Saturday, March 26, 2011

ഈ കുട്ടി സ്രാങ്ക് മാന്ത്രികനാണോ?


എസ് അജോയ്

മാന്ത്രികനായ കുട്ടിസ്രാങ്കിനു മരണമുണ്ടോ? മാജിക്ക് അറിയില്ലെങ്കിലും അയാള്‍ ചിലരുടെയൊക്കെ മനസില്‍ മാന്ത്രികനാണ്. ഒറ്റപ്പെടുന്ന ചിലരുടെ മനസിലെ മാന്ത്രികന്‍. മാജിക്കല്‍ റിയലിസം അതിന്റെ എല്ലാ സൌന്ദര്യത്തോടും കൂടി പീലി വിടര്‍ത്തിയാടുകയാണ് 'കുട്ടിസ്രാങ്കി'ല്‍. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കൃതികളിലൂടെ മലയാളിക്കു പ്രിയങ്കരമായ ആ സങ്കേതം ദ്യശ്യാനുഭവമാക്കുകയാണ് ഷാജി എന്‍ കരുണ്‍. ദുര്‍ഗ്രാഹ്യതയില്ലാതെ കുട്ടിസ്രാങ്കിന്റെയും അയാളുടെ ജീവിതത്തിലേക്കു വന്ന മൂന്നു പെണ്‍കുട്ടികളുടെയും കഥ പറയുന്ന ഷാജി ഇതുവഴി മൂന്നു ദേശങ്ങളും മൂന്നു സംസ്ക്കാരങ്ങളും വരച്ചു കാട്ടുന്നു.
കുട്ടിസ്രാങ്കിന്റെ മരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. ഈ മരണത്തിനു അഞ്ചു വ്യാഖ്യാനങ്ങളാണ്. രേവമ്മ,പെമേന,കാളിഎന്നീ സ്ത്രീകള്‍ക്കു പറയാനുള്ളത് വ്യത്യസ്തങ്ങളായ കഥകളാണ്. കേസന്വേഷിക്കുന്ന പൊലീസുകാരന് പറയാനുള്ളത് മറ്റൊന്നാണ്. എന്നാല്‍ ഇതെല്ലാം ശരി, അല്ലെങ്കില്‍ തെറ്റ് എന്നു പറയാതെ പറയുന്ന സംവിധായകന്റെ വ്യാഖ്യാനം. മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ വിന്യാസമാണ് ഇവിടെ.
ഒറ്റപ്പെടലാണ് സ്രാങ്കിന്റെ ജീവിതം. സ്വന്തം പേരറിയില്ല. നാടറിയില്ല. മാതാപിതാക്കളെ അറിയില്ല. ഒറ്റപ്പെടുമ്പോഴാണ് ഒറ്റപ്പെടലിന്റെ വേദന ശരിക്കും മനസിലാകുന്നതെന്ന് സിനിമയിലൊരിടത്ത് കുട്ടിസ്രാങ്ക് പറയുന്നുണ്ട്. ആദ്യമൊരു മൂപ്പന്‍, പിന്നെയൊരു നാട്ടു പ്രമാണി..... സ്രാങ്ക് ആശ്രയിക്കുന്നവര്‍ അയാളെ മനസിലാക്കുന്നില്ല. ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുന്നു.
എന്നാല്‍ അങ്ങനെയല്ല ആവശ്യപ്പെടാതെ തന്നെ അയാളുടെ ജീവിതത്തിലേക്കു വന്ന മൂന്നു സ്ത്രീകള്‍. രേവമ്മ, പമേല, കാളി. ഈ മൂന്നു പെണ്ണുങ്ങള്‍ക്കും അയാള്‍ മൂന്നു തരം ആശ്രയമാണ്. രേവമ്മയെ കാണുമ്പോള്‍ താനിതുവരെ കാണാത്ത അമ്മയെ ഓര്‍മ്മ വരുമെന്ന് കുട്ടി സ്രാങ്ക് പറയുന്നുണ്ട്. പമേലയെ അയാള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് സിനിമയില്‍ സൂചനയുണ്ട്. പിന്നെ ഭാര്യയായ കാളി. മിണ്ടാപ്രാണിയായ അവളെ വഞ്ചിക്കാന്‍ കഴിയാത്തതുകൊണ്ടാവണം ആ ബന്ധത്തെപ്പറ്റി കുട്ടിസ്രാങ്ക് പമേലയോട് തുറന്നു പറയുന്നത്.
