ തിരക്കഥാകൃത്തും ഗാനരചയിതാവുമൊക്കെയാണ് തമിഴ്നാട് മുഖമന്ത്രി മുത്തുവേല്‍ കരുണാനിധി. സാമൂഹ്യപരിഷ്്ക്കരണം ലക്ഷ്യമിട്ട് അമ്പതുകളില്‍ അദ്ദേഹം തൂലിക ചലിപ്പിച്ച 'പ്രജാശക്തി"പണം''തങ്കരത്നം' തുടങ്ങിയ സിനിമകള്‍ അക്കാലത്ത് തമിഴ്നാട്ടിലെ യാഥാസ്തിഥിക കോട്ടകൊത്തളങ്ങളില്‍ വലിയ വിസ്ഫോടനമാണുണ്ടാക്കിയത്. അവിടെ നിന്നായിരുന്നു കരുണാനിധിയെന്ന രാഷ്ട്രീയക്കാരന്റെ തുടക്കം.
ഇന്ത്യന്‍ സിനിമയുടെ ഏറ്റവും പുതിയ വര്‍ത്തമാനമാണ് രജനീകാന്ത് നായകനാവുന്ന 'യന്തിരന്‍'. 250 കോടി ചെലവഴിച്ച് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സണ്‍ പിക്ചേഴ്സ് ആണ്. ടെലിവിഷന്‍ രംഗത്തും വ്യോമയാന രംഗത്തും എല്ലാം സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത കലാനിധിമാരന്റെ ആദ്യ തമിഴ് ചിത്രമാണ് 'യന്തിരന്‍'. ദയാനിധി മാരന്റെ പിതാവ് മുന്‍ കേന്ദ്രമന്ത്രി മുരസൊലി മാരന്‍ കരുണാനിധിയുടെ സഹോദരിയുടെ മകനും. ഇതുവരെ സിനിമാ വിതരണ രംഗത്തു മാത്രം ഒതുങ്ങിനിന്ന സണ്‍ പിക്ചേഴ്സ് നിര്‍മ്മാണ രംഗത്തേക്കുള്ള ആദ്യകാല്‍വയ്പ്പാണിത്.
ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ കമല്‍ഹാസനെ നായാനാക്കി 'മന്മഥ അമ്പ്' എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തിന്റെ റെഡ് ജയിന്റ് മൂവീസ് ഇതിനകം ശ്രദ്ധേയമായ ഏതാവും ചിത്രങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അടുത്തയിടെ പുറത്തിറങ്ങിയ'മദിരാസപട്ടണം' വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. ഗജനിഫെയിം മുരുകദോസ്സിനെയും സൂര്യയെയും വീണ്ടും ഒന്നിപ്പിക്കുന്ന പുതിയ പദ്ധതിയും ഉദയനിധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ചിത്രത്തില്‍ അഭിനയിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറയുന്നു.
കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയും നിര്‍മ്മാതാവാണ്. ക്ളൌഡ് നയന്‍ ഫിലിംസിന്റെ ബാനറില്‍ ദയാനിധി നിര്‍മ്മിച്ച 'തമിഴ് പടം' ഏറെ ശ്രദ്ധേയമായിരുന്നു. ഇദ്ദേഹവും സിനിമയില്‍ അഭിനയിക്കാന്‍ ഏറെ തല്‍പ്പരന്‍.
'വംശം' എന്ന സിനിമയില്‍ നായകനാണ് കരുണാനിധിയുടെ മറ്റൊരു മകനായ തമിഴരശിന്റെ മകന്‍ അരുള്‍നിധി. അരുള്‍നിധി അഭിനയിച്ച 'വംശം'സംവിധാനം ചെയ്തത് 'പസിംഗ'യിലുടെ പ്രശസ്തനായ പാണ്ടിരാജാണ്. കരുണാനിധിയുടെ മൂത്തമകന്‍ മുത്തുവിന്റെ മകന്‍ അറിവുനിധി അറിയപ്പെടുന്ന പാട്ടുകാരനാണ്.
ഇതെല്ലാം പോരാഞ്ഞ് തെക്കേയിന്ത്യയിലെ ഏറ്റവും വലിയ ചാനല്‍ ഗ്രൂപ്പായ സണ്‍ നെറ്റ് വര്‍ക്ക് കലാനിധിമാരന്റേതാണ്. സണ്‍ ഡിടിഎച്ചും തെക്കേയിന്ത്യയിലെ പ്രമുഖ സാനിധ്യവും.
തമിഴ് സിനിമയെ കരുണാനിധിയുടെ കുടുംബം വിഴുങ്ങുന്നത് ആശങ്കയോടെയാണ് ഒരു വിഭാഗം സിനിമാക്കാര്‍ കാണുന്നത്.ഇതു ശരിയായ പ്രവണതയല്ലെന്നു ആദ്യം തുറന്നു പറഞ്ഞത് പ്രശസ്ത നടന്‍ ശരത്കുമാര്‍. പലര്‍ക്കും ഇതേ അഭിപ്രായമുണ്ടെങ്കിലും തുറന്നു പറയാന്‍ മടി. അധികാരകേന്ദ്രത്തിന്റെ അപ്രീതി സമ്പാദിക്കാന്‍ ആരാണ് തയ്യാറാവുക? തമിഴ് സിനിമയില്‍ ഇപ്പോള്‍ കാണുന്ന പുതുവസന്തത്തിന്റെ അന്തകരാവും ഇവരെന്നും ഒരു വിഭാഗം പറയുന്നു. സിനിമ കുത്തകയായാല്‍ കച്ചവടം മാത്രം ലക്ഷ്യമിടുമെന്നും നല്ല സിനിമ മരിക്കുമെന്നും കാലം തെളിയിച്ചതാണ്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് ഇവര്‍ സിനിമയെ ഉപയോഗിക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. സിനിമയെ കുത്തകയാക്കി വയ്ക്കുന്നവര്‍ തന്നെ രാഷ്ട്രീയ ലാഭത്തിനായി സിനിമയെ ഉപയോഗിച്ചാല്‍ തമിഴ് സിനിമയുടെ സ്ഥാനം പാതാളത്തിലാവും.


No comments:
Post a Comment