സ്രാങ്ക് മരിച്ചോ ഇല്ലയോ എന്ന വിധി പ്രേക്ഷകനു വിട്ടാണ് സിനിമ തീരുന്നത്. അയാള്‍ മരിച്ചില്ലെന്ന് കാളി ഉറപ്പിച്ചു പറയുന്നു.എന്നാല്‍ കാളിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് സ്രാങ്കാണെന്ന് ബുദ്ധ സന്യാസിനിയായ രേവമ്മ വിശ്വസിക്കുന്നു. മരിച്ചു പോയ കാമുകനു വേണ്ടി ജയിലില്‍ പോകുന്ന പമേല ആ ത്യാഗത്തിലാണു കാമുകന്റെ അമരത്വം കാണുന്നത്.
മമ്മൂട്ടിയുടെ പ്രകടനം ആരെയും അതിശയിപ്പിക്കുന്നതാണ്. വികാരങ്ങള്‍ ഒതുക്കി ശരീരചലനങ്ങളെയും നിയന്ത്രിച്ചുള്ള അഭിനയം ഈ നടനില്‍ വ്യത്യസ്തമായ ഒരുപാട് സാധ്യതകള്‍ ഇനിയുമുണ്ടെന്നു നമുക്കു മനസിലാക്കിത്തരുന്നു. രേവമ്മയായി വരുന്ന പത്മപ്രിയ, പമേലയായി വരുന്ന ബംഗാളി നടി കമാലിനി മുക്കര്‍ജി, കാളിയായി വരുന്ന ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കുട്ടിസ്രാങ്കിലെ ഒരു അഭിനേതാവും മോശമായ പ്രകടനം കാഴ്ച വെച്ചിട്ടില്ലെന്നത് സംവിധായകന്റെയുംകൂടി മികവായി കാണാം.
1950 കാലഘട്ടത്തിലാണ് സിനിമ ഇതള്‍ വിടരുന്നത്. ആ കാലഘട്ടം വ്യക്തമാക്കുന്ന ശബ്ദവിന്യാസവുമായി സൌണ്ട് എഞ്ചിനീയര്‍ കൃഷ്ണന്‍കുട്ടി അസാധ്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതുപോലെ മലയാളത്തില്‍ ആദ്യമായി വനിതാ സിനിമോട്ടോഗ്രാഫറുടെ കാഴ്ചയില്‍ വിരിയുന്ന സിനിമയാണ് കുട്ടിസ്രാങ്ക്. സന്തോഷ് ശിവന്റെ കൂടെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അഞ്ജലി ഗുപതയാണ് ഈ ചിത്രത്തിലെ മനോഹരദ്യശ്യങ്ങള്‍ക്ക് കാമറ ചലിപ്പിച്ചത്. ഐസക്ക് കൊട്ടുകാപ്പള്ളിയുടെ സംഗീതവും എടുത്തു പറയേണ്ടതാണ്. പിഎഫ് മാത്യൂസും പത്രപ്രവര്‍ത്തകനായ ഹരികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
സംവിധായകന്‍ കഥ പറയുന്നത് സത്യസന്ധമായാണ്. ഭാവനകളെ അദ്ദേഹം സ്വതന്ത്രമായി മേയാന്‍ വിടുന്നു.പൌരുഷത്തിന്റെ ആള്‍ രൂപമാണ് സ്രാങ്ക്. മൂന്നു പെണ്‍മനസുകള്‍ക്ക് അയാള്‍ താങ്ങാണ്. എന്നാല്‍ അവരില്‍ നിന്ന് അയാള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ഉത്തരം പറയേണ്ടത് സ്രാങ്കല്ല.....നമ്മള്‍ തന്നെ. തീര്‍ച്ചയായും ഒരു ഉത്തരം സ്വന്തം ജീവിതത്തില്‍ നിന്ന് നമുക്ക് കണ്ടെത്താം.... മാന്ത്രികനായ സ്രാങ്കിനു വേണ്ടി.

1 comment:

  1. ഇപ്പോഴാണ് താങ്കളുടെ ബ്ലോഗ് കാണുന്നത്. കുട്ടിസ്രാങ്ക് കണ്ടിരുന്നു, പക്ഷെ അത്ര ഇമ്പ്രസ്സീവ് ആയി തോന്നിയിരുന്നില്ല. ഒരു പക്ഷെ നമ്മുടെ നിലവാരമായിരിക്കും പ്രശ്നം! ;)(ഈ വേഡ് വെരിഫിക്കേഷന്‍ എടുത്തു കള.)

    ReplyDelete